ഐ ആര്‍ എന്‍ എസ് എസ് ഒന്ന് ഐ ഭ്രമണപഥത്തില്‍

Posted on: April 13, 2018 6:04 am | Last updated: April 12, 2018 at 10:41 pm
SHARE
ഗതിനിര്‍ണയ ഉപഗ്രഹമായ ഐ ആര്‍ എന്‍ എസ് എസ് ഒന്ന് ഐ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന്വി ക്ഷേപിച്ചപ്പോള്‍

ബെംഗളൂരു: ഗതിനിര്‍ണയ ഉപഗ്രഹമായ ഐ ആര്‍ എന്‍ എസ് എസ് ഒന്ന് ഐ വിജയകരമായി വിക്ഷേപിച്ചു. ഇന്നലെ പുലര്‍ച്ചെ 4.04ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. 36 മണിക്കൂര്‍ നീണ്ട കൗണ്ട് ഡൗണിന് ശേഷം വിക്ഷേപിച്ച ഉപഗ്രഹം 19 മിനുട്ട് 20 സെക്കന്‍ഡിനുള്ളില്‍ ഭ്രമണപഥത്തിലെത്തി. ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ‘നാവിക്’ പരമ്പരയിലെ എട്ടാമത്തെ ഉപഗ്രഹമാണ് ഐ ആര്‍ എന്‍ എസ് എസ് ഒന്ന് ഐ. പി എസ് എല്‍ വി എക്‌സ് എല്‍ റോക്കറ്റ് ഉപയോഗിച്ചാണ് 1,425 കിലോ ഭാരമുള്ള ഉപഗ്രഹം വിക്ഷേപിച്ചത്. വിക്ഷേപണം വിജയകരമായതോടെ ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനമെന്ന ലക്ഷ്യമാണ് പൂര്‍ത്തിയായിരിക്കുന്നത്. ഇന്ത്യക്ക് ചുറ്റും 1,500 കിലോമീറ്റര്‍ പരിധിയില്‍ ഗതിനിര്‍ണയം നടത്താനാകും. ഇതിനായി ഏഴ് ഉപഗ്രഹങ്ങളും രണ്ട് ഗ്രൗണ്ട് സ്റ്റേഷനുകളുമുണ്ട്.

പി എസ് എല്‍ വി ഉപയോഗിച്ച് നടത്തുന്ന 43ാമത്തെ വിക്ഷേപണമാണിത്. 2013 ജൂലൈയില്‍ വിക്ഷേപിച്ച ഐ ആര്‍ എന്‍ എസ് എസ് ഒന്ന് എ ഉപഗ്രഹം അറ്റോമിക് ക്ലോക്കിന്റെ തകരാറിനെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായിരുന്നു. ഇതിന് പകരം കഴിഞ്ഞ ആഗസ്റ്റില്‍ ഐ ആര്‍ എന്‍ എസ് എസ് ഒന്ന് എച്ച് വിക്ഷേപിച്ചെങ്കിലും താപ കവചത്തില്‍ നിന്ന് ഉപഗ്രഹം പുറത്തുവരാതെ വിക്ഷേപണം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഐ ആര്‍ എന്‍ എസ് എസ് ഒന്ന് ഐ പരീക്ഷിച്ചത്.

ഐ എസ് ആര്‍ ഒ പത്ത് വര്‍ഷത്തെ കാലാവധിയാണ് ഇതിന് നല്‍കുന്നത്.

കരയിലൂടെയും വെള്ളത്തിലൂടെയും ആകാശത്തിലൂടെയുമുള്ള യാത്രക്ക് സഹായം നല്‍കുകയാണ് നാവിഗേഷന്‍ ഉപഗ്രഹങ്ങളുടെ ദൗത്യം. തദ്ദേശീയ ഗതിനിര്‍ണയ ഉപഗ്രഹമായ ഐ ആര്‍ എന്‍ എസ് എസ് ഒന്ന് ഐ ഇതിന് സഹായകമാകും. നിലവില്‍ അമേരിക്കക്കും റഷ്യക്കും യൂറോപ്പിനും ജപ്പാനും മാത്രമാണ് ഈ ഉപഗ്രഹ സംവിധാനമുള്ളത്. ഈ വര്‍ഷം ജനുവരി 12ന് കാര്‍ട്ടോസാറ്റ് രണ്ട് വിക്ഷേപിച്ചിരുന്നു.

ജിസാറ്റ് 29, ചാന്ദ്രയാന്‍ രണ്ട്, ഓഷന്‍സാറ്റ് മൂന്ന്, ജിസാറ്റ് ഒന്ന്, ആര്‍ ഐ സാറ്റ് ഒന്ന് എന്നിവയാണ് 2018ല്‍ നടക്കാനിരിക്കുന്ന മറ്റ് ഉപഗ്രഹ വിക്ഷേപണങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here