കത്വ കേസ്: വിചാരണക്ക് സുപ്രീം കോടതിയുടെ താത്കാലിക സ്‌റ്റേ

Posted on: April 27, 2018 1:47 pm | Last updated: April 27, 2018 at 11:49 pm

ന്യൂഡല്‍ഹി: കത്വയില്‍ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസില്‍ വിചാരണക്ക് സുപ്രീം കോടതിയുടെ താല്‍ക്കാലിക് സ്‌റ്റേ. കേസ് ജമ്മുവിന് പുറത്തേക്കു മാറ്റണമെന്നും സി ബി ഐ അന്വേഷിക്കണമെന്നുമുള്ള ഹരജികളില്‍ തീരുമാനമാകും വരെയാണ് സ്റ്റേ. കേസ് മെയ് ഏഴിന് വീണ്ടും പരിഗണനക്കെടുക്കും.

കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് കോടതിയെ സമീപിച്ചത്. വിചാരണ നീതിപൂര്‍വമല്ലെങ്കില്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേസില്‍ സി ബി ഐ അന്വേഷണം വേണമെന്നും കക്ഷി ചേരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തെ എതിര്‍ത്ത ജമ്മു കശ്മീര്‍ സര്‍ക്കാര്‍ പ്രത്യേക കോടതി രൂപീകരിച്ച് വിചാരണ പൂര്‍ത്തിയാക്കാമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.