Connect with us

Kerala

റോഡപകടങ്ങള്‍ കുറക്കാന്‍ സേഫ് കേരള പദ്ധതി ഉടന്‍

Published

|

Last Updated

കൊച്ചി: 2020ഓടെ റോഡ് അപകടവും അപകട മരണനിരക്കും കുറക്കുകയെന്ന ലക്ഷ്യത്തോടെ സേഫ് കേരള പദ്ധതിക്ക് ഉടന്‍ തുടക്കം കുറിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ദേശീയ റോഡ് സുരക്ഷാ വാരാചരണം കളമശ്ശേരി സെന്റ് പോള്‍സ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ നടപ്പാക്കിയ സേഫ് സോ ണ്‍ പദ്ധതിയുടെ വിപുലീകരണം എന്ന നിലയിലാണ് സേഫ് കേരള പദ്ധതി നടപ്പാക്കുന്നത്. അടുത്ത ക്യാബിനറ്റ് യോഗത്തില്‍ പദ്ധതിക്ക് അനുമതി നല്‍കും. ശാസ്ത്രീയ പരിശോധനയും ആധുനിക സങ്കേതങ്ങളും ഉപയോഗിച്ച് നിയമലംഘനം കര്‍ശനമായി തടയും. ദേശീയ, സംസ്ഥാന പാതകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. റോഡ് നിയമലംഘനത്തിന് ലൈസന്‍സ് റദ്ദാക്കുന്നവര്‍ മാപ്പപേക്ഷയുമായി സര്‍ക്കാറിനെ സമീപിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.

2017ല്‍ 3470 റോഡപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 4131 പേര്‍ മരിച്ചു. ഇതില്‍ 75 ശതമാനം പേരും 16നും 30നും ഇടയില്‍ പ്രായമുള്ളവരാണ്. ശാസ്ത്രീയവും വിശാലവുമായ റോഡുകളാണ് നമുക്കാവശ്യം. റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നതിന് യുവാക്കളെ പ്രേരിപ്പിക്കുന്നതിന് യുവജന സംഘടനകളുടെ സഹായത്തോടെ ബോധവത്കരണം നടത്തും. എയര്‍വിമുക്തമാകുന്ന എറണാകുളം ജില്ല മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഏപ്രില്‍ 23 മുതല്‍ 30 വരെ നടക്കുന്ന ദേശീയ റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി റോഡ് സുരക്ഷ, ജീവന്‍ രക്ഷ എന്ന മുദ്രാവാക്യം ജനങ്ങളിലെത്തിക്കുന്നതിന് നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആന്‍ഡ് എ ഡി ജി പി. കെ പത്മകുമാര്‍, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ജ്യോതിലാല്‍, സെന്റ് പോള്‍സ് കോളജ് മാനേജര്‍ ഫാ. ഫെലിക്‌സ് ചക്കാലയ്ക്കല്‍, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) വി സുരേഷ് കുമാര്‍ പങ്കെടുത്തു.