മധ്യപ്രദേശില്‍ പോലീസ് റിക്രൂട്ട്‌മെന്റ് വീണ്ടും വിവാദത്തില്‍

ഒരു മുറിയില്‍ ഒരുമിച്ച് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വൈദ്യപരിശോധന
Posted on: May 3, 2018 6:25 am | Last updated: May 2, 2018 at 11:28 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ പോലീസ് റിക്രൂട്ട്‌മെന്റിന്റെ ഭാഗമായുള്ള വൈദ്യപരിശോധന വനിതകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ മുറിയില്‍ ഒരുമിച്ച് നടത്തിയത് വിവാദത്തില്‍. ഭിന്തില്‍ നടന്ന ഈ വൈദ്യപരിശോധനയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. പോലീസ് റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി മധ്യപ്രദേശ് സര്‍ക്കാര്‍ ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് വിവാദത്തില്‍ കുടുങ്ങുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പുരുഷ കോണ്‍സ്റ്റബിള്‍മാരുടെ നെഞ്ചില്‍ ‘ജാതി’ എഴുതി വെച്ചതായിരുന്നു ആദ്യ സംഭവം.

ഭിന്ത് ജില്ലാ ആശുപത്രി മുറിയില്‍ വനിതാ ഉദ്യോഗാര്‍ഥികളുടെ ഉയരം അളക്കുന്നതിനൊപ്പം തന്നെ പുരുഷ ഉദ്യോഗാര്‍ഥികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി ഡോക്ടര്‍ പരിശോധനകള്‍ക്ക് വിധേയമാക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്.

സംഭവം വിവാദമായതിന് പിന്നാലെ മെഡിക്കല്‍ ബോര്‍ഡ് ഇന്‍ ചാര്‍ജ് ദേവേന്ദ്ര ശര്‍മയെ ജില്ലാ കലക്ടര്‍ ഇളയരാജ സസ്‌പെന്‍ഡ് ചെയ്തു. മറ്റൊരു ഡോക്ടര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്യുകയും സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. അതേസമയം, വനിതകളുടെ വൈദ്യ പരിശോധന മറ്റൊരു മുറിയിലാണ് നടന്നതെന്നും ഉയരം അളക്കുന്നതിന് വേണ്ടി മാത്രമാണ് പുരുഷന്മാരുടെ പരിശോധനകള്‍ നടന്ന മുറിയിലേക്ക് കൊണ്ടുവന്നതെന്നും ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു. ഈ ഉദ്യോഗസ്ഥനും ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. വനിതാ ഉദ്യോഗാര്‍ഥികളുടെ ഉയരം പുരുഷ ഡോക്ടര്‍മാര്‍ അളക്കുന്നതില്‍ നിയമ പ്രശ്‌നമൊന്നുമില്ലെങ്കിലും അടിവസ്ത്രം മാത്രം ഇട്ടുനില്‍ക്കുന്ന പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നില്‍ അവരെ കൊണ്ടുവന്നതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് അടിസ്ഥാനമെന്ന് ഭിന്ത് എ എസ് പി ഗുരു കരണ്‍ സിംഗ് പ്രതികരിച്ചു. വനിത- പുരുഷ ഉദ്യോഗാര്‍ഥികളെ വൈദ്യ പരിശോധനകള്‍ക്ക് വിധേയമാക്കുന്നതിന് വ്യത്യസ്ത സമയം കണ്ടെത്തേണ്ടിയിരുന്നുവെന്ന് ജില്ലാ കലക്ടറും പറഞ്ഞു.

ധര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം നടന്ന പോലീസ് റിക്രൂട്ട്‌മെന്റില്‍ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികളുടെ നെഞ്ചില്‍ എസ് സി, എസ് ടി, ഒ ബി സി എന്നിങ്ങനെ രേഖപ്പെടുത്തിയത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.