Connect with us

Articles

മാഹി - വളപട്ടണം കരജല പാത അശാസ്ത്രീയം

Published

|

Last Updated

കണ്ണൂര്‍ ജില്ലയിലെ മാഹി മുതല്‍ വളപട്ടണം വരെ കര തുരന്ന് നിര്‍മിക്കാനുദ്ദേശിക്കുന്ന കൃത്രിമ ജലപാത ലക്ഷ്യം നേടാതെ ജനങ്ങളെ പരിസ്ഥിതി അഭയാര്‍ഥികളാക്കി മാറ്റും. അയ്യായിരം കോടിയിലധികം രൂപ ചെലവ് വരുന്ന കൃത്രിമ ജലപാതക്ക് മൂന്ന് ഘട്ടങ്ങളുണ്ട്. ആകെ കര കുഴിക്കേണ്ടത് 29 കിലോമീറ്ററാണ്. 60 മീറ്റര്‍ വീതിയില്‍ സ്ഥലമെടുപ്പ് നടക്കും. അതില്‍ 40 മീറ്റര്‍ വീതിയില്‍ 10 മീറ്ററിലധികം ആഴത്തില്‍ മണ്ണെടുക്കും.

മയ്യഴി പുഴയുടെ പെരുങ്ങത്തൂര്‍ ഭാഗത്തെ കൈവഴിയായ കൊച്ചിയങ്ങാടി, എലിതോട് തുടങ്ങിയ ഏലാംകോട്, പുഞ്ചവയല്‍ കല്ലമ്മതോട്, ബേസില്‍ പീടിക, തെക്കേ പാനൂര്‍, പാനൂര്‍ വയല്‍ ഭാഗം, കൊളത്തുപീഠിക, കിഴക്കേ ചമ്പാട്, ചമ്പാട് തോട്ടുങ്കല്‍, കുന്നോത്ത് മുക്ക്, വഴി എരഞ്ഞോളി പുഴയിലെ ചാടാലപാഴ തടയണ വരെയുള്ള 10 കി. മീ ആണ് ഒന്നാം ഘട്ടം. ഇത് പെരിങ്ങത്തൂര്‍, പെരിങ്ങളം, തൃപ്പങ്ങോട്ടൂര്‍, പാനൂര്‍, പന്ന്യനൂര്‍, മൊകേരി എന്നീ വില്ലേജുകളിലൂടെയാണ് കടുന്നുപോകുന്നത്.

തലശ്ശേരി വില്ലേജിലെ ഇല്ലിക്കുന്ന്- കയ്യാലി മുതല്‍ മണ്ണയാട് വരെയാണ് രണ്ടാം ഘട്ടം. മമ്മാക്കുന്ന് മുതല്‍ കക്കാട് വരെയുള്ളതാണ് മൂന്നാം ഘട്ടം. കൊച്ചിന്‍ ഇന്റര്‍ നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ കീഴിലുള്ള കേരള വാട്ടര്‍ വേയ്‌സ് ഇന്‍ഫ്രാസ് ട്രക്ചര്‍ ലിമിറ്റഡിനാണ് നിര്‍മാണ ചുമതല.

സമുദ്ര നിരപ്പില്‍ നിന്നും കരജലപാത നിര്‍മാണം ഒരു പരിധിയില്‍ കൂടുതല്‍ താഴുമ്പോള്‍ നിലവിലുള്ള ഭൂഗര്‍ഭ ജലവിതാനം താഴെ പോകും. കിണറുകളില്‍ നിന്നും മറ്റു ജലാശയങ്ങളില്‍ നിന്നും വെള്ളം താഴെ പോകും. വയലുകള്‍ ക്രമാതീതമായി വരള്‍ച്ചയിലേക്ക് വഴുതും. ഈ പ്രശ്‌നത്തിന് പരിഹാരമായി ഈ പ്രദേശങ്ങളില്‍ നാവിഗേഷന്‍ ലോക്കുകള്‍ സ്ഥാപിക്കുകയെന്നതാണ് നിര്‍ദേശം. സംസ്ഥാനത്ത് ഒരു സ്ഥലത്തും ഇത്തരം സംവിധാനങ്ങള്‍ വിജയിച്ചിട്ടില്ല. കൃഷി തകരും. നെല്ല് മാത്രമല്ല, കമുകും ജാതിയും കുരുമുളകും റബ്ബറും വരെ ഉണങ്ങുന്ന അവസ്ഥ വരും.

