Connect with us

Kerala

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം പുതിയ കെ പി സി സി പ്രസിഡന്റ്

Published

|

Last Updated

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എം എം ഹസന്‍ തെറിക്കും. പകരം വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരിലൊരാള്‍ പ്രസിഡന്റാകുമെന്നാണ് സൂചന. യുവാക്കളെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നീക്കത്തിന്റെ ചുവടുപിടിച്ചാണ് ഹസനെ മാറ്റി പുതിയ പ്രസിഡന്റിനെ നിയമിക്കണമെന്ന ആവശ്യത്തിന് ശക്തി പകരുന്നത്.
പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നേതൃമാറ്റം ആവശ്യമാണെന്ന് എല്ലാ ഗ്രൂപ്പുകാരും ചൂണ്ടിക്കാണിക്കുന്നു. കെ സുധാകരനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. കെ സുധാകരനെയും പ്രസിഡന്റ് സ്ഥാനത്തേക്ക്്് പരിഗണിക്കുന്നുണ്ട്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നേതൃമാറ്റം ഉണ്ടായേക്കും.

കെ പി സി സി ഭാരവാഹികളെ മാറ്റി പുനഃസംഘടന നടത്താത്തതിനാല്‍ സംസ്ഥാന കോണ്‍ഗ്രസില്‍ കുറച്ചുനാളായി അമര്‍ഷം പുകയുകയാണ്. രമേശ് ചെന്നിത്തലയുടെ കാലത്ത് കെ പി സി സി ഭരവാഹികളായിരുന്നവരാണ് ഇപ്പോഴും തുടരുന്നത്. രമേശ് ചെന്നിത്തല ഒമ്പത് വര്‍ഷവും വി എം സുധീരന്‍ രണ്ട് വര്‍ഷവും കെ പി സി സി പ്രസിഡന്റുമാരായിരുന്നു. എം എം ഹസന്‍ പ്രസിഡന്റായിട്ട് ഒരു വര്‍ഷവും പിന്നിട്ടു. എന്നിട്ടും കെ പി സി സി ഭാരവാഹികളെ മാറ്റിയിട്ടില്ല. ഇതില്‍ എ ഗ്രൂപ്പും കടുത്ത അമര്‍ഷത്തിലാണ്. ഇതിനിടയില്‍ വി ഡി സതീശന്‍ മാത്രമാണ് വി എം സുധീരന്‍ പ്രസിഡന്റായിരുന്നപ്പോള്‍ വൈസ് പ്രസിഡന്റായത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ പരാജയം സംഭവിച്ച ജില്ലകളില്‍ പോലും ഡി സി സി പുനഃസംഘടന നടന്നിട്ടില്ല. 14 ജില്ലകളില്‍ ഡി സി സി പ്രസിഡന്റുമാരെ മാറ്റിയെങ്കിലും ഡി സി സികളില്‍ അഴിച്ചുപണി നടത്താത്തതില്‍ കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ട്. ഭാരതീപുരം ശശി, ലാലി വിന്‍സെന്റ്, എ കെ മണി എന്നിവര്‍ വൈസ് പ്രസിഡന്റുമാരായി തുടരുകയാണ്. ഇതില്‍ വി ഡി സതീശന്‍ മാത്രമാണ് പുതുതായി വൈസ് പ്രസിഡന്റ് പദത്തിലെത്തിയത്. കെ പി സി സിയില്‍ 16 ജനറല്‍ സെക്രട്ടറിമാരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ പി സി വിഷ്ണുനാഥ് എ ഐ സി സി സെക്രട്ടറിയായി കേന്ദ്രനേതൃത്വത്തിലേക്ക് പോയി. സതീശന്‍ പാച്ചേനി, എം ലിജു, ടി സിദ്ദിഖ് എന്നിവര്‍ ഡി സി സി പ്രസിഡന്റുമാരായി.

സെക്രട്ടറിമാരായിരുന്ന നെയ്യാറ്റിന്‍കര സനല്‍, വി കെ ശ്രീകണ്ഠന്‍, ഇബ്‌റാഹീം കുട്ടി കല്ലാര്‍, വി വി പ്രകാശ് എന്നിവരും ഡി സി സി പ്രസിഡന്റുമായി. എന്നാല്‍, ഈ ഒഴിവുകളിലേക്ക് പുതുതായി ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ എം എം ഹസന്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം.

കെ പി സി സി പ്രസിഡന്റിനെ മാറ്റുന്നതോടെ ഭാരവാഹികളും മാറുമെന്നാണ് ഹസനെ എതിര്‍ക്കുന്നവരുടെ പ്രതീക്ഷ. താത്കാലിക പ്രസിഡന്റായി എത്തിയ ഹസന്‍ ഇപ്പോള്‍ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. ഈ കാലത്ത് പാര്‍ട്ടിക്ക് സംസ്ഥാനത്ത് നവ ഊര്‍ജം നല്‍കിയിട്ടില്ലെന്നാണ് വിമര്‍ശം.

Latest