Connect with us

Editorial

കോടതിയുടെ അന്തസ്സ് കാക്കണം

Published

|

Last Updated

പരിഹാസ്യവും നാടകീയവുമായ രംഗങ്ങളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ സമര്‍പ്പിക്കപ്പെട്ട കുറ്റവിചാരണാ ഹരജി തള്ളിയ രാജ്യസഭാ അധ്യക്ഷന്റെ നടപടിയെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയുടെ കാര്യത്തില്‍ സുപ്രീം കോടതിയില്‍ അരങ്ങേറിയയത്. രാജ്യസഭയിലെ കോണ്‍ഗ്രസ് അംഗങ്ങളായ പ്രതാപ് സിംഗ്് ബജ്‌വ, അമീഹര്‍ഷാദ്‌റെ യജ്‌നിക് എന്നിവര്‍ പ്രമുഖ അഭിഭാഷകനായ കപില്‍ സിബല്‍ മുഖേന തിങ്കളാഴ്ച സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച 10 30നു ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരുടെ ബഞ്ചില്‍ പരിഗണിക്കാന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍, അത് പന്തിയല്ലെന്ന് മനസ്സിലാക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇടപെടുകയും കേസ് അഞ്ചംഗ ഭരണഘടനാ ബഞ്ചിന് വിടുകയുമായിരുന്നു. ചീഫ് ജസ്റ്റിസിനെതിരെയുള്ള കേസുകള്‍ അദ്ദേഹത്തിന് താത്പര്യമുള്ള ജഡ്ജിമാരുടെ ബഞ്ചിന് വിടുകയെന്ന തന്ത്രമായിരുന്നു ഇതിന് പിന്നില്‍.

കഴിഞ്ഞ നവംബറില്‍ മെഡിക്കല്‍ കോഴക്കേസിലും ചീഫ് ജസ്റ്റിസ് ഇതേ നിലപാടാണ് സ്വീകരിച്ചത്. തുടക്കത്തില്‍ സുപ്രീം കോടതിയിലെ അഞ്ച് മുതിര്‍ന്ന ജഡ്ജിമാര്‍ ചേര്‍ന്ന ബഞ്ച് കേസ് പരിഗണിക്കണമെന്ന് ജസ്റ്റീസ് ചെലമേശ്വര്‍ അധ്യക്ഷനായ ബഞ്ച് ഉത്തരവിറിക്കി. എന്നാല്‍ ഭരണഘടനാ ബഞ്ചുകള്‍ രൂപവത്കരിക്കാനുള്ള ഉത്തരവ് നല്‍കാന്‍ ചീഫ് ജസ്റ്റിസിന് മാത്രമേ അധികാരമുള്ളൂവെന്ന വാദമുയര്‍ത്തിയ ദീപക് മിശ്ര ജസ്റ്റിസ് ചെലമേശ്വറിന്റെ ഉത്തരവ് റദ്ദാക്കി ജൂനിയര്‍ ജഡ്ജിമാരുള്‍ക്കൊള്ളുന്ന മറ്റൊരു ബഞ്ച് രൂപവത്കരിക്കുകയാണുണ്ടായത്. ആ ബഞ്ച് കോഴക്കേസ് പരിഗണനക്കെടുത്ത ശേഷം തള്ളുകയും ചെയ്തു. ഇതേ രീതിയില്‍ കേസ് പരിഗണിച്ച ശേഷം തള്ളാനായിരുന്നു സിക്രിയുടെ നേതൃത്വത്തിലുള്ള ബഞ്ചിന്റെ പദ്ധതിയെന്നാണ് വിലയിരുത്തല്‍. ഇത് മണത്തറിഞ്ഞ കപില്‍ സിബല്‍ കേസിന്റെ കാര്യത്തില്‍ ചീഫ് ജസ്റ്റിസ് നടത്തിയ കീഴ്‌വഴക്കലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പൊടുന്നനെ ഹരജി പിന്‍വലിക്കുകയാണുണ്ടായത്.

