പോലീസ് അതിക്രമങ്ങളും വീഴ്ചകളും സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നു

Posted on: May 29, 2018 6:07 am | Last updated: May 28, 2018 at 11:35 pm

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തിന് കറയുണങ്ങും മുമ്പേ കോട്ടയത്തുണ്ടായ ദുരഭിമാനക്കൊലയിലും പോലീസ് വീഴ്ച ബോധ്യമായതോടെ ആഭ്യന്തരവകുപ്പ് പ്രതിരോധത്തില്‍. പോലീസിനുണ്ടാകുന്ന നിരന്തര വീഴ്ചകള്‍ സര്‍ക്കാറിന് തന്നെ വലിയ തലവേദനയാകുകയാണ്. വാരപ്പുഴ കസ്റ്റഡി മരണവും കോവളത്തെ വിദേശ വനിതയുടെ കൊലപാതകവും തൃശൂര്‍ പാവറട്ടി പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദനത്തിന് വിധേയനായി വിനായകനെന്ന ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവവും അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന മധുവിന്റെ കൊലപാതകവുമെല്ലാം പോലീസ് നിഷ്‌ക്രിയത്വം ബോധ്യപ്പെടുത്തിയ സംഭവങ്ങളായിരുന്നു. ജിഷ്ണു പ്രണോയിയുടെ അമ്മയെ നടുറോഡില്‍ തടഞ്ഞ സംഭവം വലിയ നാണകേടുണ്ടാക്കി. എടപ്പാളിലെ സിനിമാ തിയറ്ററില്‍ ബാലികയെ പീഡിപ്പിച്ച വ്യവസായിയെ രക്ഷിക്കാന്‍ നടത്തിയ ശ്രമവും ആഭ്യന്തരവകുപ്പിനെ ഏറെ പഴികേള്‍പ്പിച്ചു. കെവിന്‍ എന്ന നവവരനെ തട്ടിക്കൊണ്ടുപോയ ശേഷം പോലീസിന് 16 മണിക്കൂര്‍ സമയമുണ്ടായിരുന്നു. എന്നാല്‍ അന്വേഷണം നടത്താത്തത് കെവിന്റെ കൊലപാതകത്തില്‍ കലാശിച്ചു. ഇപ്പോള്‍ കെവിന്റെ കൊലപാതകത്തിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ് പോലീസ്.

പാതിരാക്ക് ഒരു കയര്‍ത്തുമ്പില്‍ ജീവനൊടുക്കാന്‍ 19കാരന്‍ വിനായകനെന്ന ദളിത് യുവാവ് തീരുമാനിച്ചത് വെറുതെയായിരുന്നില്ല. ചെയ്യാത്ത കുറ്റത്തിന് പോലീസില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന ക്രൂരമായ പീഡനം അത്ര മാത്രം അവന്റെ മനസ്സും ശരീരവും തകര്‍ത്തിരുന്നു. രണ്ട് ആണ്‍കുട്ടികള്‍ റോഡരികില്‍ നിന്ന് കൂട്ടുകാരിയോട് സംസാരിച്ചു എന്ന ‘ഗുരുതര’ കുറ്റകൃത്യത്തിനാണ് വിനായകിനെയും കൂട്ടുകാരന്‍ ശരത്തിനെയും പാവറട്ടി പോലീസ് സ്‌റ്റേഷനിലെ പോലീസ് കോണ്‍സ്റ്റബിള്‍ ശ്രീജിത്ത് കസ്റ്റഡിയിലെടുത്തത്. സ്‌റ്റേഷനിലെത്തിയ വിനായക് മാല മോഷ്ടാവ് തന്നെയെന്ന് ഉറപ്പിക്കാന്‍ അവന്‍ മുടി നീട്ടി വളര്‍ത്തുകയും കണ്ണെഴുതുകയും ചെയ്തു എന്ന തെളിവ് ജി ഡി ചാര്‍ജുള്ള ഉദ്യോഗസ്ഥന്‍ കെ സാജന് ധാരാളമായിരുന്നു. എസ് ഐ. അരുണ്‍ ഷായുടെ സാന്നിധ്യത്തില്‍ വിനായകിനെ ക്രൂരമായി തല്ലിച്ചതച്ചും ഭീഷണിപ്പെടുത്തിയും തലേന്നത്തെ മാല മോഷണക്കുറ്റം തെളിയിക്കാനായിരുന്നു സാജന്റെ പിന്നീടുള്ള പരിശ്രമം. സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ വിനായകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

