കുമാരസ്വാമി സിംഗപ്പൂരില്‍; സഖ്യ ചര്‍ച്ചകള്‍ക്കെന്ന് അഭ്യൂഹം

Posted on: May 14, 2018 6:12 am | Last updated: May 13, 2018 at 11:16 pm

ബെംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ തൂക്കുസഭക്ക് സാധ്യത പ്രവചിച്ചതോടെ ജനതാദള്‍ എസ് സംസ്ഥാന അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി സിംഗപ്പൂരിലെത്തി. എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നതിന് പിന്നാലെ കുമാരസ്വാമി സിംഗപ്പൂരിലേക്ക് പോയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അഭ്യൂഹങ്ങള്‍ക്കിടയാക്കി. കര്‍ണാടകയില്‍ തൂക്കുസഭക്കായിരിക്കും കളമൊരുങ്ങുന്നതെങ്കില്‍ ആരുമായി സഖ്യമുണ്ടാക്കണമെന്നത് സംബന്ധിച്ച രഹസ്യ ചര്‍ച്ച നടത്തുകയാണ് യാത്രയുടെ ഉദ്ദേശ്യമെന്ന പ്രചാരണം ശക്തമായിട്ടുണ്ട്. മാധ്യമങ്ങളുടെ ശ്രദ്ധയില്‍ നിന്ന് മാറി സഖ്യ ചര്‍ച്ചകള്‍ നടത്തുന്നതിനാണ് കുമാരസ്വാമി സിംഗപ്പൂരിലേക്ക് പോയതെന്നാണ് വിവരം. ഇന്ന് വൈകീട്ടോടെ മാത്രമേ അദ്ദേഹം ബെംഗളൂരുവില്‍ തിരിച്ചെത്തുകയുള്ളൂ.

തൂക്കുസഭയാണ് വരുന്നതെങ്കില്‍ ജനതാദള്‍ എസിന്റെ നിലപാട് നിര്‍ണായകമാകും. ബി ജെ പി, കോണ്‍ഗ്രസ് നേതാക്കള്‍ ജെ ഡി എസ് നേതൃത്വവുമായി വിവിധ തലങ്ങളില്‍ കൂടിയാലോചനകള്‍ നടത്തിവരുന്നതായി സൂചനയുണ്ട്. തൂക്കുസഭ വന്നാല്‍ ജെ ഡി എസ് ആരെ പിന്തുണക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ബി ജെ പി സഖ്യത്തിന് ഒരുതരത്തിലും പാര്‍ട്ടി തയ്യാറാകുകയില്ലെന്ന് ദേവെഗൗഡ നേരത്തെ തന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ ജെ ഡി എസ് കേരളാ ഘടകവും എതിര്‍പ്പ് അറിയിച്ച് രംഗത്ത് വന്നിരുന്നു.

എന്തുവന്നാലും ബി ജെ പിയെ പിന്തുണക്കില്ലെന്ന് ജെ ഡി എസ് വക്താവ് ഡാനിഷ് അലിയും വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യം വന്നാല്‍ അവരെ പിന്തുണക്കാന്‍ ജെ ഡി എസ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷത്തിന് 112 സീറ്റാണ് വേണ്ടത്. ജെ ഡി എസിന് 31 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനമുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി ജെ പിയും കോണ്‍ഗ്രസും ഒരുപോലെ ജനതാദളിനെ കടന്നാക്രമിച്ചിരുന്നു.

ബി ജെ പിയുടെ ബി ടീമാണ് ജെ ഡി എസ് എന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശം. ജെ ഡി എസ് കോണ്‍ഗ്രസിന്റെ ബി ടീമാണെന്നായിരുന്നു നരേന്ദ്ര മോദി ആരോപിച്ചിരുന്നത്. ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു ദേവെഗൗഡ ഇത്ര നാളും പറഞ്ഞത്.
എന്നാല്‍, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതോടെ അദ്ദേഹം അടവ് മാറ്റുകയാണ്. ബി ജെ പിക്കൊപ്പം നിന്നാല്‍ രാഷ്ട്രീയമായി ഏറെ തിരിച്ചടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.

സിദ്ധരാമയ്യ നേരിട്ട് വന്ന് സഖ്യത്തിന് ശ്രമിക്കണമെന്നാണ് ജെ ഡി എസിന്റെ ആവശ്യം. കോണ്‍ഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷം കിട്ടുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. മുതിര്‍ന്ന നേതാവ് വീരപ്പ മൊയ്‌ലിയും സഖ്യസാധ്യത തള്ളിയിട്ടുണ്ട്.