Connect with us

International

ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം

Published

|

Last Updated

തെക്കന്‍ ദമസ്‌കസിലെ കിസ്‌വയില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്നുള്ള രാത്രി ദൃശ്യം. സിറിയന്‍ വാര്‍ത്താ ഏജന്‍സി സനയാണ് ഈ ആക്രമണ ദൃശ്യം പുറത്തുവിട്ടത്

ദമസ്‌കസ്: സിറിയയിലെ ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം. ഇറാന്റെ ഒരു ഡസനിലേറെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്‌റാഈല്‍ സൈന്യം വ്യക്തമാക്കി. ഗോലന്‍ കുന്നുകളിലെ ഇസ്‌റാഈല്‍ സൈന്യത്തെ ലക്ഷ്യമാക്കി ഇറാന്‍ റോക്കറ്റുകളും മിസൈലുകളും വിക്ഷേപിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു ഇസ്‌റാഈലിന്റെ ആക്രമണം. ഇറാന്റെ രഹസ്യാന്വേഷണ കേന്ദ്രം, ആയുധ സംഭരണികള്‍, സൈനിക വാഹനങ്ങള്‍ എന്നിവയെല്ലാം ലക്ഷ്യമാക്കിയായിരുന്നു വ്യോമാക്രമണം. ഇതിന് പുറമെ സിറിയന്‍ സൈന്യത്തിന്റെ ചില കേന്ദ്രങ്ങളും വ്യോമാക്രമണത്തില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. സിറിയയുടെ റഡാര്‍ സംവിധാനത്തിന് തകരാര്‍ സംഭവിച്ചതായി സിറിയന്‍ വാര്‍ത്താ ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു.

സിറിയന്‍ പ്രദേശം ഉപയോഗപ്പെടുത്തി ഇറാന്‍ സൈന്യം തങ്ങളെ ആക്രമിക്കുന്നുവെന്ന് നേരത്തെ ഇസ്‌റാഈല്‍ ആരോപിച്ചിരുന്നു. ഹോംസ് പ്രവിശ്യയിലെ ഒരു വ്യോമ കേന്ദ്രത്തിന് നേരെ മുമ്പ് ഇസ്‌റാഈല്‍ സൈന്യം ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സിറിയയില്‍ ഒരു ഡസനിലേറെ ആക്രമണങ്ങള്‍ ഇസ്‌റാഈല്‍ നടപ്പാക്കിയിട്ടുണ്ട്. 2011ല്‍ സിറിയന്‍ ആഭ്യന്തര യുദ്ധം തുടങ്ങിയതോടെ ഇറാനും ഇസ്‌റാഈലും തമ്മിലുള്ള തര്‍ക്കവും രൂക്ഷമായി. അതേസമയം, സിറിയയില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തിനിടെ തങ്ങളുടെ വ്യോമപരിധി ലംഘിച്ചതായി ലബനാന്‍ ചൂണ്ടിക്കാട്ടി.