ഒന്നാമങ്കത്തിന് തിരശ്ശീല; അടുത്തത്?

2019ലെ തിരഞ്ഞെടുപ്പിലേക്ക് ശക്തമായ സഖ്യമാണ് കോണ്‍ഗ്രസ് സൃഷ്ടിച്ചിരിക്കുന്നത്. ഇഴയടുപ്പമുള്ള സഖ്യമായി അത് നിലനില്‍ക്കുകയും സദ്ഭരണം കാഴ്ചവെക്കാന്‍ സാധിക്കുകയും ചെയ്താല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ തറപറ്റിക്കാന്‍ സാധിക്കും. എന്നാല്‍, ബി ജെ പി ഇതിനകം സൃഷ്ടിച്ചെടുത്ത വര്‍ഗീയ ധ്രുവീകരണത്തെ ചെറുതായി കാണാനാകില്ല. മൈക്രോ പൊളിറ്റിക്കല്‍ ഗെയിമില്‍ ബി ജെ പി വളരെയേറെ മുന്നോട്ട് പോയിട്ടുണ്ട്. ആ ചതിക്കുഴികള്‍ അടയ്ക്കാന്‍ യഥാര്‍ഥ മതനിരപേക്ഷ രാഷ്ട്രീയം കൊണ്ടേ സാധിക്കൂ. പക്ഷേ, ചോദ്യങ്ങള്‍ ഏറെയുണ്ട്. കുമാരസ്വാമിയും സിദ്ധരാമയ്യയും തമ്മിലുള്ള സൗഹൃദം ഇതേ ശക്തിയില്‍ മുന്നോട്ട് പോകുമോ? കളം മാറ്റങ്ങള്‍ കളം നിറയുമോ? എന്തൊക്കെ വിലപേശലാണ് അണിയറയില്‍ ഒരുങ്ങുക? കാത്തിരിക്കാം.
Posted on: May 19, 2018 10:58 pm | Last updated: May 19, 2018 at 10:58 pm

ഒടുവില്‍ യെദ്യൂരപ്പയുടെ രാജി. രണ്ടര ദിവസം മാത്രം മുഖ്യമന്ത്രി കസേരയിലിരുന്ന അപൂര്‍വ ചരിത്രം ബാക്കിയാക്കി വിശ്വാസവോട്ട് തേടാതെ യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞിരിക്കുന്നു. 20 മിനുട്ട് നീണ്ടുനിന്ന വികാര നിര്‍ഭരമായ പ്രസംഗത്തിനൊടുവിലാണ് കര്‍ണാടക രാഷ്ട്രീയ നാടകത്തിന്റെ പുതിയ വഴിത്തിരിവായി യെദ്യൂരപ്പയുടെ രാജി പ്രഖ്യാപനം. ഉന്നതമായ ജനാധിപത്യ മൂല്യങ്ങളും ധാര്‍മികതയും ഭരണഘടന അനുശാസിക്കുന്ന മൗലിക തത്വങ്ങളും പാടെ കാറ്റില്‍പറത്തി അധികാരം പിടിച്ചെടുക്കാമെന്ന യെദ്യൂരപ്പയുടെ വ്യാമോഹത്തിനേറ്റ കനത്ത തിരിച്ചടിയാണിത്. ഭൂരിപക്ഷത്തിന് 111 അംഗങ്ങള്‍ വേണമെന്നിരിക്കെ, 104 അംഗങ്ങള്‍ മാത്രമുള്ള കക്ഷിയുടെ നേതാവിനെ സത്യപ്രതിജ്ഞ ചെയ്യിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയാണ് ഈ സന്ദര്‍ഭത്തിലും ചോദ്യ ചിഹ്നമായി അവശേഷിക്കുന്നത്. കുതിരക്കച്ചവടവും ചാക്കിട്ടുപിടുത്തവും വഴി ലക്ഷ്യം കൈവരിക്കാന്‍ കഴിയാതായതോടെ യെദ്യൂരപ്പക്ക് ഒടുവില്‍ സ്വയം രാജിവെച്ച് പുറത്തുപോകേണ്ടി വന്നിരിക്കുന്നു. ഇതിലൂടെ ദക്ഷിണേന്ത്യയില്‍ താമര വിരിയിക്കാമെന്ന യെദ്യൂരപ്പയുടെ സ്വപ്‌നമാണ് തകര്‍ന്നടിഞ്ഞത്. കര്‍ണാടകയിലെ അഞ്ച് കോടിയില്‍ പരം വരുന്ന സമ്മതിദായകരെ വിഡ്ഢികളാക്കുന്നതായിരുന്നു കര്‍ണാടകയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്ന രാഷ്ട്രീയ അന്തര്‍നാടകങ്ങളത്രയും. കര്‍ണാടക രാഷ്ട്രീയം ഇന്ത്യന്‍ ജനതക്ക് നല്‍കുന്ന സന്ദേശമെന്താണ്? ഇതില്‍ നിന്നും നാം പഠിക്കേണ്ട പാഠങ്ങളെന്തൊക്കെയാണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് ഇനി ഉത്തരം കണ്ടെത്തേണ്ടത്. വിശ്വാസ വോട്ടെടുപ്പില്‍ വോട്ട് ചെയ്യാന്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് ബി ജെ പി നേതാക്കള്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും ഇന്ത്യന്‍ ജനത ഏറ്റവുമൊടുവില്‍ കേട്ടു. ഒരു സംസ്ഥാനത്തിന്റെ ഭരണം പിടിച്ചെടുക്കാന്‍ ദേശീയപാര്‍ട്ടിയായ ബി ജെ പി നടത്തിയ നാണംകെട്ടതും തരംതാണതും നീചവുമായ രാഷ്ട്രീയ നീക്കങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിന്റെ ഏടുകളില്‍ തുന്നിച്ചേര്‍ത്തിരിക്കുന്നത് കറുത്ത അധ്യായങ്ങളാണ്.
