കുതന്ത്രങ്ങള്‍ കരുതിയിരിക്കണം

Posted on: April 23, 2018 6:00 am | Last updated: April 22, 2018 at 10:46 pm

മുഖ്യസൂത്രധാരരെ കണ്ടെത്താനായതോടെ, കേരളത്തെ മറ്റൊരു യു പിയാക്കി മാറ്റാനുള്ള സംഘ്പരിവാറിന്റെ ഗൂഢതന്ത്രമായിരുന്നു കഴിഞ്ഞ തിങ്കളാഴ്ചത്തെ അപ്രഖ്യാപിത ഹര്‍ത്താലെന്ന് വ്യക്തമായിരിക്കയാണ്. ഒപ്പം പുറത്ത് ശത്രുത പ്രകടിപ്പിക്കുകയും ഫലത്തില്‍ പരസ്പര പൂരകമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനകളുടെ തനിനിറം വെളിച്ചത്ത് വരികയും ചെയ്തു. ജമ്മുവിലെ കത്വയില്‍ എട്ട് വയസ്സുകാരി ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ വാര്‍ട്‌സാപ്പ് വഴിയാണ് ഹര്‍ത്താലാഹ്വാനം ചെയ്തിരുന്നത്. സ്വാഭാവികമായും എസ് ഡി പി ഐ, ജമാഅത്തെ ഇസ്‌ലാമി പോലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘടനകളോ മറ്റോ ആയിരിക്കും ഇതിന് പിന്നിലെന്നാണ് സംശയിച്ചിരുന്നത്. ഇതോടെ മുസ്‌ലിംകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സംഘ്പരിവാര്‍ കേന്ദ്രങ്ങളും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും വ്യാപകമായ മുസ്‌ലിം വിരുദ്ധ പ്രചാരണം നടത്തുകയും ചെയ്തു.

ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ ഉറവിട കേന്ദ്രം തേടി മലപ്പുറം എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ ഇപ്പോള്‍ വലയിലായിരിക്കുന്നത് അഞ്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ്. ഹര്‍ത്താലിന്റെ മുഖ്യസൂത്രധാരനും ആര്‍ എസ് എസ് പ്രവര്‍ത്തകനുമായിരുന്ന കൊല്ലം തെന്മല സ്വദേശി അമര്‍നാഥ് ബൈജു, കുന്നപ്പുഴ സ്വദേശി എം ജെ സിറിള്‍, നെല്ലിവള സ്വദേശി സുധീഷ്, അഖില്‍, നെയ്യാറ്റിന്‍കര സ്വദേശി ഗോകുല്‍ ശേഖര്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ജമ്മുവിലെ സംഘ്പരിവാര്‍ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നു നടത്തിയ കത്വയിലെ കൂട്ടബലാത്സംഗവും നിഷ്ഠൂരമായ കൊലയും പ്രതികളെ അനുകൂലിച്ചു ആര്‍ എസ് എസ്, ബി ജെ പി നേതാക്കള്‍ രംഗത്തുവന്നതും സംഘ്പരിവാറിനെതിരെ വ്യാപക പ്രതിഷേധത്തിനിടയാക്കുകയും രാജവ്യാപകമായി ബി ജെ പി പ്രതിരോധത്തിലാകുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം സംസ്ഥാനത്തും ആളിപ്പടരുന്നതിനിടെ ഒരു ഹര്‍ത്താല്‍ അരങ്ങേറുകയും അക്രമാസക്തമാവുകയും ചെയ്താല്‍ അത് മുസ്‌ലിംകളുടെ പേരില്‍ ചാര്‍ത്തപ്പെടുകയും സംഘ്പരിവാറിനെതിരായ ജനവികാരം മുസ്‌ലിംകള്‍ക്കെതിരെ തിരിയുകയും ചെയ്യും. അതായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്ത കുബുദ്ധികളുടെ ലക്ഷ്യം. വര്‍ഗീയത പ്രചരിപ്പിക്കുകയും കലാപത്തിന് പ്രേരണ നല്‍കുകയും ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ഹര്‍ത്താലിന്റെ പേരില്‍ ഇവര്‍ സോഷ്യല്‍ മീഡയകളില്‍ പോസ്റ്റ് ചെയ്തത്. ഇതിനായി ജില്ലകള്‍ തോറും ഇവരുടെ നേതൃത്വത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപവത്കരിച്ചു. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്തി അതിന്റെ പിന്നില്‍ മുസ്‌ലിംതീവ്രവാദ സംഘടനകളാണെന്ന തരത്തില്‍ പ്രചാരണം അഴിച്ചുവിടുന്ന ഉത്തരേന്ത്യന്‍ ആര്‍ എസ് എസ് ശൈലി കടമെടുത്തു നടത്തിയ നാടകമായിരുന്നു ഇത്. പഴുതടച്ച അന്വേഷണത്തിലൂടെ കാവിഭീകരരുടെ അപകടകരമായ ഈ നീക്കം കണ്ടെത്തിയ മലപ്പുറം എസ് പി ദേബേഷ് കുമാര്‍ ബെഹ്‌റയും സംഘവും വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. കേരളം വലിയൊരു വിപത്തില്‍ നിന്നാണ് ഇതോടെ രക്ഷപ്പെട്ടത്. ഇനിയും ഇത്തരം അജന്‍ഡകളുമായി അവര്‍ രംഗത്ത് വരും. സമൂഹം കരുതിയിരിക്കേണ്ടതുണ്ട്.

