Connect with us

National

കത്വ: പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: കത്വയില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന കേസ് വിചാരണ ജമ്മു കശ്മീരിന് പുറത്ത് നടത്തണമെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ ഹരജിയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാറിന് നോട്ടീസ് അയച്ചു.

ഈ മാസം 27ന് മുമ്പ് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കാര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ചാണ് നോട്ടീസ് അയച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിനും അഭിഭാഷക ദീപിക സിംഗ് രജാവത്ത്, താലിബ് ഹുസൈന്‍ എന്നിവര്‍ക്കും കുടുംബത്തിനും മതിയായ സുരക്ഷ നല്‍കുന്നതിന് സംസ്ഥാന പോലീസിന് ബഞ്ച് നിര്‍ദേശം നല്‍കി. കേസില്‍ ഉള്‍പ്പെട്ട കുട്ടിക്കുറ്റവാളിയെ താമസിപ്പിച്ച കേന്ദ്രത്തിന്റെ സുരക്ഷ ശക്തമാക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും.

പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷക ഇന്ദിരാ ജെയ്‌സിംഗ് ചീഫ് ജസ്റ്റിസിന്റെ ബഞ്ചിനോട് ഇന്നലെ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഹരജി ഉച്ചക്ക് രണ്ടിന് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ ബഞ്ച് തീരുമാനിച്ചു. സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നും കുട്ടിയുടെ പിതാവിന് വേണ്ടി ഹാജരായ അഭിഭാഷക വാദിച്ചു. ഈ ഘട്ടത്തില്‍ കേസ് സി ബി ഐക്ക് കൈമാറാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബഞ്ച് വ്യക്തമാക്കുകയും ചെയ്തു. പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച ദിവസം അന്വേഷണ സംഘത്തിനെതിരെ അഭിഭാഷകര്‍ നടത്തിയ പ്രതിഷേധമടക്കമുള്ള കാര്യങ്ങള്‍ ഇന്ദിരാ ജെയ്‌സിംഗ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

കേസില്‍ ഇന്നലെ ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് വിചാരണ ചണ്ഡിഗഢിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പിതാവ് സുപ്രീം കോടതിയിയെ സമീപിച്ചത്. ഈ പശ്ചാത്തലത്തില്‍ ഇന്നലെ കേസ് പരിഗണിച്ച സെഷന്‍സ് കോടതി കേസിന്റെ വിചാരണ 28 ലേക്ക് മാറ്റുകയായിരുന്നു. അതേസമയം, കേസില്‍ നുണപരിശോധന നടത്തണമെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ പ്രതികളുടെ അഭിഭാഷകന്‍ അന്‍കുര്‍ ശര്‍മ ആവശ്യപ്പെട്ടു. ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സി ബി ഐ അന്വേഷണം ആവശ്യമാണെന്ന് പ്രതികളില്‍ ഒരാളുടെ സഹോദരി ആവശ്യപ്പെട്ടു.

അതിനിടെ, പ്രതികള്‍ക്കെതിരായ കുറ്റപ്പത്രം സമര്‍പ്പിക്കുന്നതിനെ എതിര്‍ത്ത ജമ്മു ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രഖ്യാപിച്ച 12 ദിവസത്തെ പണിമുടക്ക് പിന്‍വലിച്ചു. പ്രതികളെ സംരക്ഷിക്കുന്ന നിലപാടെടുത്ത ബാര്‍ അസോസിയേഷനെ കഴിഞ്ഞ ദിവസം സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

കേസില്‍ എട്ട് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ വിചാരണയാണ് ഇന്ന് ആരംഭിക്കേണ്ടിയിരുന്നത്. കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് റെക്കോര്‍ഡ് വേഗത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ബക്ര്‍വാല സമൂഹത്തില്‍ പെടുന്നവരെ പ്രദേശത്ത് നിന്ന് ആട്ടിയോടിക്കുന്നതിന്റെ ഭാഗമായാണ് കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഉപയോഗിച്ച ക്ഷേത്രത്തിന്റെ കെയര്‍ ടേക്കറാണ് മുഖ്യ ആസൂത്രകന്‍. സഞ്ജി റാം, ഇയാളുടെ ബന്ധു, പോലീസ് ഉദ്യോഗസ്ഥന്‍ ദീപക് ഖജൗരിയ, സുരേന്ദര്‍ വര്‍മ, പര്‍വേഷ് കുമാര്‍, വിശാല്‍ ജംഗോത്ര, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ തുടങ്ങിയവരാണ് പ്രതികള്‍. ഇവരെല്ലാം അറസ്റ്റിലാണ്.

 

---- facebook comment plugin here -----

Latest