Connect with us

International

നജീബ് റസാഖിനെ അഴിമതി വിരുദ്ധ വിഭാഗം ചോദ്യം ചെയ്യും

Published

|

Last Updated

നജീബ് റസാഖ്‌

ക്വലാലംപൂര്‍: മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെ ചോദ്യം ചെയ്യുന്നതിനായി അഴിമതിവിരുദ്ധ അന്വേഷണ ഏജന്‍സി വിളിച്ചുവരുത്തും. അടുത്ത ആഴ്ച അഴിമതി വിരുദ്ധ അതോറിറ്റിക്ക് മുമ്പാകെ ഹാജരാകണമെന്നാണ് നജീബ് റസാഖിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം ഒമ്പതിന് നടന്ന ഇന്തോനേഷ്യന്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ നജീബ് റസാഖിന് അധികാരം നഷ്ടപ്പെട്ടിരുന്നു. മഹാതീര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാറാണ് ഇപ്പോള്‍ മലേഷ്യയുടെ ഭരണ സിരാകേന്ദ്രത്തിലുള്ളത്.

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ നജീബ് റസാഖിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇവയെല്ലാം തേച്ചുമായ്ച്ചു കളയുന്നതിന്റെ ഭാഗമായി അദ്ദേഹം ചില തന്ത്രങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. വ്യാജ ന്യൂസുകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നിര്‍ദേശിക്കുന്ന പുതിയ നിയമം പാര്‍ലിമെന്റ് പിരിച്ചുവിടുന്നതിന്റെ ദിവസങ്ങള്‍ക്ക് മുമ്പ് പാസ്സാക്കിയെടുത്തത് തന്റെ അഴിമതി ആരും പുറത്തുകൊണ്ടുവരാതിരിക്കുക എന്ന ലക്ഷ്യത്തിലാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ നിയമത്തില്‍ പരിഷ്‌കാരം കൊണ്ടുവരുമെന്ന് പുതിയ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് അറിയിച്ചിട്ടുണ്ട്.

സാമൂഹികപ്രവര്‍ത്തനത്തിന് വേണ്ടിയുള്ള ഫണ്ടില്‍ നിന്ന് കോടികള്‍ തിരിമറി നടത്തിയ കേസിലാണ് ഹാജരാകാന്‍ അഴിമതിവിരുദ്ധ വിഭാഗം ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തില്‍ രാജ്യം വിടുന്നതില്‍ നിന്ന് അദ്ദേഹത്തെ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ വസതികളില്‍ നടത്തിയ റെയ്ഡില്‍ പോലീസ് കോടികളുടെ സമ്പാദ്യം കണ്ടെടുത്തിരുന്നു. മലേഷ്യന്‍ ആന്റി കറപ്ഷന്‍ കമ്മീഷന്(എം എ സി സി) മുമ്പാകെ ചൊവ്വാഴ്ച ഹാജരാകാനാണ് നജീബ് റസാഖിന് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ബര്‍നാമ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Latest