രാജ്യത്ത് വര്‍ഗീയതയും കലാപവും സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വിപുലമായ ഐ ടി ശൃംഖല തന്നെയുണ്ട് ആര്‍ എസ് എസിന് കീഴിലെന്ന് ആര്‍ എസ് എസ് ഐ ടി സെല്ലില്‍ പ്രവര്‍ത്തിച്ചിരുന്ന മഹാവീര്‍ എന്ന യുവാവ് വെളിപ്പെടുത്തിയത് അടുത്തിടെയാണ്. 20,000 ത്തില്‍ അധികം പേരാണ്് ഈ ഐ ടി സെല്ലില്‍ ജോലി ചെയ്യുന്നത്. അതില്‍ ട്വീറ്റുകളും മെസേജുകളും തയ്യാറാക്കുന്നതിന് സൂപ്പര്‍ 150 എന്നൊരു സെപ്ഷ്യല്‍ വിംഗും പ്രവര്‍ത്തിക്കുന്നു. ഇവരെ റിക്രൂട്ട് ചെയ്യുന്നതിന് ഒരു പി ആര്‍ സെക്ഷന്‍. ഓരോ പേര്‍ക്കും പത്തു മൊബൈലും പത്ത് വാട്‌സ്ആപ്പ് നമ്പറും. വ്യാജ വാര്‍ത്തകള്‍ നിര്‍മിക്കുന്നതിന്നും വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിന്നും വിവിധ പേരിലുള്ള വെബ് സൈറ്റുകള്‍. ഫേസ്ബുക്കില്‍ 20 ലക്ഷത്തിന് മുകളില്‍ ഫോളേവേഴ്‌സ് ഉള്ള നിരവധി പേജുകള്‍. മുസ്‌ലിംകള്‍ക്കിടയില്‍ ബി ജെ പിക്ക് നല്ലൊരു പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാന്‍ നിരവധി മുസ്‌ലിം ഐഡികളും ഹിന്ദുക്കള്‍ക്കിടയില്‍ മുസ്‌ലിം വിദ്വേഷം സൃഷ്ടിക്കാന്‍ ഹിന്ദു ഐഡികളും ഉപയോഗിക്കുന്നു. ഹിന്ദു മുസ്‌ലിം സ്പര്‍ധക്കുള്ള വക കണ്ടെത്തുകയാണ് സെല്ലില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രധാന ജോലിയെന്നും മഹാവീര്‍ പറയുന്നു.

സംഘ്പരിവാറിന്റെ കുതന്ത്രം തിരിച്ചറിയാതെ ഹര്‍ത്താല്‍ ഏറ്റെടുക്കുകയും അത് വിജയിപ്പിക്കാനായി രംഗത്തിറങ്ങുകയും ചെയ്തു ചില തീവ്രസ്വഭാവം പുലര്‍ത്തുന്ന സംഘടനകള്‍. സംഘ്പരിവാറിന് ‘മരുന്നിട്ടുകൊടുക്കല്‍’ പതിവാക്കിയവരാണ് ഈ കൂട്ടര്‍. പരസ്പര പൂരകമായി പ്രവര്‍ത്തിക്കുന്ന സംഘ്പരിവാറും ഈ തീവ്രസ്വഭാവമുള്ള സംഘടനകളും ഈ നാടിന്റെ സമാധാന അന്തരീക്ഷത്തിന് ഭീഷണിയാണെന്ന് ഈ ഘട്ടത്തിലെങ്കിലും തിരിച്ചറിയണം.

ചതിയറിയാതെ എടുത്തുചാടിയ യുവാക്കളുടെ കാര്യമാണ് കഷ്ടം. ഇവരില്‍ പലരും ഇന്ന് അഴിക്കുള്ളിലാണ്. ചില പാര്‍ട്ടി, സംഘടനാ നേതാക്കളുടെ മൗനാനുവാദത്തോടെയാണ് ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചതും കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണത്തിന് ഒരുമ്പെട്ടതും. പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും ഗുരുതരമായ വകുപ്പുകള്‍ പ്രകാരം കേസ് ചുമത്തുകയും ചെയ്തതോടെ നേതാക്കളെല്ലാം ഉള്‍വലിയുകയായിരുന്നു. ജാമ്യത്തിലിറക്കാന്‍ ആളില്ലാതെ ഇവര്‍ ജയിലില്‍ തന്നെ കഴിയേണ്ട അവസ്ഥയാണിന്ന്. നാട്ടില്‍ സമാധാനത്തോടെയും ശാന്തമായും ജീവിക്കുന്ന മുസ്‌ലിംകള്‍ക്കിടയില്‍ കേവല രാഷ്ട്രീയ നേട്ടങ്ങളും തീവ്രവാദ പ്രവര്‍ത്തനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ അകപ്പെട്ടാല്‍ ഇതായിരിക്കും അവസ്ഥയെന്ന് ഇനിയെങ്കിലും യുവാക്കള്‍ തിരിച്ചറിയേണ്ടതുണ്ട്.