Connect with us

Kerala

കുറ്റവാളികളില്‍ മാനസാന്തരമുണ്ടാക്കാന്‍ പാലക്കാട്ട് ആധുനിക സൗകര്യങ്ങളോടെ ജയില്‍ ഒരുങ്ങുന്നു

Published

|

Last Updated

ആധുനിക സംവിധാനത്തോടെ നിര്‍മിച്ച പാലക്കാട് ജില്ല ജയില്‍

പാലക്കാട്: കുറ്റവാളികള്‍ക്ക് മാനസാന്തരമുണ്ടാക്കി സാധാരണ മനുഷ്യരാക്കി മാറ്റുന്നതിനുള്ള ജയില്‍ ജില്ലയില്‍ ഒരുങ്ങുന്നു. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരം ജയില്‍ ഒരുങ്ങുന്നത്. പാലക്കാട് നഗരത്തില്‍ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ മാറി മലമ്പുഴ ഉദ്യാനത്തിനടുത്തായി മന്തക്കാട് ജലസേചനവകുപ്പിന്റെ എട്ട് ഏക്കര്‍ സ്ഥലത്താണ് ജില്ലാ ജയില്‍ ഒരുങ്ങുന്നത്. നഗരത്തിന്റെ ആരവങ്ങളോ ബഹളങ്ങളോ ഒന്നുമില്ല. ജയിലില്‍ നിന്ന് 100 മീറ്റര്‍ ദൂരെയായി മലമ്പുഴ സര്‍ക്കാര്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതൊഴിച്ചാല്‍ ശാന്തമായ പ്രദേശം. മലമ്പുഴ ഉദ്യാനത്തിലേക്ക് ഇവിടെ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം. ഇടുങ്ങിയ സെല്ലുകള്‍ക്കു പകരം 20 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വലിയ സെല്ലുകളാണ് ഇവിടെ നിര്‍മിച്ചിട്ടുള്ളത്. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി ഓരോ സെല്ലിലും പ്രത്യേകം ടോയ്‌ലെറ്റും നിര്‍മിച്ചിട്ടുണ്ട്. ഒരേ സമയം 333 കുറ്റവാളികളെ പാര്‍പ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് സെല്ലുകളുടെ ക്രമീകരണം. സ്ത്രീതടവുകാര്‍ക്കും പുരുഷ തടവുകാര്‍ക്കുമായി പ്രത്യേകം ബ്ലോക്കുകള്‍, ഭിന്നലിംഗക്കാര്‍ക്കായി സെല്‍ എന്നിവയുമുണ്ട്. ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേകം സെല്‍ നിര്‍മിച്ച കേരളത്തിലെ ആദ്യത്തെ ജയില്‍ കൂടിയാകും പാലക്കാട് ജില്ലാ ജയില്‍.

കുറ്റവാളികളായെത്തുന്നവരെ കുറ്റകൃത്യവാസന ഇല്ലാതാക്കി മറ്റു സാധാരണ മനുഷ്യരെപ്പോലെ ജീവിക്കാന്‍ പ്രാപ്തരാക്കുന്ന തരത്തിലേക്ക് എത്തിക്കുന്നതിനുവേണ്ട സൗകര്യങ്ങള്‍ ജയിലിനകത്ത് ചെയ്തിട്ടുണ്ട്. പ്രാര്‍ഥനാ മന്ദിരം, ചെറിയ ചെറിയ തൊഴില്‍ പഠിപ്പിക്കുന്നതിനായി വൊക്കേഷനല്‍ ട്രെയിനിംഗ് ഹാള്‍ എന്നിവയൊക്കെ ഇതിന്റെ ഭാഗമായി സജ്ജീകരിച്ചതായി പദ്ധതിയുടെ ചുമതല വഹിക്കുന്ന നോഡല്‍ ഓഫീസര്‍ മുജീബ് റഹ്മാന്‍ പറഞ്ഞു. അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിനായി പ്രത്യേകം ബ്ലോക്ക്, 400 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഡൈനിംഗ് ഹാള്‍, ചപ്പാത്തി യൂനിറ്റിനായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന അടുക്കള എന്നിവയുള്‍പ്പെടെ നിരവധി സംവിധാനങ്ങള്‍ ജയില്‍ കെട്ടിടത്തിനകത്ത് ഒരുക്കിയിട്ടുണ്ട്. ജയിലിനോട് ചേര്‍ന്ന് ജലസേചന വകുപ്പിന്റെ രണ്ടര ഏക്കര്‍ സ്ഥലത്ത് ജയില്‍ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമായി ഫഌറ്റുകള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. 9.7 കോടി മുടക്കി ജയില്‍ വകുപ്പ് നിര്‍മിച്ച ജില്ലാ ജയില്‍ ജൂണില്‍ തുറക്കാനാണ് ലക്ഷ്യമിടുന്നത്.

---- facebook comment plugin here -----

Latest