സി പി എമ്മും കോണ്‍ഗ്രസും തമ്മില്‍

Posted on: April 24, 2018 6:00 am | Last updated: April 23, 2018 at 10:37 pm

കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ പ്രായോഗികതയുടെ പാതയിലൂടെ സഞ്ചരിക്കാനുള്ള സന്നദ്ധത വ്യക്തമാക്കിയാണ് സി പി എമ്മിന്റെ ഹൈദരാബാദ് കോണ്‍ഗ്രസ് സമാപിച്ചത്. ബി ജെ പിയെ ചെറുക്കാന്‍ വേണ്ടിയാണെങ്കില്‍പ്പോലും കോണ്‍ഗ്രസുമായി ഒരു ബന്ധവും വേണ്ടെന്ന നിലപാടില്‍ നിന്ന്, അവരുമായി തിരഞ്ഞെടുപ്പ് ധാരണയാകാമെന്ന നയത്തിലേക്ക് പാര്‍ട്ടി ഇറങ്ങിവന്നത് മതേതര ഇന്ത്യ ആശ്വാസത്തോടെയാണ് കാണുന്നത്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ഒഴിച്ചുനിര്‍ത്തി ബി ജെ പിക്കെതിരെ വിശാലമുന്നണി സാധ്യവുമല്ലെന്നിരിക്കെ പ്രായോഗിക രാഷ്ട്രീയം അംഗീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം കാണിച്ച വിവേകം അഭിനന്ദനാര്‍ഹമാണ്.

ബി ജെ പിയുടെ നേതൃത്വത്തിലുള്ള വര്‍ഗീയ ഫാസിസം രാജ്യത്ത് കൂടുതല്‍ പിടിമുറുക്കിക്കൊണ്ടിരിക്കെ, അതിനെ പ്രതിരോധിക്കാന്‍ കൈക്കൊള്ളേണ്ട മാര്‍ഗത്തെക്കുറിച്ചു പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി അഭിപ്രായ ഭിന്നത തുടര്‍ന്നുവരികയാണ്. കോണ്‍ഗ്രസ് ഉള്‍ക്കൊള്ളുന്ന വിശാല സഖ്യമാണ് ഇതിന് പ്രതിവിധിയെന്ന് യെച്ചൂരി പക്ഷവും ബൂര്‍ഷ്വകളുടെ താത്പര്യം സംരക്ഷിക്കുന്ന കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ലെന്നു കാരാട്ട് പക്ഷവും വാദിച്ചു വന്നു. ഇക്കാലമത്രയും കാരാട്ട് പക്ഷത്തിന്റെ നിലപാടാണ് പോളിറ്റ് ബ്യൂറോകളിലും കേന്ദ്ര കമ്മിറ്റിയിലും മേല്‍കൈ നേടിയത്. കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന പി ബി യോഗത്തിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുപ്പില്‍ അടവുനയങ്ങള്‍ ആകാമെന്ന യെച്ചൂരിയുടെ നിലപാട് ഭൂരിപക്ഷം അംഗങ്ങളും തള്ളിക്കളയുകയാണുണ്ടായത്.

ഏതാനും വര്‍ഷങ്ങളായി തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടികളുടെയും ശക്തിക്ഷയത്തിന്റെയും മുഖ്യ കാരണം തത്വദീക്ഷയില്ലാത്ത തിരഞ്ഞെടുപ്പ് സഖ്യങ്ങളാണെന്നാണ് കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ക്കുന്നവരുടെ വാദം. ഇത്തരം ബന്ധങ്ങള്‍ പാര്‍ട്ടിയുടെ വ്യക്തിത്വവും വിശ്വാസ്യതയും ദുര്‍ബലമാക്കി. ഇടതു പക്ഷ പാര്‍ട്ടികളുമായല്ലാതെ നവലിബറല്‍ നയങ്ങളെ അനുകൂലിക്കുന്നവരുമായി സഖ്യം സ്ഥാപിക്കുന്നത് പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലമാക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു. ഉദാരവത്കരണ നയങ്ങള്‍ക്കെതിരെ ഉറച്ച നിലപാടെടുക്കുന്നവരെ മാത്രം അണിനിരത്തിയാല്‍ വര്‍ഗീയ ഫാസിസത്തിന്റെ ഭീഷണിയെ അതിജീവിക്കാനാകുമോ എന്നാണ് മറുപക്ഷത്തിന്റെ ചോദ്യം. മുന്‍കാലത്തേതില്‍ നിന്നു വിഭിന്നമായി പ്രാദേശിക പാര്‍ട്ടികള്‍ വരെ ഇന്ന് നവലിബറല്‍ നയങ്ങളുടെ വക്താക്കളാണ്. അതുകൊണ്ട് കോണ്‍ഗ്രസിന് അയിത്തം കല്‍പ്പിക്കുന്ന നയത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണ്.

