ഹജ്ജ് രണ്ടാം ഗഡു പണം മെയ് 23നകം അടക്കണം

Posted on: April 24, 2018 6:12 am | Last updated: April 23, 2018 at 11:47 pm
SHARE

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഈവര്‍ഷം യാത്രാ ചെലവ് കൂടും. ഗ്രീന്‍ വിഭാഗക്കാര്‍ക്ക് 2,56,350 രൂപയും, അസീസിയ വിഭാഗക്കാര്‍ക്ക് 2,22,200 രൂപയുമാണ് മൊത്തം ചെലവ് വരിക. കുട്ടികള്‍ക്ക് 10,600 രൂപയാണ് നിശ്ചയിച്ചത്.

ഗ്രീന്‍ കാറ്റഗറിയില്‍ അപേക്ഷിച്ചവര്‍ 1,75,350 രൂപയും അസീസിയ്യ കാറ്റഗറിയില്‍ അപേക്ഷിച്ചവര്‍ 1,41,200 രൂപയും അടുത്ത മാസം 23നകം രണ്ടാം ഗഡുവായി അടക്കണം. തിരഞ്ഞെടുക്കപ്പെട്ടവര്‍ നേരത്തെ ഒന്നാം ഗഡുവായി 81,000 രൂപ അടച്ചിട്ടുണ്ട്. ബലികര്‍മങ്ങള്‍ ആവശ്യമുള്ളവര്‍ അധികമായി 8,000 രൂപ നല്‍കണം. നേരത്തെ ഹജ്ജ് നിര്‍വഹിച്ചവരാണെങ്കില്‍ 2,000 സഊദി റിയാലും ഈടാക്കും. എസ് ബി ഐയുടെയോ യൂനിയന്‍ ബേങ്കിന്റെയോ ശാഖകളില്‍ പ്രത്യേക പേ ഇന്‍ സ്ലിപ്പ് ഉപയോഗിച്ചാണ് പണം അടക്കേണ്ടത്. ഓണ്‍ലൈനായും പണം അടക്കാന്‍ സൗകര്യമുണ്ട്.

കഴിഞ്ഞ വര്‍ഷം കേരളത്തിലെ ഹജ്ജ് തുക ഗ്രീന്‍ വിഭാഗത്തില്‍ 2,35,150 രൂപയും അസീസിയയില്‍ 2,01,750 രൂപയുമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗ്രീന്‍ വിഭാഗത്തില്‍ 21,200 രൂപയും അസീസിയയില്‍ 20,450 രൂപയും വര്‍ധിച്ചു. ഹജ്ജ് സബ്‌സിഡി പൂര്‍ണമായും ഒഴിവാക്കിയതാണ് ഹജ്ജിന് ചെലവ് കൂടാന്‍ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here