വ്യക്തികളുടെ സംരക്ഷണത്തിന് വേണ്ടി പേരാടുന്നവരാണ് കമ്യൂണിസ്റ്റുകാര്‍: ബൃന്ദാകാരാട്ട്

Posted on: May 18, 2018 6:13 am | Last updated: May 17, 2018 at 11:51 pm

ചെങ്ങന്നൂര്‍: കമ്മ്യൂണിസ്റ്റുകാര്‍ മതവിശ്വാസികളോ, അല്ലയോ എന്നതല്ല വിഷയം ജനങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം കൊടുക്കുന്നവരാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ട് പറഞ്ഞു. ജനങ്ങളുടെ വിശ്വാസം സംരക്ഷിച്ചു നിര്‍ത്താനും അവര്‍ക്ക്് മത സ്വാതന്ത്ര്യം അനുവദിക്കപ്പെടാനും കമ്മ്യൂണിസ്റ്റുകാര്‍ പ്രയത്‌നിക്കുന്നു.

മത വിശ്വാസം ചൂഷണം ചെയ്യുകയോ വാണിജ്യ വത്കരണം നടത്തുകയോ ആര്‍ എസ് എസിനെ പോലെ ദല്ലാള്‍ പണിചെയ്യുകയോ അല്ല ചെയ്യുന്നത്. മതനിരപേക്ഷത വേണ്ട എന്നാണ് ആര്‍ എസ് എസ് പറയുന്നത്. ഭരണഘടനയില്‍ ഉറപ്പ് നല്‍കിയിട്ടുള്ളതാണ് മതനിരപേക്ഷത. ബ്രട്ടീഷുകാരുടെ കാലത്തെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് ആര്‍ എസ് എസ് അനുവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാജ്യത്ത് സുരക്ഷയില്ലാതായി. എന്നാല്‍ പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമം കാട്ടുന്നവരെ പിടികൂടി ശിക്ഷക്കുകതന്നെ ചെയ്യും. ഇതിനുദാഹരണമായി ജിഷാ വധകേസ് ബൃന്ദചൂണ്ടിക്കാട്ടി.

ബി ജെ പി സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ് അനുവര്‍ത്തിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പകല്‍ കോണ്‍ഗ്രസും രാത്രി ബി ജെ പിയും ആയി പ്രവര്‍ത്തിക്കുന്നതിന്റെ കാര്യ അടുത്തകാലത്ത് കേരളത്തിലെത്തിയപ്പോള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് തന്നെയാണ് ഇന്ത്യയില്‍ മിക്കയിടത്തും നടന്നു വരുന്നത്. കര്‍ണാടകയില്‍ ഇലക്ഷന്‍കഴിഞ്ഞ് വൃത്തികട്ട നാടകമാണ് നടന്നു വരുന്നത്. കുതിരകച്ചവടം നടക്കുന്ന അവിടെ റിസോര്‍ട്ട് രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കളിക്കുന്നത്. നോട്ട് നിരോധനം കൊണ്ട് 30,000 കോടി രൂപയുടെ സ്വത്തുക്കള്‍ ബി ജെ പി കൈക്കലാക്കിയതായി ബൃന്ദ ആരോപിച്ചു.

ഈ തീരുമാനംകൊണ്ട് ജനങ്ങളുടെ കീശ കാലിയായപ്പോള്‍ ബി ജെ പിയുടെ കീശ നിറയുകയാണുണ്ടയതെന്നും ബൃന്ദ പരിഹസിച്ചു. ചെങ്ങന്നൂര്‍ ബിസിനസ് ഇന്ത്യാ ഗ്രൗണ്ടില്‍ നടന്ന വനിത അസംബ്ലിയില്‍ ഗ്രേസി സൈമണ്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി സജി ചെറിയാന്‍, കെ പി എ സി ലളിത, പി കെ ശ്രീമതി എം പി, മന്ത്രി ഷൈലജ ടീച്ചര്‍, സി എസ് സുജാത, അഡ്വ. പി വസന്തം, മുന്‍ എം എല്‍ എ ശോഭനാ ജോര്‍ജ്ജ്, പി സതീദേവി, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, യു പ്രതിഭാ ഹരി എം എല്‍ എ, ആര്‍ നാസര്‍, എം എച്ച് റഷീദ്, പുഷ്പലത മധുപ്രസംഗിച്ചു.