ബസില്‍ വ്യാപക പരിശോധന; കാര്‍ഡില്ലാത്തവര്‍ക്ക് 200 ദിര്‍ഹം പിഴ

Posted on: May 28, 2018 9:22 pm | Last updated: May 29, 2018 at 10:59 pm

അബുദാബി: റോഡ് ട്രാന്‍സ്പോര്‍ട് ഡിപ്പാര്‍ട്‌മെന്റിന് കീഴിലെ ബസ്സുകളില്‍ ഹാഫിലാത്ത് കാര്‍ഡില്ലാതെ യാത്ര ചെയ്ത നിരവധി യാത്രക്കാര്‍ക്ക് പിഴ ലഭിച്ചു. കാര്‍ഡില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടിയാല്‍ ഒന്നാം ഘട്ടത്തില്‍ 200 ദിര്‍ഹമാണ് പിഴ ചുമത്തുന്നത്. വീണ്ടും നിയമലംഘനം നടത്തി പിടികൂടിയാല്‍ 500 ദിര്‍ഹം പിഴ ലഭിക്കും. കാര്‍ഡില്‍ നിശ്ചിത തുകയില്ലാതെ യാത്ര ചെയ്യുന്നവര്‍ക്കും 200 ദിര്‍ഹം പിഴ ലഭിക്കുന്നതാണ്. മറ്റൊരു യാത്രക്കാരന്റെ ഹാഫിലാത്ത് കാര്‍ഡ് ഉപയോഗിച്ചാലും 500 ദിര്‍ഹം പിഴ ലഭിക്കും. പൊതു ഗതാഗത വകുപ്പിന്റെ പരിഷ്‌കരിച്ച പട്ടികയില്‍ 25 നിയമലംഘനങ്ങള്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സഞ്ചരിക്കുന്ന ബൈക്കുകള്‍, വളര്‍ത്തുമൃഗങ്ങള്‍, ഭക്ഷണപദാര്‍ഥങ്ങള്‍, പുകവലി, മയക്കുമരുന്നുകള്‍, പൊതുസ്വത്തുക്കള്‍ നശിപ്പിക്കുന്നവ മുതലായവ പിടികൂടിയാല്‍ 200 മുതല്‍ 2000 വരെ പിഴ ലഭിക്കും. സ്വന്തം ബസ് കാര്‍ഡുകള്‍ വില്‍ക്കുന്ന യാത്രക്കാര്‍ക്ക് 500 ദിര്‍ഹം പിഴ ലഭിക്കും. അബുദാബി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അബുദാബി നഗരത്തിലും നഗരത്തിന് പുറത്ത് അല്‍ ഐന്‍, ശഹാമ, ബനിയാസ്, മുസഫ്ഫ, സംഹ, റഹബ, ദഫ്‌റ മേഖല തുടങ്ങിയ ഹര്‍ബന്‍ മേഖലകളിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ഹാഫിലാത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. മുമ്പ് ബസ്സില്‍ ഡ്രൈവറുടെ കയ്യില്‍ നിന്ന് ടിക്കറ്റ് ലഭിക്കുന്ന സമ്പ്രദായമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നിര്‍ത്തലാക്കി. നഗരത്തിന് അകത്തും പുറത്തും കാര്‍ഡ് പരിശോധനക്കായി നിരവധി പരിശോധകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അബുദാബി എമിറേറ്റില്‍ പുതിയ ബസ് യാത്രാ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നടപടി കര്‍ശനമാക്കിയത്. ബസ്സില്‍ പരിശോധന കര്‍ശനമാക്കിയത് അനധികൃത യാത്ര ചെയ്യുന്നവരുടെ എണ്ണം തടയാന്‍ സഹായിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ പ്രാദേശിക റൂട്ടുകളില്‍ രണ്ട് ദിര്‍ഹമും സബര്‍ബന്‍ റൂട്ടുകളില്‍ ഓരോ അധിക കിലോമീറ്ററിലും 5 ഫില്‍സുമാണ് നിരക്ക് നല്‍കേണ്ടത്. ഇന്റര്‍സിറ്റി റൂട്ടുകളില്‍ മിനിമം പത്ത് ദിര്‍ഹമില്‍ തുടങ്ങി ഓരോ കിലോമീറ്ററിനും 10 ഫില്‍സ് കൂടുതലായി നല്‍കണം. കൂടാതെ, 55 വയസിനു മുകളില്‍ പ്രായമുള്ളവരും 10 വയസ്സിന് താഴെയുള്ളവരുമായവര്‍ക്കും ഇപ്പോള്‍ പ്രാദേശിക, സബര്‍ബന്‍ ബസ്സുകളില്‍ സൗജന്യമായി യാത്രചെയ്യാം. ഇന്റര്‍സിറ്റി റൂട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ പതിവ് നിരക്കില്‍ പകുതി നല്‍കണം. പ്രത്യേക ഇളവിന് അര്‍ഹരായ മുതിര്‍ന്ന പൗരന്മാര്‍ ആനുകൂല്യം ലഭിക്കുന്നതിന് ഹാഫിലാത്ത് കാര്‍ഡിനായി എമിറേറ്റിലെ ഏതെങ്കിലും ബസ് സ്റ്റേഷനില്‍ അപേക്ഷിക്കാവുന്നതാണ്. പാസ്‌പോര്‍ട്ട് കോപ്പിയോ അല്ലെങ്കില്‍ എമിറേറ്റ് ഐഡിയോ നല്‍കണം. കൂടാതെ പാസ്‌പോര്‍ട്ട് ഫോട്ടോയും അഞ്ചു ദിര്‍ഹം രജിസ്‌ട്രേഷന്‍ ഫീസും നല്‍കണം. കുട്ടികള്‍ക്ക് കാര്‍ഡിനായി അപേക്ഷിക്കേണ്ടതില്ല, എന്നാല്‍ 12 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കൊപ്പം ഒരു രക്ഷിതാവ് ഉണ്ടായിരിക്കണം, കുട്ടിയുടെ പ്രായപൂര്‍ത്തിയായ രേഖ പരിശോധകര്‍ ആവശ്യപ്പെട്ടാല്‍ തെളിയിക്കണം, അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം, പ്രധാന ബസ് ടെര്‍മിനല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഹാഫിലാത്ത് കാര്‍ഡുകള്‍ വാങ്ങാന്‍ കഴിയും. 135 റൂട്ടുകളിലായി നിലവില്‍ 547 പബ്ലിക് ബസ്സുകളാണ് എമിറേറ്റില്‍ സര്‍വീസ് നടത്തുന്നത്.