Connect with us

International

കെനിയയില്‍ ഡാം തകര്‍ന്ന് 41 മരണം

Published

|

Last Updated

നൈറോബി: കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന കെനിയയില്‍ ഡാം തകര്‍ന്ന് 41 മരണം. കെനിയയിലെ റിഫ്റ്റ് വാലിയിലുള്ള ഡാമാണ് തകര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് നൂറുകണക്കിന് പേര്‍ വീടുകള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. മരിച്ചവരില്‍ 20 പേര്‍ കുട്ടികളാണെന്ന് വ്യക്തമായിട്ടുണ്ട്. നിരവധി പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.

ബുധനാഴ്ച രാത്രി നകുറു കണ്ട്രിയിലെ സോളായിലുള്ള പട്ടേല്‍ ഡാമാണ് തകര്‍ന്നത്. നൂറുകണക്കിന് വീടുകള്‍ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. നിരവധി പേരെ കാണാതായിട്ടുണ്ട്. വലിയ ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്ന് റോംഗായി ടൗണ്‍ പോലീസ് മേധാവി ജോസഫ് കിയോകോ പറഞ്ഞു. ഡാം തകര്‍ന്നതിനെ തുടര്‍ന്ന് ഒരു ഗ്രാമം തന്നെ നിശ്ശേഷം ഒലിച്ചുപോയി. ചളിയില്‍ പുതഞ്ഞ് പോയ 40ലധികം പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. കൃഷിയാവശ്യങ്ങള്‍ക്കായി ഇവിടെ ഏഴ് ഡാമുകള്‍ പ്രവര്‍ത്തിക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. മറ്റു രണ്ട് ഡാമുകള്‍ കൂടി അപകടവക്കിലാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാര്‍ച്ച് മുതല്‍ കെനിയയില്‍ തുടര്‍ന്നുവരുന്ന പ്രകൃതിദുരന്തങ്ങളില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 170 ആയി ഉയര്‍ന്നു. രാജ്യത്തിന്റെ പകുതിയിലധികം പ്രദേശങ്ങള്‍ നേരിട്ട കടുത്ത വരള്‍ച്ചക്ക് ശേഷമാണ് ഇപ്പോള്‍ കനത്ത മഴയും വെള്ളപ്പൊക്കവും രാജ്യം നേരിടുന്നത്.

---- facebook comment plugin here -----

Latest