ജീവന് ഭീഷണി; ഹാഫിസ് സഈദിന് സുരക്ഷയൊരുക്കാന്‍ ഉത്തരവ്

Posted on: May 19, 2018 6:12 am | Last updated: May 18, 2018 at 9:51 pm

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രമായി അറിയപ്പെടുന്ന ഹാഫിസ് സഈദിന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ വീണ്ടും സുരക്ഷ ഏര്‍പ്പെടുത്തി. അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. പാക് സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ഇദ്ദേഹത്തിന് നല്‍കിയിരുന്ന സുരക്ഷ പാക് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. പഞ്ചാബ് പ്രവിശ്യാ ഗവര്‍ണര്‍ ശഹബാസ് ശരീഫാണ് വീണ്ടും സുരക്ഷയൊരുക്കാന്‍ ആവശ്യപ്പെട്ടതെന്നും ഇതിനായി ചില പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായും പ്രവിശ്യാ സര്‍ക്കാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്നായിരുന്നു ഈ നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിക്കാനുള്ള നീക്കം ചോദ്യം ചെയ്ത് ഹാഫിസ് സഈദ് ലാഹോര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിക്കുകയും ചെയ്തു.