International
എച്ച് 1 ബി വിസയില്‍ നിയന്ത്രണം: പങ്കാളിക്ക് ജോലി നഷ്ടമാകും

വാഷിംഗ്ടണ്‍: യു എസില്‍ എച്ച് 1 ബി വിസയില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നു. വിദഗ്ധ ജോലികള്‍ക്കായി അനുവദിക്കുന്ന എച്ച്1 ബി വിസയില്‍ ജോലി ചെയ്യുന്നവരുടെ ജീവിത പങ്കാളികള്‍ യു എസില്‍ ജോലി ചെയ്യുന്നത് വിലക്കുന്നതാണ് പരിഗണിക്കുന്നത്. അമേരിക്കയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ ഇത് ബാധിക്കും. എച്ച് 4 വിസയാണ് വര്‍ക്ക് പെര്‍മിറ്റായി എച്ച്1 ബി വിസയില്‍ യു എസില്‍ ജോലി ചെയ്യുന്നവരുടെ ജീവിത പങ്കാളിക്ക് നല്‍കാറുള്ളത്. ഒബാമ ഭരണകൂടമാണ് എച്ച് 4 വിസ അനുവദിച്ചത്. ഈ വിസയുള്ളവര്‍ക്ക് ഒബാമ സര്‍ക്കാര്‍ ഇറക്കിയ പ്രത്യേക ഉത്തരവ് പ്രകാരം യു എസില്‍ ജോലി ചെയ്യാന്‍ സാധിക്കും.
ഈ ഉത്തരവിന്റെ ആനുകൂല്യം കൈപ്പറ്റുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. എച്ച് 4 വിസ ലഭിച്ച ഒരു ലക്ഷത്തിലധികം പേരാണ് യു എസിലുള്ളത്. നിലവില്‍ എച്ച് 1 ബി വിസയില്‍ താമസിക്കുന്നവരുടെ പങ്കാളികളായി എഴുപത്തൊന്നായിരത്തിലധികം പേര്‍ യു എസില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവരില്‍ തൊണ്ണൂറ് ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. നാല് ശതമാനം ആളുകള്‍ ചൈനയില്‍ നിന്നുള്ളവരാണ്. എച്ച് 4 വിസ ലഭിച്ചവരില്‍ 94 ശതമാനവും സ്ത്രീകളാണ്.
2015ലാണ് എച്ച്1 ബി വിസയില്‍ ജോലി ചെയ്യുന്നവരുടെ പങ്കാളികള്‍ക്ക് വര്‍ക്ക് വിസ യു എസ് അനുവദിച്ചത്. ഈ ഉത്തരവ് പിന്‍വലിക്കാനാണ് ട്രംപ് ഭരണകൂടം ആലോചിക്കുന്നത്. നിയമം പൂര്‍ണമായും എടുത്തുകളയുന്നതിന്റെ ഭാഗമായാണ് എച്ച് 4 വിസയിലെ വര്‍ക്ക് പെര്‍മിറ്റ് ഒഴിവാക്കുന്നത്. തീരുമാനം ഈ വേനല്‍ക്കാലത്തിന് ശേഷമുണ്ടാകുമെന്ന് യു എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് എമിഗ്രേഷന്‍ സര്‍വീസസ് (യു എസ് സി ഐ എസ്) ഡയറക്ടര്‍ ഫ്രാന്‍സിസ് സിസ്സ്‌ന പറഞ്ഞു. ഇതിനാവശ്യമായ നിയമ ഭേദഗതി വരുത്താന്‍ നിയമ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധികം താമസിയാതെ പുതിയ നിയമം പ്രാബല്യത്തില്‍ വരും.
കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായാണ് വിസ നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതെന്നാണ് യു എസ് സര്‍ക്കാറിന്റെ വാദം. അമേരിക്കന്‍ കമ്പനികള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ ശമ്പളത്തിന് തൊഴിലാളികളെ എടുക്കുന്നത് നിരുത്സാഹപ്പെടുത്താനും കൂടുതല്‍ ശമ്പളത്തിന് അമേരിക്കന്‍ പൗരന്മാര്‍ക്ക് തന്നെ തൊഴില്‍ നല്‍കാന്‍ പ്രേരിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.