മകനെ തേടിയെത്തിയ ഗുണ്ടകള്‍ ഗൃഹനാഥനെ വെട്ടിക്കൊന്നു

Posted on: May 28, 2018 8:47 am | Last updated: May 28, 2018 at 9:33 am

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഗൃഹനാഥനെ ഗുണ്ടകള്‍ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. ഇരിങ്ങാലക്കുട മൊന്തച്ചാലില്‍ വിജയന്‍(58) ആണ് കൊല്ലപ്പെട്ടത്. വിജയന്റെ മകന്‍ വിനീതിനെ തേടിയെത്തിയ ഗുണ്ടകള്‍ വിജയനെ വെട്ടിക്കൊല്ലുകയായിരുന്നു. വിനീതിനെ കിട്ടാത്തതിന്റെ വൈരാഗ്യത്തിലാണ് വിജയനെ കൊലപ്പെടുത്തിയത്.

ഇന്നലെ അര്‍ധരാത്രിയില്‍ മൂന്ന് ബൈക്കുകളിലായി എത്തിയ അക്രമി സംഘം വീട്ടില്‍ അതിക്രമിച്ചുകയറി വിജയനെ വെട്ടുകയായിരുന്നു. തടുക്കാന്‍ ശ്രമിച്ച ഭാര്യ അംബികക്കും വെട്ടേറ്റു. സംഭവത്തിനിടെ, അംബികയുടെ അമ്മ കൗസല്യക്ക് വീണ് പരുക്കേറ്റു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ വിജയന്‍ മരിച്ചു. ഞായറാഴ്ച വൈകീട്ട് ഇരിങ്ങാലക്കുട ടൗണ്‍ഹാളിന് സമീപത്ത് വെച്ച് വിനീതും ഗുണ്ടകളും തമ്മില്‍ വാക്തര്‍ക്കം ഉണ്ടായിരുന്നുവത്രേ. ഇതിന്റെ പകയാകാം ആക്രമണത്തിന് പിന്നിലെന്നാണ് പ്രഥമിക നിഗമനം. അക്രമികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.