സി പി എം ഉള്‍പ്പെടെ ഇടത് പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ബി ജെ പിയും കോണ്‍ഗ്രസും ആശയ പരമായി ശത്രുക്കളാണെങ്കിലും മുഖ്യശത്രു ബി ജെ പിയാണെന്നതില്‍ എല്ലാവരും ഏകാഭിപ്രായക്കാരാണ്. സാമ്പത്തിക നയത്തില്‍ മാത്രമാണ് കോഗ്രസുമായി സഖ്യം സ്ഥാപിക്കുന്നതിന് സി പി എമ്മിന് മുമ്പിലെ പ്രധാന തടസ്സമെന്ന് പാര്‍ട്ടി നേതാക്കള്‍ ഇടക്കിടെ വ്യക്തമാക്കാറുമുണ്ട്. എന്നാല്‍ സാമ്പത്തിക നയങ്ങളില്‍ സി പി എമ്മും ഇടതുപക്ഷ പ്രസ്ഥാനങ്ങളും പയ്യേപയ്യേ നവലിബറല്‍ നയങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണെന്ന കാര്യം അവര്‍ വിസ്മരിക്കുന്നു. സ്വകാര്യ മൂലധന നിക്ഷേപത്തെ ശക്തമായി എതിര്‍ത്തിരുന്ന സി പി എം ഇപ്പോള്‍ കോര്‍പറേറ്റ് നിക്ഷേപങ്ങളെ സ്വീകരിക്കുന്നുണ്ട്. കേരളത്തിലെ ഇടതു സര്‍ക്കാറിന് ഉപദേശം നല്‍കുന്നത് കോര്‍പറേറ്റ് സാമ്പത്തിക വിദഗ്ധയാണെന്ന കാര്യവും കാണാതെ പോകരുത്. ബംഗാളിലെ നന്ദി ഗ്രാമില്‍ ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുളള സി പി എം സര്‍ക്കാര്‍ 14 പാര്‍ട്ടി പ്രവര്‍ത്തകരെ വെടിവെച്ചിട്ടത്, കോര്‍പറേറ്റുകള്‍ക്ക് വ്യവസായ സമുച്ഛയം നിര്‍മിക്കാനായി കൃഷിഭൂമി ബലമായി പിടിച്ചെടുക്കാനുള്ള ശ്രമത്തെ ചെറുത്തതിന്റെ പേരിലായിരുന്നുവല്ലോ. വ്യവസായവത്കരണമാണ് പുരോഗതിയിലേക്കുള്ള മാര്‍ഗം. അതിനായി സ്വകാര്യ മൂലധനത്തെ ആശ്രയിക്കേണ്ടത് അനിവാര്യമാണെന്ന് ബുദ്ധദേവ് ഭട്ടാചാര്യ പ്രസ്താവിച്ചപ്പോള്‍ പാര്‍ട്ടി നേതാക്കളില്‍ ഒരാള്‍ പോലും അതിനെതിരെ പ്രതികരിക്കാന്‍ മുന്നോട്ട് വന്നില്ല. കേരളത്തിലെ പിണറായി സര്‍ക്കാറും വിഴിഞ്ഞം പോലുള്ള മുന്‍ സര്‍ക്കാറിന്റെ നവ-ഉദാരവത്കരണ പദ്ധതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്. സാമ്പത്തിക നയത്തില്‍ കോണ്‍ഗ്രസുമായുള്ള സി പി എമ്മിന്റെ അകലം ഇന്ന് ഏറെ കുറഞ്ഞിട്ടുണ്ട്. അതേസമയം രൗദ്രഭാവം പൂണ്ട ഫാസിസത്തിന്റെ തത്‌സ്വരൂപമാണ് ബി ജെ പി. ജനാധിപത്യ, മതേതര തത്വങ്ങളെ പോലും തകിടം മറിച്ചു രാജ്യത്ത് അറുപിന്തിരിപ്പന്‍ ഹിന്ദുത്വ നയങ്ങള്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണവര്‍. മതന്യൂനപക്ഷങ്ങളെ മാത്രമല്ല, ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും കൊടിയ ശത്രുക്കളായി പ്രഖ്യാപിച്ച ഈ ഫാസിസ്റ്റ് പ്രസ്ഥാനത്തെ പരാജയപ്പെടുത്തുന്നതിനാണ് ഇടതുപക്ഷങ്ങളും മതേതര പ്രസ്ഥാനങ്ങളും പ്രാമുഖ്യം കല്‍പ്പിക്കേണ്ടത്.

പല സംസ്ഥാനങ്ങളിലും അധികാരം നഷ്ടമായെങ്കിലും കോണ്‍ഗ്രസ് ഇന്നും ദേശീയ തലത്തില്‍ വേരോട്ടമുള്ള ഒരു പാര്‍ട്ടിയാണ്. സി പി എമ്മിനും ഇടതുപക്ഷങ്ങള്‍ക്കും എത്ര സംസ്ഥാനങ്ങളില്‍ സ്വാധീനമുണ്ട്? പശ്ചിമ ബംഗാളില്‍ പാര്‍ട്ടി പാടേ തകര്‍ന്നടിഞ്ഞു. ത്രിപുരയിലും ഭരണം നഷ്ടമായി. അവശേഷിക്കുന്ന കേരളത്തിലെ മാത്രം പാര്‍ട്ടി സ്വാധീനം വെച്ചു കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരു ദേശീയ സഖ്യത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ഥമില്ല. ഏതായാലും മതേതരത്വ ജനാധിപത്യ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സഹായകമായ നിലപാടുകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ പാര്‍ട്ടി നേതൃത്വം സന്നദ്ധമായത് ചരിത്രപരമായ നീക്കമാണ്.