കോഴിവില ‘പിടിച്ചുകെട്ടാന്‍’ സര്‍ക്കാര്‍

  • എല്ലാ ജില്ലകൡും ബ്രീഡര്‍ ഫാമുകള്‍
  • കേരളാ ചിക്കന്‍ സ്റ്റാളുകള്‍ അടുത്ത മാസം
Posted on: May 21, 2018 6:16 am | Last updated: May 21, 2018 at 12:19 am

കൊച്ചി: കേരളത്തില്‍ കോഴിയിറച്ചി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനായി സര്‍ക്കാര്‍ പുതിയ കര്‍മ പദ്ധതികളുമായി രംഗത്തിറങ്ങുന്നു. അടിക്കടി ഉയരുന്ന കോഴിയിറച്ചി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വക ഇറച്ചിക്കടകള്‍ തുറന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത ശ്രമം തുടങ്ങുന്നത്. ഉപഭോക്താക്കളുടെ കീശ കാലിയാക്കി കോഴിയിറച്ചിയുടെയും ഇറച്ചിക്കോഴിയുടെയും വില ദിവസേന ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഒരാഴ്ചക്കിടെ കിലോഗ്രാമിന് ശരാശരി പത്ത് മുതല്‍ 40 രൂപവരെയാണ് വില കൂടിയത്. പത്ത് ദിവസം മുമ്പ് 87 രൂപയായിരുന്ന ഒരു കിലോ ഇറച്ചിക്കോഴിയുടെ വില ഒറ്റയടിക്ക് 150ന് മുകളിലെത്തിയിട്ടുണ്ട്. റമസാന്‍ സീസണ്‍ ആയതോടെ വില കുതിക്കുകയാണ്.

തമിഴ്‌നാട്ടില്‍ നിന്ന് ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളുടെ ലഭ്യത കുറഞ്ഞതും സംസ്ഥാനത്തെ ഉത്പാദനത്തില്‍ ഇടിവുണ്ടായതുമാണ് ഇപ്പോള്‍ കോഴി വിലവര്‍ധനക്കിടയാക്കിയത്. എന്നാല്‍, ഇത്തരം സാഹചര്യങ്ങളില്‍ കോഴി വില നിയന്ത്രണം തമിഴ്‌നാട്ടിലെ വന്‍കിട ഫാമുകള്‍ ഏറ്റെടുക്കുന്ന നിലയാണ്. ഇടക്കിടെയുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില്‍പ്പനയടക്കം ഉടന്‍ തുടങ്ങുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ അടുത്ത മാസം മുതല്‍ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലായാണ് കേരള ചിക്കന്‍ സ്റ്റാളുകള്‍ തുറക്കുക. കുടുംബശ്രീയുടെ സഹകരണത്തോടെ എല്ലാ ജില്ലകളിലും ഇത്തരത്തില്‍ ചിക്കന്‍ സ്റ്റാളുകള്‍ തുറക്കും. എല്ലാ ജില്ലകളിലെയും പ്രധാന നഗരങ്ങളില്‍ കടകള്‍ ആരംഭിക്കാനാണ് ധാരണയായത്. ഓരോ സി ഡി എസിന് കീഴിലുമാകും ഇത്തരത്തിലുള്ള വിപണനകേന്ദ്രങ്ങള്‍ തുറക്കുക. ഏറ്റവും കുറഞ്ഞ നിരക്കില്‍ നല്ല കോഴിയിറച്ചി ഇത്തരം കടകളിലൂടെ വില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. കുടുംബശ്രീ, വയനാട് ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി, കെപ്‌കോ, മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് കോഴിക്കച്ചവട പദ്ധതി നടപ്പാക്കുന്നത്.

