സിംകാര്‍ഡ് ഇടാന്‍ സാധിക്കുന്ന ലാപ്‌ടോപ്പുമായി ജിയോ

Posted on: April 12, 2018 7:25 pm | Last updated: April 12, 2018 at 7:27 pm

ന്യൂഡല്‍ഹി: ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ ടെലികോം രംഗത്ത് ചുവടുറപ്പിച്ച മുകേഷ് അംബാനിയുടെ ജിയോ, ലാപ്‌ടോപ് വിപണിയിലേക്കും കടക്കുന്നു. സ്മാര്‍ട്ട് ഫോണിനും ഫീച്ചര്‍ഫോണിനും ശേഷം സിംകാര്‍ഡ് ഇട്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ലാപ്‌ടോപ്പുമായാണ് ജിയോയുടെ അടുത്ത വരവ്. ഇതിനായി യുഎസ് ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍ക്വാമുമായി ജിയോ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ നിര്‍മിച്ചുനല്‍കിയത് ക്വാല്‍ക്വം ആണ്.

എച്ച്പി, അസൂസ്, ലെനോവ തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് ‘ആള്‍വൈസ് കണക്ടഡ് പിസി’ എന്ന പേരില്‍ സിംകാര്‍ഡ് ഇടാന്‍ സാധിക്കുന്ന ലാപ്‌ടോപ്പ് നിര്‍മിക്കാന്‍ ക്വാല്‍ക്വാം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇതിനിടെയാണ് ജിയോയും ഈ രംഗത്തേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുന്നത്. വിന്‍ഡോസ് 10ല്‍ ആയിരിക്കും ജിയോ ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുക. ലാപ്‌ടോപ്പിലേക്ക് മാത്രമായി ഡാറ്റാപേക്കുകളും ഇതോടൊന്നിച്ച് ജിയോ അവതരിപ്പിച്ചേക്കും.

വൈഫൈ വഴിയോ, കേബിള്‍ വഴിയോ ആണ് നിലവില്‍ ലാപ്‌ടോപ്പില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റ് ലഭ്യാമാകുന്നത്. നേരിട്ട് സിംകാര്‍ഡ് ഉപയോഗിക്കാന്‍ സാധിച്ചാല്‍ എവിടെ വെച്ചും ലാപ്‌ടോപ്പില്‍ ഇന്റര്‍നെറ്റ് സേവനം ഉപയോഗപ്പെടുത്താന്‍ സാധിക്കും.