ക്രിസ്റ്റ്യാനോ റയല്‍ വിടുന്നു, തീരുമാനം ഉടന്‍ !

Posted on: May 28, 2018 6:22 am | Last updated: May 28, 2018 at 12:35 am

ചാമ്പ്യന്‍സ് ലീഗ് നേടിയതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടുന്നുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തയുമായാണ് സ്പാനിഷ് പത്രം മാഴ്‌സ രംഗത്ത് വന്നത്.

മത്സരശേഷം ക്രിസ്റ്റ്യാനോ ടീം ബസില്‍ കയറുന്നതിന് മുമ്പായിട്ട് മാധ്യമങ്ങളോട് പറഞ്ഞ വാക്കുകള്‍ കേന്ദ്രീകരിച്ചാണ് റിപ്പോര്‍ട്ടിംഗ്. റയലില്‍ തുടരുമോ എന്നത് സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ല. ക്ലബ്ബിന്റെ കിരീട വിജയം ആഘോഷിക്കുന്ന സമയമാണിത്. അടുത്ത ദിവസങ്ങളില്‍ തന്നെ തീരുമാനം അറിയിക്കും- ക്രിസ്റ്റിയാനോ പറഞ്ഞു.

റയലുമായി കരാര്‍ പുതുക്കാന്‍ ക്രിസ്റ്റ്യാനോ തയ്യാറായിരുന്നില്ല. നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും അഞ്ച് ബാലണ്‍ദ്യോറും നേടിയ താരത്തിന് ലഭിക്കേണ്ട പരിഗണന റയല്‍ മാഡ്രിഡ് നല്‍കുന്നില്ലെന്ന പരാതി ക്രിസ്റ്റ്യാനോക്കുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ യുവെന്റസിനെ തോല്‍പ്പിച്ചതിന് ശേഷമായിരുന്നു റയലില്‍ തൃപ്തനല്ലെന്ന സൂചന താരം നല്‍കിയത്. എന്നാല്‍, കോച്ച് സിനദിന്‍ സിദാന്‍ പ്രതികരിച്ചത് ക്രിസ്റ്റ്യാനോ റയലിന്റെ ചാമ്പ്യന്‍ പ്ലെയര്‍ ആണെന്നായിരുന്നു.

ടീം നായകന്‍ സെര്‍ജിയോ റാമോസ് ക്രിസ്റ്റിയാനോയോട് റയലില്‍ തുടരാന്‍ ആവശ്യപ്പെട്ടതും ശ്രദ്ധേയമാണ്. ക്രിസ്റ്റ്യാനോയാണ് റയലിന്റെ എല്ലാം. അയാള്‍ ഞങ്ങളുടെ സൂപ്പര്‍സ്റ്റാറാണ് – റാമോസിന്റെ ഈ പ്രശംസാവചനങ്ങള്‍ ക്രിസ്റ്റ്യനോയെ ക്ലബ്ബ് വിടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വലിക്കാനാണ്.

ചാമ്പ്യന്‍സ് ലീഗിന് തന്റെ പേരിടണമെന്ന് ക്രിസ്റ്റ്യാനോ

യുവേഫ ചാമ്പ്യന്‍സ് ലീഗ് യുഗത്തില്‍ അഞ്ച് തവണ കപ്പുയര്‍ത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചരിത്രം സൃഷ്ടിച്ചു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പമായിരുന്നു ആദ്യ നേട്ടം. പിന്നീട് കാര്‍ലോ ആഞ്ചലോട്ടിയുടെ റയല്‍ മാഡ്രിഡ് ടീമിനൊപ്പം രണ്ടാം ചാമ്പ്യന്‍സ് ലീഗ്. സിനദിന്‍ സിദാന്റെ റയല്‍ സ്‌ക്വാഡിനൊപ്പം തുടരെ മൂന്ന് കിരീടങ്ങള്‍. ഏഴ് തവണ ചാമ്പ്യന്‍സ് ലീഗ് ടോപ് സ്‌കോററാവുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ച് ചാമ്പ്യന്‍സ് ലീഗിന്റെ പേര് സിആര്‍7 ചാമ്പ്യന്‍സ് ലീഗ് എന്നാക്കി മാറ്റണമെന്ന് താരം ആവശ്യപ്പെട്ടു.
ഇത്തവണ 15 ഗോളുകളോടെയാണ് ടോപ് സ്‌കോററായത്.

യൂറോപ്യന്‍ കപ്പ് റയലിനൊപ്പം അഞ്ച് തവണ നേടിയ ആല്‍ഫ്രഡോ ഡിസ്‌റ്റെഫാനോയും എ സി മിലാനൊപ്പം അഞ്ച് തവണ നേടിയ പോളോ മാള്‍ഡീനിക്കുമൊപ്പമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.