യെദ്യൂരപ്പയുടെ ‘രക്ഷകന്‍’ ബൊപ്പയ്യ

Posted on: May 19, 2018 6:16 am | Last updated: May 18, 2018 at 11:49 pm

ബെംഗളൂരു: കര്‍ണാടക നിയമസഭയുടെ പ്രോടേം സ്പീക്കറായി കെ ജി ബൊപ്പയ്യയെ നിയമിച്ചത് സീനിയോറിറ്റി മറികടന്ന്. 2010ല്‍ എം എല്‍ എമാരെ അയോഗ്യരാക്കി ബി എസ് യെദ്യൂരപ്പ സര്‍ക്കാറിനെതിരായ അവിശ്വാസം അട്ടിമറിച്ച് സുപ്രീം കോടതിയുടെ വിമര്‍ശം നേരിട്ടയാളാണ് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൂടിയായ ബൊപ്പയ്യ.

അദ്ദേഹം സ്പീക്കറായിരുന്ന 2009- 2013 കാലയളവ് വിവാദത്തിന്റേത് കൂടിയായിരുന്നു. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ അവിശ്വാസം നേരിട്ട 2010 ഒക്‌ടോബറില്‍ അഞ്ച് സ്വതന്ത്ര എം എല്‍ എമാരെയും വിമതന്‍മാരായ 11 ബി ജെ പി. എം എല്‍ എമാരെയുമാണ് ബൊപ്പയ്യ അയോഗ്യരാക്കിയത്. ശബ്ദ വോട്ട് വേണമെന്ന നിര്‍ദേശം ഏറെ വിമര്‍ശത്തിനും ഒച്ചപ്പാടിനും ഇടയാക്കി.

അയോഗ്യരാക്കിയ നടപടി 2011 ഫെബ്രുവരിയില്‍ കര്‍ണാടക ഹൈക്കോടതി ശരിവെച്ചെങ്കിലും സുപ്രീം കോടതി വിധി റദ്ദാക്കി. തിരക്ക് പിടിച്ചാണ് സ്പീക്കറുടെ നടപടിയെന്ന് സുപ്രീം കോടതി അതിരൂക്ഷമായി വിമര്‍ശിച്ചു. സാധാരണ നീതിയും സുതാര്യ പ്രവര്‍ത്തനവും അട്ടിമറിച്ചാണ് യെദ്യൂരപ്പയുടെ അയോഗ്യതാ അപേക്ഷ സ്പീക്കര്‍ സ്വീകരിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് നടപടി റദ്ദാക്കുകയായിരുന്നു.

സാധാരണ പുതിയ നിയമസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തെയാണ് പ്രോടേം സ്പീക്കറായി തിരഞ്ഞെടുക്കുക. കര്‍ണാടക നിയമസഭയിലെ നിലവിലെ മുതിര്‍ന്ന അംഗം കോണ്‍ഗ്രസിന്റെ ആര്‍ വി ദേശ്പാണ്ഡെയാണ്.