Connect with us

Kerala

വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാര്‍: ഉമ്മന്‍ ചാണ്ടിക്കും കെ ബാബുവിനുമെതിരെ അന്വേഷണ കമ്മീഷന്റെ രൂക്ഷ വിമര്‍ശം

Published

|

Last Updated

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാറുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി കെ ബാബു, അദാനി ഗ്രൂപ്പ് എന്നിവര്‍ക്കെതിരെ അന്വേഷണ കമ്മീഷന്റെ രൂക്ഷവിമര്‍ശം. പദ്ധതിക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ച എ ജെ വിജയന്‍, ഹൈക്കോടതിയില്‍ ഹരജി നല്‍കിയ എം കെ സലിം, കെ എസ് ഡൊമിനിക്ക് എന്നിവരാണ് മുന്‍ സര്‍ക്കാറിന്റെ നിലപാടുകളെ ചോദ്യം ചെയ്തത്.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടമാണന്ന് എം കെ സലിം ആരോപിച്ചു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തില്‍ അദാനി ഗ്രൂപ്പിന് അനുകൂലമായി തയാറാക്കിയ റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. നല്‍കിയിരുന്നെങ്കില്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതിയെന്ന് തിരിച്ചറിഞ്ഞ് രാഷ്ട്രീയ നേതാക്കള്‍ പദ്ധതി തള്ളിയേനെ. രണ്ട് ആഡംബര ഹോട്ടല്‍ ഉള്‍പ്പെടെയാണ് വിഴിഞ്ഞം പദ്ധതിയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടപ്പാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. 2015 ജനുവരിയില്‍ നടന്ന ഉന്നതാധികാര കമ്മിറ്റി യോഗത്തിന്റെ മിനുട്‌സിലെ ഏതാനും കാര്യങ്ങളാണ് സര്‍വകക്ഷിയോഗത്തില്‍ വിതരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ എസ് ആര്‍ ഇ ഐ ഒ എച്ച് എല്‍ കണ്‍സോര്‍ട്യം കാലാവധി നീട്ടി ചോദിച്ചതും മലേഷ്യന്‍ സര്‍ക്കാറിന്റെ കമ്പനിയെ പരിഗണിക്കണമെന്ന ആവശ്യവും തള്ളിയത് ഉള്‍പ്പെടെ രേഖകള്‍ ഇവയില്‍നിന്ന് നീക്കിയിരുന്നു. വസ്തുതകള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നതിന് കൂട്ടുനിന്ന അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ മന്ത്രി കെ ബാബു എന്നിവര്‍ക്കെതിരെ നടപടി വേണം. കടലില്‍ കൃത്രിമമായി നിര്‍മിക്കുന്ന തുറമുഖം പരിസ്ഥിതിയെ ബാധിക്കും. ബ്രേക്ക് വാട്ടര്‍ കെട്ടിയാല്‍ ഒരു ഭാഗത്തു തീരം സൃഷ്ടിക്കപ്പെടുകയും മറുഭാഗത്ത് ഇല്ലാതാവുകയും ചെയ്യുമെന്നും അദ്ദേഹം കമീഷനെ അറിയിച്ചു. പദ്ധതി പൊതുഖജനാവ് കൊള്ളയടിക്കുന്നതാണെന്ന് കെ എസ് ഡൊമിനിക്കിന്റെ ആരോപണം.

പദ്ധതി തുകയുടെ 62 ശതമാനം സര്‍ക്കാറാണ് നല്‍കുന്നത്. 38 ശതമാനമാണ് അദാനിയുടെ വിഹിതം. മാത്രമല്ലെ; അദാനിക്ക് വായ്പയെടുക്കാന്‍ പണയാധാരം നല്‍കുന്ന ഭൂമി സര്‍ക്കാറിന്റേതാണ്. അപ്പോള്‍ പിന്നെ അദാനി മുടക്കുന്ന പണമെവിടെയെന്നായിരുന്നു ഡൊമിനിക്കിന്റെ വാദം. പൊതുഖജനാവിന് നഷ്ടമുണ്ടാകുമെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രിയും തുറമുഖ, ധന വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥര്‍ പദ്ധതിക്കൊപ്പം നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Latest