ഗുജറാത്തില്‍ ദളിത് യുവാവിനെ അതിക്രൂരമായി മര്‍ദിച്ചുകൊന്നു

Posted on: May 21, 2018 1:08 pm | Last updated: May 21, 2018 at 1:46 pm

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ദളിത് വിഭാഗത്തില്‍ പെട്ട യുവാവിനെ കെട്ടിയിട്ട് ക്രുരമായി മര്‍ദിച്ചുകൊലപ്പെടുത്തി. മുകേഷ് വാണിയ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ കെട്ടിയിട്ട് രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. ദളിതുകള്‍ക്ക് ഗുജറാത്ത് സുരക്ഷിതമല്ലെന്ന ഹാഷ് ടാഗോടെയാണ് ജിഗ്നേഷ് വീഡിയോ പങ്കുവെച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിരാഗ് വോറ, ദിവ്യേഷ് വോറ, ജയ്ശുഖ് റദാദിയ, തേജസ് സാല എന്നിവരാണ് അറസ്റ്റിലായത്. അഞ്ചാമന് പ്രായപൂര്‍ത്തിയായിട്ടില്ല. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് ഡിഎസ്പി ഡിഎം ചൗഹാന്‍ പറഞ്ഞു.

ഒരാള്‍ മുകേഷിനെ കെട്ടിയിട്ട കയറിന്റെ അറ്റം പിടിച്ചുവെക്കുകയും മറ്റൊരാള്‍ നീളന്‍ വടികൊണ്ട് തലങ്ങും വിലങ്ങും മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളളില്‍ ഉള്ളത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്‍ദനം. മര്‍ദനമേറ്റ് പുളഞ്ഞ മുകേഷ് ദയനീയമായി നിലവിളിച്ചെങ്കിലും മര്‍ദനം നിര്‍ത്തിയില്ല. പിന്നീട് മറ്റൊരാള്‍ കൂടി വന്ന് മര്‍ദനം തുടര്‍ന്നു. ഏറെ വൈകാതെ മുകേഷ് മരണത്തിന് കീഴടങ്ങി. മുകേഷിന്റെ ഭാര്യക്കും മര്‍ദനമേറ്റിട്ടുണ്ട്. ഇവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മുകേഷ് ജോലി ചെയ്തിരുന്ന ഫാക്ടറിയിലെ ജീവനക്കാരാണ് ഇവരെ ക്രൂരമായി മര്‍ദിച്ചത്. ഉടമയുടെ നിര്‍ദേശപ്രകാരമാണ് മുകേഷിനെ മര്‍ദിച്ചതെന്ന് പോലീസില്‍ ലഭിച്ച പരാതിയില്‍ പറയുന്നു.