വീടാക്രമിച്ചെന്ന പേരില്‍ എസ് പിയുടെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മര്‍ദനത്തെ തുടര്‍ന്ന് മരിക്കുന്നു. ക്രൂരമായ മര്‍ദനമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. പോലീസുകാരെയും എസ് ഐയെയും സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് ഇവരെ അറസ്റ്റു ചെയ്തു. എസ് പി, എ വി ജോര്‍ജും ആരോപണവിധേയനായി. എസ് പിയെ സസ്‌പെന്‍ഡ് ചെയ്തു. ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം സംസ്ഥാനത്ത് വന്‍ കോളിളക്കമുണ്ടാക്കി.

കോവളത്ത് വിദേശ വനിതയെ കാണാതായ സംഭവവും പിന്നീട് അവരുടെ കൊലപാതകവും പോലീസിനു നാണക്കേടായി. ഭര്‍ത്താവും സഹോദരിയും പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം നടന്നില്ല. ഒരു മാസത്തിനു ശേഷം അവരുടെ മൃതശരീരം കണ്ടെത്തുന്നു. വിദേശ വനിത ക്രൂരമായ മാനഭംഗത്തിന് ഇരയായി എന്ന വിവരവും ഞെട്ടലോടെയാണ് കേരള സമൂഹം കേട്ടത്.

ആലപ്പുഴ കഞ്ഞിക്കുഴി കുത്തക്കര വീട്ടില്‍ ഷേബുവും ഭാര്യ സുമിയും രണ്ട് മക്കളും ബൈക്കില്‍ പോകുമ്പോള്‍ ഹൈവേ പോലീസ് കൈകാണിക്കുന്നു. നിര്‍ത്താതെ പോയതിനെത്തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്നു. ഷേബുവിന്റെ ബൈക്കിനു കുറുകെ പോലീസ് വാഹനം ഇട്ടതിനെത്തുടര്‍ന്ന് ബൈക്കില്‍ മറ്റൊരു ബൈക്കിടിച്ച് യാത്രക്കാരായ ബിച്ചുവും സുമിയും മരിച്ചു. ഹൈവേ പൊലീസിനെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമിച്ചെങ്കിലും പിന്നീട് എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു.

ഗവര്‍ണര്‍ക്ക് വഴിയൊരുക്കാന്‍ നിന്ന പോലീസ് ഉദ്യോഗസ്ഥന്‍ കാര്‍ യാത്രികന്റെ മൂക്ക് ഇടിച്ചുപൊട്ടിച്ചു. കാര്‍ റോഡിനോടു ചേര്‍ന്ന് ഒതുക്കി നിര്‍ത്തിയില്ലെന്നാരോപിച്ചാണ് മര്‍ദിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് എ എസ് ഐ. ബെന്നി വര്‍ഗീസിനെ സ്ഥലംമാറ്റി.

പോലീസിനെപ്പറ്റി ഉപദേശം നല്‍കാന്‍ മുഖ്യമന്ത്രിക്ക്്് ഉപദേശകനുണ്ടെങ്കിലും സംസ്ഥാനത്ത്് പോലീസ് അതിക്രമങ്ങളും വീഴ്ചകളും ആവര്‍ത്തിക്കുന്നത്് നിത്യസംഭവമായി മാറിയിരിക്കുന്നു.