യെദ്യൂരപ്പയുടെ രാജിയോടെ കര്‍ണാടകയിലുണ്ടായിരിക്കുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിജയമാണ്. ജനാധിപത്യ മര്യാദകളുടെ ലംഘനത്തിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള ബി ജെ പിയുടെ നീക്കത്തെ കോണ്‍ഗ്രസ് നിയമ യുദ്ധത്തിലൂടെയാണ് നേരിട്ടത്. കോണ്‍ഗ്രസ് രാപ്പകല്‍ വ്യത്യാസമില്ലാതെ നടത്തിയ ശക്തമായ പോരാട്ടത്തിന്റെ അന്തിമ വിജയമാണിത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിസ്മയകരമായ വിജയം.

ആര്‍ എസ് എസ് റോളില്‍ ഗവര്‍ണര്‍
തിരഞ്ഞെടുപ്പ് നടന്ന 222 മണ്ഡലങ്ങളില്‍ ബി ജെ പിക്ക് 104 സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ്- ദള്‍ സഖ്യത്തിന് 117 പേരുടെ പിന്തുണയാണുള്ളത്. ഭൂരിപക്ഷത്തിന് ബി ജെ പിക്ക് എട്ട് പേരുടെ കുറവ്. ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്ത ബി ജെ പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുകയും മതിയായ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തിന് ഇതിനുള്ള അവസരം നല്‍കാതിരിക്കുകയും ചെയ്തതിലൂടെ ഗവര്‍ണര്‍ തികച്ചും പക്ഷപാതപരമായ നടപടിയാണ് സ്വീകരിച്ചത്. ഇതില്‍ നിന്ന് തുടങ്ങുന്നു കര്‍ണാടക നാടകം. മറുകണ്ടം ചാടുന്ന ഒരു എം എല്‍ എക്ക് 100 കോടി രൂപവരെയാണ് ബി ജെ പി വാഗ്ദാനം ചെയ്തതെന്ന വാര്‍ത്ത ജനങ്ങള്‍ ഞെട്ടലോടെയാണ് ശ്രവിച്ചത്. ജനതാദള്‍- എസ് അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമിയാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്.
