ബെംഗളൂരു: എട്ട് എം എല്‍ എമാരുടെ കുറവില്‍ അധികാരത്തിന് കുറുക്കുവഴികള്‍ തേടുന്ന ബി ജെ പിയെ ഈ അവസ്ഥയില്‍ എത്തിച്ചത് 12 മണ്ഡലങ്ങള്‍. ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി സിദ്ധരാമയ്യ, രണ്ടാം മണ്ഡലമായ ബദാമിയില്‍ കടന്നുകൂടിയത് കേവലം 1,696 വോട്ടുകള്‍ക്കായിരുന്നു. ഇവിടെ, പോരാടി വീണതാകട്ടെ ബി ജെ പിയുടെ ശ്രീരാമലുവും.
തിരഞ്ഞെടുപ്പ് രേഖകള്‍ വ്യക്തമാക്കുന്നത് ഇത്തരത്തില്‍ 12 മണ്ഡലങ്ങളില്‍ ബി ജെ പി വീണത് 3,000ത്തില്‍ താഴെ വോട്ടുകള്‍ക്കാണ്. ഇതില്‍ തന്നെ കോണ്‍ഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മാസ്‌കിയില്‍ ബി ജെ പി സ്ഥാനാര്‍ഥി ബസന ഗൗഡ തുര്‍വിഹാല്‍ പരാജയപ്പെട്ടത് വെറും 213 വോട്ടുകള്‍ക്ക്. കഷ്ടിച്ച് രക്ഷപ്പെട്ടത് കോണ്‍ഗ്രസിലെ പ്രതാപ് ഗൗഡയും.
ബദാമിയും മാസ്‌കിയും കൂടാതെ ഗഡഗ്, ഹിരെകേരൂര്‍, കുന്ദ്‌ഗോല്‍, ശൃംഗേരി, യെല്ലാപൂര്‍, അഥാനി, ബെല്ലാരി, വിജയനഗര്‍, ഝംകാദി, യെന്‍കെമാര്‍ദി എന്നിവയാണ് ബി ജെ പിയെ തലനാരിഴക്ക് കൈവിട്ട മറ്റ് മണ്ഡലങ്ങള്‍.
ഈ മണ്ഡലങ്ങളില്‍ വിധി മറിച്ചായിരുന്നെങ്കില്‍ 116 സീറ്റുകളുമായി ബി ജെ പിക്ക് അനായാസം ഭരണ ബെഞ്ച് ഉറപ്പാക്കാമായിരുന്നു. അതായത് കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ളതിലൂം കൂടുതല്‍ നാല് എം എല്‍ എമാര്‍.
അതേസമയം, 104 മണ്ഡലങ്ങില്‍ 16 എണ്ണത്തില്‍ ബി ജെ പിയുടെ വിജയവും അത്ര വലിയ മാര്‍ജിനില്‍ അല്ല. പക്ഷേ, 85 മണ്ഡലങ്ങളില്‍ ബി ജെ പിയുടെ വിജയം കോണ്‍ഗ്രസിനെ അപേക്ഷിച്ച് വലിയ വോട്ട് ശതമാനത്തില്‍ തന്നെയാണ്. ഇതിന്റെ പകുതിയോളം സീറ്റുകളില്‍ മാത്രമേ ഇത്രയും വോട്ട് ശതമാനത്തില്‍ കോണ്‍ഗ്രസിന് അവരുടെ മണ്ഡലങ്ങളില്‍ ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.