Connect with us

National

പീഡനങ്ങളനുഭവിച്ചു, ജന്മനാട് വിട്ട് എങ്ങോട്ടുമില്ല: ഡോ. കഫീല്‍ ഖാന്‍

Published

|

Last Updated

khafeelന്യൂഡല്‍ഹി: യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ ക്രൂരപീഡനങ്ങള്‍ വിശദീകരിച്ച് യു പിയിലെ ഗോരഖ്പൂര്‍ ബി ആര്‍ ഡി മെഡിക്കല്‍ കോളജിലെ മുന്‍ ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാന്‍. ഡല്‍ഹി പ്രസ്‌ക്ലബില്‍ “യുനൈറ്റഡ് എഗന്‍സ്റ്റ് ഹേറ്റ്” എന്ന സന്നദ്ധ സംഘടന നടത്തിയ മുഖാമുഖം പരിപാടിയിലാണ് ഡോ. കഫീല്‍ ഖാന്‍ ഗോരഖ്പൂരിലെ ശിശുമരണത്തെ സംബന്ധിച്ചും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തനിക്കെതിരെ നടത്തിയ പീഡനങ്ങളെക്കുറിച്ചും സംസാരിച്ചത്. ശ്വാസം കിട്ടാതെ പിഞ്ചുകുട്ടികള്‍ പിടഞ്ഞുമരിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിച്ചതിനാണ് എട്ട് മാസം ജയിലില്‍ കിടന്നത്. ഭരണകൂടത്തിന്റെ പരാജയം മറച്ചുവെക്കുന്നതിന് ബലിയാടുകളാക്കിയാണ് തനടക്കമുള്ള എട്ട് പേര്‍ പ്രതികളായതെന്നും അദ്ദേഹം പറഞ്ഞു.

ജയിലില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ പലഭാഗങ്ങളില്‍ നിനന്നുള്ള പിന്തുണയും സേവനം ചെയ്യുന്നതിനുള്ള വാഗ്ദാനങ്ങളും വരുന്നുണ്ട്. എന്നാല്‍, ജന്മനാട് വിട്ട് എങ്ങോട്ടുമില്ല. മോചനം ലഭിച്ചതിന് ശേഷം ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച കുഞ്ഞുങ്ങളുടെ രക്ഷിതാക്കളടക്കമുള്ളവര്‍ പിന്തുണ നല്‍കുന്നുണ്ട്. ഇതുകൊണ്ടു തന്നെ ഗോരഖ്പൂരില്‍ പ്രവര്‍ത്തിക്കാന്‍ വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ഗോരഖ്പൂര്‍ വിട്ട് എങ്ങോട്ടുമില്ല. തന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്നും ബി ആര്‍ ഡി മെഡിക്കല്‍ കോളജില്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്നുമാണ് കരുതുന്നത്. അല്ലാത്ത പക്ഷം ഗോരഖ്പൂരില്‍ എല്ലാ സൗകര്യവുമുള്ള ആശുപത്രി സ്ഥാപിച്ച് സൗജന്യ ചികിത്സ നല്‍കാനാണ് തീരുമാനം. താന്‍ പ്രതികരിക്കാന്‍ തുടങ്ങിയതോടെയാണ് വിഷയം പുറംലോകം അറിഞ്ഞതും നീതി ലഭിച്ചതെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

ജയിലിലുണ്ടായ അനുഭവങ്ങളും അദ്ദേഹം വിവരിച്ചു. മാധ്യമങ്ങളെ പേടിച്ച് ശാരീരികമായി കൈകാര്യം ചെയ്തിട്ടില്ല. എന്നാല്‍, നാവുകൊണ്ട് ആക്രമിച്ചു. 180 പേര്‍ താമസിക്കുന്ന ചെറിയ ഹാളില്‍ ഒരു ശുചിമുറി മാത്രമാണ് ഉണ്ടായിരുന്നത്. മറ്റു തടവുകാര്‍ക്ക് പോലും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യമുണ്ടായിരുന്നു. ആഗസ്റ്റ് 10ന് ആശുപത്രിയില്‍ ഓക്‌സിജന്‍ തീര്‍ന്നതോടെ എല്ലാ വഴികളും താന്‍ തേടിയിരുന്നു. എന്നാല്‍ പിറ്റേന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയതോടെ കഥ മാറി. ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ മുന്നില്‍ വെച്ച് കഫീല്‍ ഖാന്‍ ആരാണെന്നും ഹീറോയാകുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. നമുക്ക് കാണാമെന്ന് അദ്ദേഹം ഭീഷണപ്പെടുത്തി. ജീവിതത്തില്‍ പലരില്‍ നിന്നും പാഠങ്ങള്‍ പഠിക്കും. യോഗി ആദിത്യനാഥില്‍ നിന്നും വലിയൊരു പാഠമാണ് പഠിച്ചത്.

ബി ജെ പി വക്താക്കള്‍ കള്ളനാണെന്നും മറ്റും പ്രചരിപ്പിച്ചു. ഒരു ഓക്‌സിജന്‍ സിലിന്‍ഡറിന് രണ്ട് ലക്ഷം രൂപയാകുമെന്നും 250 സിലിന്‍ഡര്‍ എത്തിക്കാന്‍ എവിടെനിന്ന് പണം കിട്ടിയെന്നുമായിരുന്നു പ്രചരണം. 250 രൂപ മാത്രമാണ് ഒരു സിലിന്‍ഡര്‍ നിറക്കാനുള്ള ചെലവെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക സീമ മുസ്തഫ മുഖാമുഖം നിയന്ത്രിച്ചു. ജെ എന്‍ യു മുന്‍ യൂനിയന്‍ നേതാവ് മോഹിത് പാണ്ഡെ അധ്യക്ഷനായി.

 

Latest