പ്രാദേശിക ഭൂഗര്‍ഭ ജല അളവോ കിട്ടുന്ന മഴയുടെ തോതോ മണ്ണിന്റെ ഘടനയോ കൃഷിയിലേര്‍പ്പെട്ടിരിക്കുന്നവരുടെ കണക്കോ പഠിക്കാതെയും നാവിഗേഷന്‍ ലോക്കുകള്‍ വഴി എല്ലാം പരിഹരിക്കപ്പെടുമെന്ന ഉള്‍നാടന്‍ ജലഗതാഗത വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ റിപ്പോര്‍ട്ട് അറിവില്ലായ്മയായേ ഗണിക്കാനാകൂ. മാഹി പുഴയില്‍ നിന്നോ വളപട്ടണം പുഴയില്‍ നിന്നോ വേലിയേറ്റം രൂക്ഷമാകുമ്പോള്‍ ഉപ്പുവെള്ളം കയറാനുള്ള സാധ്യത തടയാന്‍ ഉപ്പുവെള്ള നിര്‍മാര്‍ജന ക്രോസ്ബാര്‍ സ്ഥാപിക്കുമെന്നത് തല തിരിഞ്ഞ നടപടിയാണ്. ആലപ്പുഴ ജില്ലയിലെ തണ്ണീര്‍ മുക്കം ബണ്ടും തോട്ടപ്പിള്ള സ്പില്‍ വേയും പരാജയമായത് ഉപ്പുവെള്ള കയറ്റം തടയാനാകാത്തത് മൂലമാണ്. കുട്ടനാടന്‍ കര്‍ഷകര്‍ ഇക്കാരണത്താല്‍ വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്നു.

29 കിലോമീറ്റര്‍ കൃത്രിമ കരജലപാത സാധ്യമാകണമെങ്കില്‍ ലക്ഷക്കണക്കിന് മരങ്ങളാണ് മുറിക്കേണ്ടിവരിക. ഇതിന് പകരം വനം വകുപ്പുമായി ചേര്‍ന്ന് മരം നടും എന്ന് പറയുന്നത് അസംബന്ധമാണ്. പശ്ചിമ ഘട്ടത്തില്‍ വനം നശിപ്പിച്ച് പണി തീര്‍ത്ത അണക്കെട്ടുകള്‍ക്ക് വേണ്ടി വെട്ടിമാറ്റിയ മരങ്ങള്‍ക്ക് പകരമോ, നാളിതുവരെ റോഡിനു വേണ്ടിയും മറ്റു നിര്‍മാണങ്ങള്‍ക്ക് വേണ്ടിയോ വെട്ടിമാറ്റിയതിന് പകരം ഒരു ശതമാനം പോലും മരങ്ങള്‍ വെച്ചുപിടിപ്പിക്കാത്തത് ജനങ്ങള്‍ക്ക് മുമ്പില്‍ തെളിഞ്ഞുനിര്‍ക്കുന്നു.

കടുത്ത വരള്‍ച്ചയിലേക്കും താപനിലയിലെ വളര്‍ച്ചയിലേക്കും രൂക്ഷമായ വായു മലിനീകരണത്തിലേക്കും വഴുതി വീണിരിക്കുന്നത് വനനാശവും മരനാശവും മൂലമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ഇനിയും ലക്ഷക്കണക്കിന് മരങ്ങള്‍ മുറിക്കുന്നത് വിപത്തല്ലേ?

