ഇന്ധന വില: അധിക നികുതി ഈടാക്കുന്നതില്‍ മഹാരാഷ്ട്ര മുന്നില്‍

Posted on: April 25, 2018 6:15 am | Last updated: April 24, 2018 at 11:48 pm

തിരുവനന്തപുരം: ലോകത്ത് ഇന്ധന വിലയില്‍ ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നികുതിക്ക് പുറമെ കൂടുതല്‍ അധിക നികുതി കൈപറ്റുന്നത് ബി ജെ പി ഭരിക്കുന്ന മഹാരാഷ്ട്ര.

പെട്രോളിന് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്നതില്‍ മഹാരാഷ്ട്രക്ക് പിന്നാലെ ആന്ധ്രയും തെലങ്കാനയും. എന്നാല്‍, ഈ പട്ടികയില്‍ കേരളം എട്ടാം സ്ഥാനത്താണ്. അതേസമയം, ഡീസലിന് നികുതി ഏര്‍പ്പെടുത്തുന്നതില്‍ ആന്ധ്രക്കും തെലങ്കാനക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് കേരളം. രാജ്യത്ത് പെട്രോളിനും ഡീസലിനും ഉയര്‍ന്ന നിരക്കില്‍ വാറ്റ് ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളം ഇടംപിടിച്ചിട്ടുണ്ട്. പെട്രോളിന് കേരളത്തേക്കാള്‍ വാറ്റ് ചുമത്തുന്നത് മഹാരാഷ്ട്രയും, ആന്ധ്രയും തെലങ്കാനയും മധ്യപ്രദേശും ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പെട്രോള്‍ വില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ അഞ്ചാമതാണ് സംസ്ഥാനം. ഒരു ഉപഭോകൃതൃ സംസ്ഥാനമെന്ന നിലയില്‍ വില വര്‍ധന ദൈനംദിന ജീവിതത്തെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് കേരളത്തെയാണ്. 39.95 ശതമാനം ഈടാക്കുന്ന മഹാരാഷ്ട്രയിലാണ് പെട്രോളിന് ഏറ്റവും വലിയ വാറ്റ്. 32.02 ശതമാനം വാങ്ങുന്ന കേരളവും കൂടുതല്‍ വാറ്റ് വാങ്ങുന്ന പട്ടികയില്‍ മുന്നിലുണ്ട്. ഡീസലിന് 25.60 ശതമാനമാണ് കേരളത്തിലെ വാറ്റ് നിരക്കായി ഈടാക്കുന്നത്.

അതേസമയം, ഇന്ധന വിലവര്‍ധനയിലൂടെ സംസ്ഥാന സര്‍ക്കാര്‍ വന്‍ തൂകയാണ് പൊതുഖജനാവിലേക്ക് സ്വരുക്കൂട്ടിയിരിക്കുന്നത്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ വാറ്റ് നികുതിയിനത്തില്‍ 4515 കോടി ശേഖരിച്ച സംസ്ഥാന സര്‍ക്കാര്‍ 2016-17 ല്‍ ഇത് 6899 കോടിയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ 53 ശതമാനത്തിന്റെ വര്‍ധനയാണ് ഇന്ധന നികുതി വരുമാനത്തിലൂടെ ലഭിച്ചിരിക്കുന്നത്.

ഇതിനിടെ രാജ്യത്ത് ഇന്ധനവില ഇന്നലെ വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 14 പൈസയും ഡീസല്‍ ലിറ്ററിന് 19 പൈസയുമാണ് ഒരു ദിവസത്തെ ഇടവേളയില്‍ ഉയര്‍ത്തിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 78.61 രൂപയും ഡീസല്‍ വില 71.52 രൂപയുമായി. ഇതേത്തുടര്‍ന്ന് പെട്രോള്‍ ഡീസല്‍ നിരക്കുകള്‍ തമ്മിലുള്ള വ്യത്യാസം 7.09 രൂപയായി കുറഞ്ഞു.

അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് പെട്രോള്‍ വില കുതിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിലെ മാത്രം പെട്രോള്‍ വിലവര്‍ധനയില്‍ മൂന്ന് രൂപയും വര്‍ധന അനുഭവപ്പെട്ടിട്ടുണ്ട്. 2013 സെപ്തംബറിലാണ് നേരത്തെ കേരളത്തില്‍ പെട്രോള്‍വില ഈ നിലയിലേക്ക് ഉയര്‍ന്നത്. അന്ന് ലിറ്ററിന് 78.50 വരെയെത്തിയിരുന്നു.