Connect with us

Kerala

പ്രതികളെ ചോദ്യം ചെയ്യല്‍: ഹൈടെക് ഇന്‍ട്രോഗേഷന്‍ സെന്ററുകള്‍ പാഴാകുന്നു

Published

|

Last Updated

തിരുവനന്തപുരം: പോലീസിന്റെ മുഖച്ഛായ അടിമുടി മാറ്റുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളോടുള്ള സമീപനത്തില്‍ സമഗ്ര മാറ്റങ്ങള്‍ വരുത്തണമെന്നും അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും പഠിച്ചതേ പാടൂ എന്ന ദുര്‍വാശിയിലാണ് കേരള പോലീസിലെ ഒരു വിഭാഗം. ഗതകാല സ്മരണകളിലെ ഇടിയന്‍ പോലീസിന്റെ ഹാങ്ഓവര്‍ വിട്ടുമാറാത്ത ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ കാട്ടുന്ന കൊള്ളരുതായ്മകള്‍ സേനക്കാകെ അപമാനമായി മാറുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്, സര്‍ക്കാര്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഹൈടെക് ഇന്‍ട്രോഗേഷന്‍ സെന്ററുകളോടുള്ള ഉദ്യോഗസ്ഥരുടെ വിരക്തി. കേസുകളുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യല്‍ ശാസ്ത്രീയവും കുറ്റമറ്റതുമാക്കാനാണ് ഹൈടെക് ഇന്‍ട്രോഗേഷന്‍ സെന്ററുകള്‍ തുടങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചത്.

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുള്ള ഉന്നതരുടെ നിര്‍ദേശംകൂടി മാനിച്ചാണ് 2016ല്‍ സംസ്ഥാനത്ത് ആദ്യമായി ഹൈടെക് ഇന്‍ട്രോഗേഷന്‍ സെന്റര്‍ തുറന്നത്. തിരുവനന്തപുരം കണ്ടോണ്‍മെന്റ് പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമിലാണ് ആദ്യ ഹൈടെക് ഇന്‍ട്രോഗേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് ഇത് വിവിധ പോലീസ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. പ്രതികളെക്കൊണ്ട് സത്യം പറയിക്കാന്‍ മൂന്നാംമുറ പ്രയോഗിക്കുന്ന കിരാതമായ സമ്പ്രദായം അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഹൈടെക് ഇന്‍ട്രോഗേഷന്‍ സെന്ററുകള്‍ തുടങ്ങിയത്. പക്ഷേ, ഇവയൊന്നും അധികൃതര്‍ വേണ്ടരീതിയില്‍ ഉപയോഗിക്കുന്നില്ല. വരാപ്പുഴ കസ്റ്റഡി മരണം ഉള്‍പ്പെടെ ലോക്കപ്പ് മരണങ്ങളുടെ കഥകള്‍ ആവര്‍ത്തിക്കുമ്പോഴും, ലക്ഷങ്ങള്‍ മുടക്കി പണികഴിപ്പിച്ച ഹൈടെക് ഇന്‍ട്രോഗേഷന്‍ സെന്ററുകള്‍ ഉപയോഗിക്കാന്‍ അധികൃതര്‍ വൈമനസ്യം കാണിക്കുകയാണ്. ശാസ്ത്രീയമായ ചോദ്യം ചെയ്യല്‍കൊണ്ട് കാര്യമായ പ്രയോജനമില്ലെന്നും ഇടിയുംതൊഴിയും നടത്തിയാല്‍ മാത്രമേ സത്യം തെളിയിക്കാനാവുകയുള്ളൂവെന്ന ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ദുര്‍വാശിയാണ് ഈ ദുരവസ്ഥക്ക് കാരണം.

ഇത് ഏറെക്കുറെ ശരിയുമാണ്. പക്ഷേ, അനിവാര്യമായ ഒരു രഹസ്യാത്മകത മുതലെടുത്ത് പോലീസിലെ ഒരു വിഭാഗം ഹൈടെക് ഇന്‍ട്രോഗേഷന്‍ സെന്ററുകളെ പൂര്‍ണമായി അവഗണിക്കുകയും പഴയ ഇടിയന്‍ സമ്പ്രദായം തുടരുകയും ചെയ്യുന്നത് ഗുരുതരമായി കാണണമെന്ന് സംസ്ഥാന പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതികളുടെ മനുഷ്യാവകാശങ്ങള്‍ക്ക് അല്‍പ്പംപോലും വിലനില്‍കാത്തതും കാലഹരണപ്പെട്ടതുമായ ഇടിയന്‍ സമ്പ്രദായം സംസ്ഥാന വ്യാപകമായി തുടരുന്നുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വരാപ്പുഴ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരള പോലീസ് കൂടുതല്‍ ജാഗ്രതപുലര്‍ത്തണമെന്ന് ഇന്റലിജന്‍സ് വിഭാഗം സംസ്ഥാന പോലീസ് മേധാവിയെ ധരിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

കേരള പോലീസിനെ ഇടിയന്‍ പോലീസെന്ന് ജനങ്ങള്‍ വിളിക്കുന്നതും ഭയക്കുന്നതും അവരുടെ കൈയിലിരിപ്പുകൊണ്ട് തന്നെയാണ്. ജനങ്ങളോട് ആത്മാര്‍ഥമായും സൗമ്യമായും പെരുമാറുന്ന ഉദ്യോഗസ്ഥരും സേനയിലുണ്ട്. പക്ഷേ, അവര്‍ എണ്ണത്തില്‍ വളരെ കുറവാണെന്ന് മാത്രം. വിവരങ്ങള്‍ ചോദിച്ചറിയാന്‍ ഒരു വിരട്ടല്‍ പോലും ആവശ്യമില്ലാത്ത പ്രതികളെപ്പോലും ലോക്കപ്പില്‍ കയറ്റി കുനിച്ചുനിര്‍ത്തി ഇടിക്കുന്ന ഏമാന്‍മാര്‍ സേനയില്‍ നിരവധിയാണ്. ആദ്യകാലങ്ങളില്‍ ലോക്കപ്പുകളില്‍ നടന്നിരുന്ന ഈ മൂന്നാംമുറ പ്രയോഗം ഇപ്പോള്‍ രഹസ്യകേന്ദ്രങ്ങളിലാണെന്ന് മാത്രം. ലോക്കപ്പിലിട്ട് ഒരു പ്രതിയെ മര്‍ദിച്ചാല്‍, ഇതര കേസുകളില്‍ പിടിക്കപ്പെട്ട പ്രതികളും വിവിധ പരാതികള്‍ നല്‍കാന്‍ സ്റ്റേഷനിലെത്തുന്നവരും പോലീസിലെ തന്നെ നന്മ അവശേഷിച്ചിട്ടില്ലാത്ത ഉദ്യോഗസ്ഥരും അറിയും. ഇവരിലൂടെ വിഷയം പുറംലോകം അറിയാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ഇടിയന്‍ പോലീസ് ഉദ്യോഗസ്ഥ ര്‍ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറുന്നത്. അതിന് ഷാഡോ പോലീസിന്റെ സഹായവും തേടും.

Latest