ആര്‍ എസ് എസ് പ്രചാരകനും ഗുജറാത്തില്‍ ബി ജെ പി അധ്യക്ഷനും സംസ്ഥാനത്തെ മോദി മന്ത്രിസഭയില്‍ ധനമന്ത്രിയുമായിരുന്ന ഗവര്‍ണര്‍ വജുഭായ് വാലയില്‍ നിന്ന് നീതി പ്രതീക്ഷിക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒടുവില്‍ കോണ്‍ഗ്രസ് തയ്യാറായത്. 2014ല്‍ മോദി സര്‍ക്കാറാണ് ഇദ്ദേഹത്തെ ഗവര്‍ണറായി നിയമിച്ചത്. ബി ജെ പി നിയമസഭാ കക്ഷി നേതാവായി യെദ്യൂരപ്പയെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശമുന്നയിച്ച് അദ്ദേഹം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. എം എല്‍ എമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് ഇതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി പരമേശ്വരയും ജനതാദള്‍- എസ് നേതാവ് എച്ച് ഡി കുമാരസ്വാമിയും ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഈ സഖ്യത്തെ പിന്തുണക്കുന്ന എം എല്‍ എമാരെ അണിനിരത്താന്‍ പോലും അനുമതി നല്‍കാതെ തികഞ്ഞ രാഷ്ട്രീയം കളിക്കാന്‍ ഗവര്‍ണര്‍ മുതിര്‍ന്നു. പത്ത് എം എല്‍ എമാരെ മാത്രം കടത്തിവിടാനാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. പരമേശ്വരയുടെയും കുമാരസ്വാമിയുടെയും നേതൃത്വത്തില്‍ ഇരുപാര്‍ട്ടിയില്‍ നിന്നുമുള്ള പത്ത് നേതാക്കള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ബി ജെ പിയെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ചത്. കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തില്‍ അതൃപ്തിയുള്ളവരെ അടര്‍ത്തിയെടുത്ത് ഭൂരുപക്ഷമൊപ്പിക്കാനായിരുന്നു ഇതിനിടയില്‍ ബി ജെ പി നടത്തിയ നീക്കങ്ങളത്രയും. കോണ്‍ഗ്രസിലെ അഞ്ചും ദളിലെ ഏഴും എം എല്‍ എമാര്‍ അതൃപ്തരാണെന്നും ഇവര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്നുമായിരുന്നു ബി ജെ പി നേതാക്കളുടെ അവകാശവാദം.

റിസോര്‍ട്ട് രാഷ്ട്രീയം വീണ്ടും
സത്യപ്രതിജ്ഞക്ക് ശേഷം ഭൂരിപക്ഷം ഉറപ്പാക്കാനുള്ള കൊണ്ടുപിടിച്ച നീക്കത്തിലായിരുന്നു ബി ജെ പി. തങ്ങളുടെ എം എല്‍ എമാരെ ബി ജെ പി റാഞ്ചാതിരിക്കാന്‍ റിസോര്‍ട്ടിലും ഹോട്ടലിലുമായി പാര്‍പ്പിച്ചാണ് ഈ നീക്കത്തെ കോണ്‍ഗ്രസും ജെ ഡി എസും പ്രതിരോധിച്ചത്. ബെംഗളൂരുവിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ പാര്‍പ്പിച്ച എം എല്‍ എമാരെ പിന്നീട് ഹൈദരാബാദിലേക്കും മാറ്റി.
ബി ജെ പിയുടെ കുതിരക്കച്ചവടത്തില്‍ നിന്ന് കോണ്‍ഗ്രസ് എം എല്‍ എമാരെ രക്ഷിക്കാന്‍ ചുക്കാന്‍ പിടിച്ചത് ബി ജെ പിയുടെ എക്കാലത്തേയും ശത്രുവായ മുന്‍മന്ത്രി ഡി കെ ശിവകുമാറായിരുന്നു. കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസ് എം എല്‍ എമാരെ ബി ജെ പി ചാക്കിട്ട് പിടിക്കാതിരിക്കാന്‍ ബെംഗളൂരുവിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്നു. ഇതിനും നേതൃത്വം നല്‍കിയത് ഡി കെ ശിവകുമാറായിരുന്നു. ഇതിന് മുമ്പേയും പലതവണ കര്‍ണാടക റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ വേദിയായിട്ടുണ്ട്. 1984ല്‍ അന്നത്തെ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന എന്‍ ടി രാമറാവുവിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ തന്റെ എം എല്‍ എമാരെ രാമറാവു ബെംഗളൂരു ദേവനഹള്ളിയിലെ ഒരു റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്നു. അന്നത്തെ കര്‍ണാടക മുഖ്യമന്ത്രിയും രാമറാവുവിന്റെ സുഹൃത്തുമായ രാമകൃഷ്ണ ഹെഗ്‌ഡേയാണ് ഈ റിസോര്‍ട്ടില്‍ അവരെ താമസിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുത്തത്. 2002ല്‍ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന വിലാസ് റാവു ദേശ്മുഖ് സഭയില്‍ വിശ്വാസവോട്ട് തേടിയ അവസരത്തില്‍ തന്റെ പാര്‍ട്ടിയുടെ എം എല്‍ എമാരെ ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ കൊണ്ടുവന്നു താമസിപ്പിച്ചു. 2004ലും 2006ലും സംസ്ഥാനത്ത് റിസോര്‍ട്ട് രാഷ്ട്രീയത്തിന് വേദി തുറക്കുകയുണ്ടായി. ബെംഗളൂരുവിലും ഹൈദരാബാദിലുമായി രണ്ട് ദിവസം നീണ്ട റിസോര്‍ട്ട് വാസത്തിന് വിരാമമിട്ട് കോണ്‍ഗ്രസിലെയും ജെ ഡി എസിലെയും എം എല്‍ എമാര്‍ ഇന്നലെ രാവിലെയോടെയാണ് ബെംഗളൂരുവിലെത്തിയത്.