മൃഗസംരക്ഷണ വകുപ്പും പൗള്‍ട്രി ഡവലപ്‌മെന്റ്് കോര്‍പറേഷനും (കെപ്‌കോ) ചേര്‍ന്ന് കുടുംബശ്രീ നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താനായി തുടങ്ങിയ 271 യൂനിറ്റുകള്‍ 5,000 ആക്കി വിപുലപ്പെടുത്താനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. ഓരോ യൂനിറ്റിലും കുറഞ്ഞത് 1,000 കോഴിക്കുഞ്ഞുങ്ങളെയാണ് വളര്‍ത്തുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒരു കുഞ്ഞിന് 40 രൂപ എന്ന നിരക്കിലാണ് കെപ്‌കോ യൂനിറ്റുകള്‍ക്ക് നല്‍കുന്നത്്. രണ്ട് കിലോ തൂക്കമുള്ള പൂര്‍ണവളര്‍ച്ചയെത്തിയ കോഴിയെ കിലോക്ക് 85 രൂപ നിരക്കില്‍ കെപ്‌കോ തന്നെ തിരികെയെടുക്കുന്നതാണ് പദ്ധതി. ഇത് കൂടാതെ ഒരു ലക്ഷം കോഴിക്കുഞ്ഞുങ്ങളെ പ്രതി മാസം ഉത്പാദിപ്പിക്കാനുള്ള കൊമേഴ്‌സ്യല്‍ മുട്ടക്കോഴി ഉത്പാദനകേന്ദ്രം, പുതിയ ബ്രീഡര്‍ ഫാം എന്നിവയും സര്‍ക്കാര്‍ തുടങ്ങുന്നുണ്ട്. ഇതിന്റെ ഭാഗമായി കാസര്‍കോട്ട് 30 ഏക്കറില്‍ കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള ഫാം തുടങ്ങുമെന്ന് കെപ്‌കോ എം ഡി. ഡോ. വിനോദ് ജോണ്‍ സിറാജിനോട് പറഞ്ഞു. മറ്റെല്ലാ ജില്ലകളിലും സര്‍ക്കാര്‍ കൃഷി ഫാമുകളിലും മറ്റും സ്ഥലം കണ്ടെത്തിയാണ് ബ്രീഡര്‍ഫാം തുടങ്ങുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

റൂറല്‍ ബാക്‌യാര്‍ഡ് പൗള്‍ട്രി പദ്ധതിയില്‍ സ്‌കൂളുകള്‍ വഴി തിരഞ്ഞെടുക്കപ്പെട്ട 66,500 കുട്ടികള്‍ക്ക് കോഴി നല്‍കുന്ന പദ്ധതിയും തുടരും. ഒരു വിദ്യാര്‍ഥിക്ക് 46 ദിവസം മുതല്‍ 60 ദിവസം വരെ പ്രായമായ അഞ്ച് കോഴികളെയും തീറ്റ, മരുന്ന്, സ്റ്റേഷനറി എന്നിവയുമാണ് പദ്ധതിയിലുടെ നല്‍കുന്നത്. ഏകദേശം 4.98 കോടി കോഴിമുട്ട ഉത്പാദനവും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഗ്രാമം നിറയെ കോഴികള്‍, കോഴിവളര്‍ത്തല്‍ ഗ്രാമങ്ങള്‍, കെപ്‌കൊ ആശ്രയ, കെപ്‌കൊ ഗ്രാമം, നഗരപ്രിയ, കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്, ആര്‍ കെ വി വൈ പദ്ധതി തുടങ്ങിയവയെല്ലാമാണ് കോഴിയിറച്ചി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള മറ്റ് പ്രധാന പദ്ധതികള്‍.

സംസ്ഥാനത്ത് ശരാശരി 600 ടണ്‍ കോഴിയിറച്ചിയാണ് ഒരുദിവസം ആവശ്യമുള്ളത്. എന്നാല്‍ 150 ടണ്‍ കോഴിയിറച്ചി മാത്രമാണ് നേരിട്ട് ഉത്പാദിപ്പിക്കുന്നത്. ഭൂരിഭാഗവുമെത്തുന്നത് തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ്. കോഴിയിറച്ചിയുടെയും മുട്ടയുടെയും ഉപഭോഗത്തില്‍ ഇന്ത്യയില്‍ത്തന്നെ മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം. പ്രതിദിനം 80 ലക്ഷം കോഴിമുട്ടയാണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്നത്. ഓരോ മാസവും ഒരു കോടി കോഴിക്കുഞ്ഞുങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ ഫാമുകളിലേക്കെത്തുന്നുണ്ട്. ഇവക്ക് പ്രതിമാസം 35,000 ടണ്‍ കോഴിത്തീറ്റയാണ് ആവശ്യം. സംസ്ഥാനത്ത് പ്രതിമാസം ഏകദേശം 350 കോടി രൂപയുടെ കച്ചവടമാണ് ഈ മേഖലയില്‍ നടക്കുന്നത്.