വിമാന മാര്‍ഗവും കണ്ടയ്നര്‍ വഴി റോഡ് മാര്‍ഗവും ചരക്കു നീക്കം സുഗമമാണെന്നിരിക്കെ ഈ ജലപാതയിലൂടെ ചരക്ക് നീക്കം ഉണ്ടാകുമെന്നത് വ്യാമോഹമാണ്. വ്യാവസായികമായി പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനത്തെ ചരക്കു നീക്കമെന്നത് എഫ് എ സി ടിയിലേക്കുള്ള ബാര്‍ജുകള്‍ വഴിയുള്ള സള്‍ഫര്‍ നീക്കമാണ്. നിലവിലുള്ള പ്രകൃതിദത്തമായ ജലപാതയിലൂടെ നാളിതുവരെ നടന്ന ചരക്ക് നീക്കത്തിന്റെ കണക്ക് പരിശോധിച്ചാല്‍ പുതിയ കരജലപാതയിലൂടെ ചരക്കുനീക്കമെന്നത് പദ്ധതി നടന്നുകിട്ടാനുള്ള പ്രചാരണം മാത്രമാണെന്ന് മനസ്സിലാകും.
കേരളത്തിലെ ഉള്‍നാടന്‍ വിനോദ സഞ്ചാരത്തിനായി കായലുകളും പുഴകളും നിരവധി ഉണ്ടെന്നിരിക്കെ അഗാധത്തില്‍ കുഴിച്ചുണ്ടാക്കുന്ന കരജലപാതയിലൂടെ എത്ര പേര്‍ വിനോദസഞ്ചാരത്തിനിറങ്ങും? നമ്മുടെ കായല്‍ വിനോദസഞ്ചാരികള്‍ക്ക് ആവശ്യത്തിന് പ്രകൃതി ഭംഗി ആസ്വദിക്കാന്‍ അവസരമുള്ളപ്പോള്‍ ഒരു ഭൂഗര്‍ഭ ചാനലിലൂടെ കരയിലെ പ്രകൃതി ഭംഗി ആസ്വദിക്കാനാകാതെ എത്ര വിനോദ സഞ്ചാരികള്‍ കരജലപാതയിലൂടെ നാട് കാണാനിറങ്ങും.

കൃത്രിമ ജലപാതയിലൂടെ വേലിയേറ്റം വഴി ഉപ്പുവെള്ളം കയറുന്നതോടെ വേലിയേറ്റ പ്രഭാവമുള്ള പ്രദേശങ്ങള്‍ തീരദേശ നിയന്ത്രണ നിയമത്തിന്റെ കീഴില്‍ വരും. ഇതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് വീഴും. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കര കുഴിച്ച് മണ്ണെടുക്കേണ്ടത് കണ്ണൂര്‍ ജില്ലയില്‍ ഇന്ന് നടന്നുവരുന്ന ദേശീയ പാതാ വികസനത്തിനും ബൈപ്പാസ് നിര്‍മാണത്തിനും അത്യന്താപേക്ഷിതമാണ്. അങ്ങനെ വരുമ്പോള്‍ മാഹി പുഴയും വളപട്ടണം പുഴയും ബന്ധിപ്പിക്കുന്നത് മണ്ണെടുപ്പിനാണെന്ന് അനുമാനിക്കേണ്ടിവരും. ഇന്ന് വികസനത്തിന്റെ പേരില്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം നൂറില്‍ ഒരാള്‍ എന്ന കണക്കില്‍ കുടിഒഴിപ്പിക്കപ്പെടലിന്റെ നിഴലിലാണ്. ജനങ്ങളെ പരിസ്ഥിതി അഭയാര്‍ഥികളാക്കി വികസനം അടിച്ചേല്‍പ്പിക്കുന്നത് എന്തിന് വേണ്ടിയാണ്? സംസ്ഥാനത്തെ വികസനത്തിന് മാനുഷിക മുഖം വേണം.