അതിരറ്റ ആത്മവിശ്വാസം
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത് അതിരറ്റ ആത്മവിശ്വാസമാണ്. ഭരണവിരുദ്ധ വികാരമില്ലെന്നതും ജനക്ഷേമപദ്ധതികള്‍ വോട്ടായി മാറുമെന്നതും കോണ്‍ഗ്രസിന്റെ പ്രതീക്ഷ വാനോളമുയര്‍ത്തി. സംസ്ഥാനത്തെ 103 മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള ലിംഗായത്തുകളുടെ പിന്തുണ ലഭിക്കുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടി. ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കാനുള്ള തീരുമാനമെടുത്തത് വോട്ടായി മാറുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, തിരഞ്ഞെടുപ്പ് ഫലം നേരെ വിപരീതമായിരുന്നു. കോണ്‍ഗ്രസ് ഉറപ്പിച്ചിരുന്ന വോട്ടുകളൊന്നും ഇത്തവണ പാര്‍ട്ടിക്ക് ലഭിച്ചില്ല. ഭരണകക്ഷിയായ കോണ്‍ഗ്രസിനെ നിലംതൊടാന്‍ അനുവദിക്കാതെ ബി ജെ പി ശക്തമായ മുന്നേറ്റമാണ് കാഴ്ച വെച്ചത്. കോണ്‍ഗ്രസ് 78 സീറ്റുകളില്‍ ഒതുങ്ങി. നിര്‍ണായക ശക്തിയായി മാറുമെന്ന് കരുതിയ ജനതാദള്‍ എസിന് 38 സീറ്റുകളാണ് ലഭിച്ചത്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ചാമുണ്ഡേശ്വരിയില്‍ പരാജയത്തിന്റെ കയ്പ് നീര്‍ രുചിക്കേണ്ടി വന്നു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് ബി എസ് യെദ്യൂരപ്പ ശിക്കാരിപുര മണ്ഡലത്തില്‍ നിന്ന് വിജയിച്ചപ്പോള്‍ ജനതാദള്‍- എസ് സംസ്ഥാന അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി ജനവിധി തേടിയ രണ്ട് മണ്ഡലങ്ങളിലും വിജയിച്ചു. രാമനഗരയില്‍ നിന്നും ചന്നപട്ടണത്ത് നിന്നുമാണ് വിജയിച്ചത്.
വോട്ട് വിഹിതത്തില്‍ കോണ്‍ഗ്രസ് തന്നെയാണ് ഇപ്പോഴും മുന്നില്‍. യെദ്യൂരപ്പയുടെ മുഖ്യമന്ത്രിപദവും രാജിയും അനുബന്ധമായി ഉണ്ടായ നാടകങ്ങളും സത്യത്തില്‍ കോണ്‍ഗ്രസിനെ കരുത്തരാക്കിയിരിക്കുകയാണ്. 2019ലെ തിരഞ്ഞെടുപ്പിലേക്ക് ശക്തമായ സഖ്യമാണ് അവര്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇഴയടുപ്പമുള്ള സഖ്യമായി അത് നിലനില്‍ക്കുകയും സദ്ഭരണം കാഴ്ചവെക്കാന്‍ സാധിക്കുകയും ചെയ്താല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ തറപറ്റിക്കാന്‍ സാധിക്കും.
എന്നാല്‍ ബി ജെ പി ഇതിനകം സൃഷ്ടിച്ചെടുത്ത വര്‍ഗീയ ധ്രുവീകരണത്തെ ചെറുതായി കാണാനാകില്ല. മൈക്രോ പൊളിറ്റിക്കല്‍ ഗെയിമില്‍ ബി ജെ പി വളരെയേറെ മുന്നോട്ട് പോയിട്ടുണ്ട്. ആ ചതിക്കുഴികള്‍ അടയ്ക്കാന്‍ യഥാര്‍ഥ മതനിരപേക്ഷ രാഷ്ട്രീയം കൊണ്ടേ സാധിക്കൂ. പക്ഷേ, ചോദ്യങ്ങള്‍ ഏറെയുണ്ട്. കുമാരസ്വാമിയും സിദ്ധരാമയ്യയും തമ്മിലുള്ള സൗഹൃദം ഇതേ ശക്തിയില്‍ മുന്നോട്ട് പോകുമോ? കളം മാറ്റങ്ങള്‍ കളം നിറയുമോ? എന്തൊക്കെ വിലപേശലാണ് അണിയറയില്‍ ഒരുങ്ങുക? കാത്തിരിക്കാം.