മധ്യപ്രദേശില്‍ ബി എസ് പിയുമായി സഖ്യത്തിന് കോണ്‍ഗ്രസ്

Posted on: May 29, 2018 6:23 am | Last updated: May 29, 2018 at 12:28 am

ബെംഗളൂരു: കര്‍ണാടക മാതൃകയില്‍ ബി ജെ പി വിരുദ്ധ വിശാല സഖ്യം രാജ്യത്തുടനീളം യാഥാര്‍ഥ്യമാക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി എസ് പിയുമായി സഖ്യമുണ്ടാക്കാന്‍ നീക്കമുണ്ട്. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞക്കെത്തിയ സോണിയാ ഗാന്ധിയും മായാവതിയും ഇത് സംബന്ധിച്ച കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയും ജനദ്രോഹ നയങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി ജെ പിയെയും മതേതര കക്ഷികളുടെ ഏകീകരണത്തിലൂടെ അധികാരത്തില്‍ നിന്ന് മാറ്റുകയെന്നതാണ് അജന്‍ഡ. രാജ്യവ്യാപകമായി ഇത്തരത്തില്‍ വിശാല സഖ്യം രൂപപ്പെടുത്തുകയെന്നതിനാണ് കോണ്‍ഗ്രസ് അടുത്തതായി പ്രാമുഖ്യം നല്‍കുന്നതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി സിറാജിനോട് പറഞ്ഞു. ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ വിവിധ തലങ്ങളിലായി നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ ബി ജെ പി അധികാരത്തിലെത്തുന്നത് ഇല്ലാതാക്കാന്‍ സോണിയാ ഗാന്ധി മുന്‍കൈയെടുത്ത് കോണ്‍ഗ്രസ്- ജനതാദള്‍ എസ് സഖ്യം രൂപവത്കരിച്ചതോടെയാണ് രാജ്യവ്യാപകമായി ഇതിനുള്ള സാധ്യതകള്‍ തെളിഞ്ഞുവന്നത്. പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം അണിനിരന്ന കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് സഖ്യനീക്കങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നിട്ടുണ്ട്.

കര്‍ണാടകയുടെ ചുവട് പിടിച്ച് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാല്‍ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സഖ്യത്തിന് നേതൃത്വം നല്‍കുക കോണ്‍ഗ്രസ് തന്നെയായിരിക്കുമെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കിയിട്ടുണ്ട്.

ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസിന്റെ 84-ാം പ്ലീനറി സമ്മേളനത്തില്‍ ബി ജെ പിക്കെതിരെ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ വ്യക്തമാക്കുന്ന രാഷ്ട്രീയ പ്രമേയത്തില്‍ ഇത്തരമൊരു സഖ്യത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു. എല്ലാ പാര്‍ട്ടികളും ബി ജെ പിക്കെതിരെ ഒന്നിച്ചുനില്‍ക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം.

സമാനചിന്താഗതിക്കാരായ രാഷ്ട്രീയപാര്‍ട്ടികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച വേണമെന്നും പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ സഖ്യരൂപവത്കരണം സാധ്യമാക്കണമെന്നുമായിരുന്നു രാഷ്ട്രീയ പ്രമേയം മുന്നോട്ടുവെച്ചത്.

ഫാസിസ്റ്റ് ശക്തികളെ നേരിടാന്‍ വിശാല സഖ്യം വേണമെന്ന നിലപാട് തന്നെയാണ് സി പി ഐക്കുമുള്ളത്. ബി ജെ പി അധികാരത്തില്‍ വരുന്നത് ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുമായി കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് ഡല്‍ഹിയില്‍ ചേര്‍ന്ന സി പി ഐ നിര്‍വാഹക സമിതി യോഗവും സ്വീകരിച്ചത്. സഖ്യ രൂപവത്കരണത്തിന്റെ ഭാഗമായി എന്‍ സി പി, എസ് പി, ബി എസ് പി, ആര്‍ ജെ ഡി, ഡി എം കെ എന്നീ കക്ഷികളെ ഒരു കൂടെകൂട്ടാനാണ്് കോണ്‍ഗ്രസ് നീക്കം.