അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണങ്ങള്‍ തുടങ്ങി

Posted on: May 18, 2018 9:02 pm | Last updated: May 19, 2018 at 8:57 pm

ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി കൂടിയാലോചനാ യോഗം

ദുബൈ: ഇരുപത്തിരണ്ടാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ചടങ്ങുകളുടെ ഭാഗമായുള്ള സാംസ്‌കാരിക പരിപാടികള്‍ ആരംഭിച്ചു. ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ ആരംഭിച്ച പരിപാടികള്‍ക്ക് സഊദി അറേബ്യയില്‍ നിന്നുള്ള പണ്ഡിതന്‍ ശൈഖ് സാലിഹ് അല്‍ ഖംസിയുടെ പ്രഭാഷണത്തോടെ തുടക്കമായി. സ്ത്രീകള്‍ക്കായുള്ള പ്രഭാഷണം സഊദി പണ്ഡിതന്‍ ഡോ. ശൈഖ് സഈദ് ബിന്‍ മിസ്ഫിര്‍ അല്‍ ഖഹ്താനി ഹമരിയയിലെ ദുബൈ വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ നടത്തി. അടുത്ത മാസം അഞ്ച് വരെ നടക്കുന്ന മത്സര പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അവാര്‍ഡ് കമ്മറ്റിയുടെ ധനകാര്യ, ഭരണ ചുമതലാ സമിതികള്‍ യോഗം ചേര്‍ന്നു. ഫിനാന്‍ഷ്യല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റ് മേധാവി അബ്ദുറഹിമാന്‍ ഹുസൈന്‍ അഹ്‌ലിയുടെ നേതൃത്വത്തിലായിരുന്നു യോഗം. പ്രതിനിധികള്‍ക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍, വിസാ നടപടികള്‍, ഹോട്ടല്‍ ബുക്കിംഗ് തുടങ്ങിയ പ്രവര്‍ത്തികളും അവരുടെ സഹായികള്‍, ആര്‍ബിട്രേഷന്‍ കമ്മിറ്റി, അതിഥികളായി എത്തുന്ന പണ്ഡിതര്‍ എന്നിവര്‍ക്കുള്ള താമസ സൗകര്യങ്ങളുടെ വിലയിരുത്തലും യോഗത്തില്‍ നടന്നു.

ഈ വര്‍ഷം 500 ചോദ്യങ്ങള്‍ അടങ്ങുന്ന ചോദ്യാവലിയാണ് 104 മത്സരാര്‍ഥികള്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്. സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ കൂടുതല്‍ മികവേകുന്നതിനു കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.