കൂടിയാലോചനകള്‍ക്ക് ഹമാസ് നേതാവ് ഈജിപ്തിലെത്തി

യു എസ് എംബസി ഇന്ന് ജറൂസലമിലേക്ക് മാറ്റും
Posted on: May 14, 2018 6:10 am | Last updated: May 14, 2018 at 12:02 am
ഇസ്മാഈല്‍ ഹനിയ്യ

കൈറോ: അമേരിക്കന്‍ എംബസി ജറൂസലമിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ ഫലസ്തീനിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഈജിപ്തിലെത്തി. മുതിര്‍ന്ന ഈജിപ്ത് നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അയല്‍രാജ്യമായ ഈജിപ്തിന്റെ ക്ഷണമനുസരിച്ചാണ് ഇസ്മാഈല്‍ ഹനിയ്യ അവിടെ സന്ദര്‍ശിക്കുന്നതെന്ന് ഹമാസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. ഈജിപ്തുമായും ഇസ്‌റാഈലുമായും അതിര്‍ത്തി പങ്കിടുന്ന ഗാസ ഭരിക്കുന്നത് ഹമാസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറാണ്. ഫലസ്തീനിലെ പ്രതിസന്ധികളും യു എസ് എംബസി ജറൂസലമിലേക്ക് മാറ്റാനുള്ള ട്രംപിന്റെ വിവാദ തീരുമാനവും കൂടിക്കാഴ്ചക്കിടെ ചര്‍ച്ച ചെയ്യുമെന്ന് പ്രസ്താവനയില്‍ പറയുന്നു. യു എസ് എംബസി ഇന്നാണ് ജറൂസലമിലേക്ക് മാറ്റുന്നത്. കഴിഞ്ഞ ഡിസംബറിലാണ് യു എസ് എംബസി ജറൂസലമിലേക്ക് മാറ്റുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. നീക്കത്തെ എതിര്‍ത്ത് പതിനായിരക്കണക്കിന് ഫലസ്തീനികള്‍ ഇന്ന് പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചതിന് പിന്നാലെ ജറൂസലമിലെ റോഡുകളില്‍ യു എസ് എംബസി എന്നെഴുതിയ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ആരംഭിച്ചിരുന്നു. ഇംഗ്ലീഷിലും ഹീബ്രുവിലും അറബികിലും യു എസ് എംബസി എന്നെഴുതിയ ബോര്‍ഡുകള്‍ തെക്കന്‍ ജറൂസലമിലെ വിവിധ റോഡുകളില്‍ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ അറബ് രാഷ്ട്രങ്ങള്‍ ഉള്‍പ്പടെ അന്താരാഷ്ട്ര സമൂഹം ശക്തമായി എതിര്‍ത്തിരുന്നു. അടുത്തു നടന്ന അറബ് ലീഗ് ഉച്ചകോടിയില്‍ ഈ നടപടിയെ നിശ്ഫലമെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാര്‍ച്ച് 30ന് ആരംഭിച്ച ഭൂമിതിരിച്ചുപിടിക്കല്‍ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇസ്‌റാഈല്‍ സൈന്യം 49 ഫലസ്തീനികളെ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. 8500ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

അമേരിക്കന്‍ പ്രതിനിധികള്‍ ഇസ്‌റാഈലിലെത്തി

റാമല്ല: ജറൂസലമിലേക്ക് യു എസ് എംബസി ഇന്ന് മാറ്റുന്നതിന് മുന്നോടിയായി അമേരിക്കന്‍ പ്രതിനിധികള്‍ ഇസ്‌റാഈലിലെത്തി. യു എസ് പ്രസിഡന്റ് ട്രംപിന്റെ മകള്‍ ഇവാന്‍കയും ഭര്‍ത്താവ് ജാറെഡ് കുഷ്‌നറും വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉപദേശകരുമാണ് ഇസ്‌റാഈലിലെത്തിയത്. എംബസി മാറ്റ ചടങ്ങില്‍ ഇവര്‍ സംബന്ധിക്കും. എന്നാല്‍ ട്രംപ് ചടങ്ങിനെത്തില്ലെന്നാണ് സൂചന. പകരം വീഡിയോ കോണ്‍ഫറന്‍സ് വഴി അദ്ദേഹം ചടങ്ങിനെ അഭിസംബോധന ചെയ്യും. എംബസി മാറ്റം ആഹ്ലാദത്തിനുള്ള വകനല്‍കുന്നുണ്ടെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എന്നാല്‍ ഇസ്‌റാഈലിന്റെയും അമേരിക്കയുടെയും നീക്കത്തെ ഫലസ്തീന്‍ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുണ്ട്.