സുപ്രീം കോടതി മുമ്പാകെ വരുന്ന ഹരജികള്‍ സാധാരണ ഗതിയില്‍ ഏതെങ്കിലും ബഞ്ച് പരിഗണിച്ച ശേഷമാണ് ഭരണഘടനാ ബെഞ്ചിനു വിടാറുള്ളത്. അഞ്ച് ജഡ്ജിമാരെങ്കിലുമുള്ള ബഞ്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഒരു കേസില്‍ ഭരണഘടനാ പരമായ വ്യാഖ്യാനം ആവശ്യമാണെന്ന് വന്നാല്‍ ജുഡീഷ്യല്‍ ഉത്തരവിലൂടെയാണത് ചെയ്യേണ്ടത്. ചീഫ് ജസ്റ്റിസിന്റെ ഭരണപരമായ ഉത്തരവിലൂടെ അഞ്ചംഗ ബഞ്ചിലേക്കു വിടാന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ല. ഇത് ചീഫ് ജസ്റ്റിസ് ലംഘിച്ചുവെന്ന് മാത്രമല്ല മെഡിക്കല്‍ കോഴക്കേസുമായി ബന്ധപ്പെട്ടു ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയ നാല് മുതിര്‍ന്ന ജഡ്ജിമാരില്‍ ആരെയും ഉള്‍പ്പെടുത്താതെ അവരേക്കാള്‍ ജൂനിയര്‍മാരായ ജസ്റ്റിസ് എ കെ സിക്രി, എസ് എ ബോബ്‌ഡെ, എന്‍ വി രമണ, അരുണ്‍ മിശ്ര, എ കെ ഗോയല്‍ എന്നിവരുള്‍പ്പെട്ട ബഞ്ചിനാണ് കേസ് നല്‍കിയതും. ഭരണപരമായ ഉത്തരവിലൂടെ ഒരു കേസ് ഭരണഘടനാ ബഞ്ചിനു വിടുന്നത് ഇതാദ്യമാണ്. എന്തുകൊണ്ടാണ് കീഴ്‌വഴക്കം പാലിക്കാതിരുന്നതെന്നും ഹരജി കോടതി പരിഗണിക്കന്നതിന് മുമ്പ് എങ്ങനെ ഭരണഘടനാബഞ്ചിനു വിട്ടുവെന്നുമുള്ള കപില്‍ സിബലിന്റെ ചോദ്യത്തിന് ഉത്തരം നല്‍കാനാകാതെ ജസ്റ്റിസ് സിക്രിയും സഹജഡ്ജിമാരും വെള്ളം കുടിക്കുകയായിരുന്നു. ഹരജി ഭരണഘടനാ ബഞ്ചിനു വിട്ട തീരുമാനം വ്യക്തമാക്കുന്ന ഉത്തരവിന്റെ പകര്‍പ്പു ചോദിച്ചപ്പോള്‍ അതു നല്‍കാനും കോടതിക്ക് സാധിച്ചില്ല.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയോടു ജനങ്ങള്‍ക്കുണ്ടായിരുന്ന എല്ലാ മതിപ്പും ബഹുമാനവും നഷ്ടപ്പെടുത്തുന്ന നടപടികളാണ് അഴിമതിക്കേസില്‍ നിന്നും കുറ്റവിചാരണയില്‍ നിന്നും രക്ഷപ്പെടാന്‍ ജസ്റ്റിസ് ദീപക് മിശ്രയും മോദി സര്‍ക്കാറും ചേര്‍ന്നു നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യസഭയില്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയതിന് സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് വ്യക്തമായ കാരണങ്ങള്‍ മുന്‍വെക്കാനുണ്ടായിരുന്നില്ല. ഒരു സിറ്റിംഗ് ചീഫ് ജസ്റ്റിസിനെതിരെ കുറ്റവിചാരണാ നോട്ടീസ് നല്‍കപ്പെടുന്നതും മുതിര്‍ന്ന ജഡ്ജിമാര്‍ ചേര്‍ന്നു പത്രസമ്മേളനം നടത്തുന്നതുമെല്ലാം ചരിത്രത്തിലാദ്യമാണ്. ഒരു അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിന്റെ മുഖത്തുനോക്കി താങ്കള്‍ അഴിമതി ആരോപിതനാണെന്ന് വിളിച്ചുപറയുന്നതും നീതിന്യായ വ്യവസ്ഥയില്‍ നേരത്തെ കേട്ടുകേള്‍വിയില്ലാത്തതാണ്. മെഡിക്കല്‍ സയന്‍സിന് പ്രവേശനാനുമതി നല്‍കുന്നതിനായി സുപ്രീം കോടതി ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു പ്രശാന്ത് ഭൂഷണ്‍ കഴിഞ്ഞ നവംബര്‍ 11ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് ഇങ്ങനെ പറഞ്ഞത്. ഇംപീച്ച്‌മെന്റ് നടപടികളില്‍ നിന്നും മെഡിക്കല്‍ കോഴക്കേസില്‍ നിന്നും രക്ഷപ്പെടാനായി മുതിര്‍ന്ന സഹ ജഡ്ജിമാരെ അവഗണിച്ചും വെറുപ്പിച്ചും കോടതി ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ചും നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് കെടുത്തുന്ന നീക്കങ്ങളാണ് ചീഫ് ജസ്റ്റിസില്‍ നിന്ന് തുടരെ തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പരമോന്നത കോടതിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുകയും നീതിബോധം മുറുകെ പിടിക്കുകയും ചെയ്ത ജസ്റ്റിസ് കൃഷ്ണയ്യരെ പോലുള്ളവര്‍ കൈകാര്യം ചെയ്ത പദവിയാണിത്. നിരവധി ആരോപണങ്ങളും കുറ്റവിചാരണാ ഹരജികളും നേരിട്ട സ്ഥിതിക്ക് ആ സ്ഥാനത്ത് നിന്ന് മാറി നിന്ന് ആരോപണങ്ങളെക്കുറച്ച് അന്വേഷണത്തിന് സാഹചര്യമൊരുക്കുകയാണ് അദ്ദേഹം ചെയ്യേണ്ടത്. സഹജഡ്ജിമാരുടെ മുമ്പില്‍ തൊറ്റുകൊടുക്കാതിരിക്കാനായി നീതിന്യായ വ്യവസ്ഥയെ തന്നെ സന്ദേഹത്തിലാക്കുന്ന നീക്കങ്ങളും പ്രവര്‍ത്തനങ്ങളും ന്യായീകരിക്കാവതല്ല.

Latest