Connect with us

Editorial

രാഷ്ട്രീയ നാടകം

Published

|

Last Updated

തുടര്‍ച്ചയായി പാര്‍ലിമെന്റ് സ്തംഭിപ്പിക്കുന്ന പ്രതിപക്ഷ നിലപാടില്‍ പ്രതിഷേധിച്ച് ബി ജെ പി ഇന്ന് ദേശീയ വ്യാപകമായി നിരാഹാര സമരം നടത്തുകയാണല്ലോ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാഗവാക്കാകുന്നുണ്ട് സമരത്തില്‍. മാര്‍ച്ച് അഞ്ചിന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഏറെക്കുറെ പൂര്‍ണമായും സ്തംഭനത്തിലായിരുന്നു. എല്ലാ ദിവസവും ബഹളം മൂലം നടപടികള്‍ മുടങ്ങി. 200 കോടിയോളം രൂപയാണ് ഇതുമൂലം രാജ്യത്തിന് പാഴായത്. ലോക്‌സഭ ആകെ സമയത്തിന്റെ നാല് ശതമാനവും രാജ്യ സഭ എട്ട് ശതമാനവും മാത്രം പ്രവര്‍ത്തിച്ച ഈ സമ്മേളനം ഈ ദശകത്തിലെ ഏറ്റവും മോശപ്പെട്ട സമ്മേളനമെന്ന ദുര്‍ഖ്യാതിക്കിടയായി. ബജറ്റടക്കം സുപ്രധാന വിഷയങ്ങളെല്ലാം ചര്‍ച്ചയൊന്നും കൂടാതെ പാസാക്കുകയായിരുന്നു. 2016 ല്‍ നോട്ട് നിരോധന വിഷയത്തിലുണ്ടായ ബഹളങ്ങള്‍ മൂലം പാര്‍ലിമെന്റിന്റെ 80 ശതമാനം സമയവും നഷ്ടപ്പെട്ടിരുന്നു.

വേദനാജനകവും ജനാധിപത്യത്തിന് കളങ്കവുമാണ് പാര്‍ലിമെന്റിലെ ബഹളവും സഭാസ്തംഭനവും. നിയമ നിര്‍മാണത്തിനും രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന മുഖ്യപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കാനുമുളള വേദിയാണ് പാര്‍ലിമെന്റ്. ഏറെ വിലപ്പെട്ടതാണ് അതിന്റെ സമയം. ലോക്‌സഭയും രാജ്യസഭയും കാര്യക്ഷമമായും കൃത്യതയോടെയും സമാധാനപരമായും പ്രവര്‍ത്തിക്കണ്ടതുണ്ട്. ജനങ്ങളുടെ ഭാവി കൈകളിലിട്ട് എം പിമാര്‍ അമ്മാനമാടുന്നത് ഒരിക്കലും അനുവദിക്കാവതല്ല. എന്നാല്‍ തടസ്സം കൂടാതെയുള്ള സഭാ നടപടികള്‍ പ്രതിപക്ഷത്തിന്റെ മാത്രം ബാധ്യതയാണോ? ഇത്തവണത്തെ ബജറ്റ് സമ്മേളനം അലങ്കോലപ്പെട്ടതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഭരണപക്ഷത്തിന് രക്ഷപ്പെടാനാകുമോ? മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി പറഞ്ഞത,് പാര്‍ലിമെന്റ് ഭംഗിയായി നടത്തിക്കൊണ്ടുപോകേണ്ടത് സ്പീക്കറുടെയും സര്‍ക്കാറിന്റെയും കൂടി കടമയാണന്നും അവരുടെ കഴിവുകേട് കൊണ്ടാണ് നടപടികള്‍ അലങ്കോലപ്പെടുന്നതെന്നുമാണ്.

പാര്‍ലിമെന്റില്‍ ഉന്നയിക്കുന്ന സുപ്രധാന വിഷയങ്ങളില്‍ ചര്‍ച്ചക്ക് സന്നദ്ധമാകാതെ സര്‍ക്കാര്‍ മുഖം തിരിക്കുമ്പോഴാണ് മിക്കപ്പോഴും പ്രതിപക്ഷം ഒച്ചവെക്കുന്നത്. ജനങ്ങളുടെയും പാര്‍ട്ടികളുടെയും അഭിപ്രായം പാര്‍ലിമെന്റില്‍ അവതരിപ്പിക്കാന്‍ അംഗങ്ങള്‍ ബാധ്യസ്ഥരാണെന്നത് പോലെ അത് ക്ഷമാപൂര്‍വം, മുന്‍വിധി ഉപേക്ഷിച്ചു ഗൗരവബുധ്യാ കേള്‍ക്കാനും ചര്‍ച്ച ചെയ്യാനും ഭരണപക്ഷത്തിനും ബാധ്യതയുണ്ട്. സര്‍ക്കാറിനെയും അവരുടെ നയങ്ങളെയും നടപടികളെയും ചോദ്യം ചെയ്യുന്നതിനു കൂടിയുള്ളതാണ് പാര്‍ലിമെന്റ്. കേന്ദ്രത്തിനെതിരായ അവിശ്വാസ പ്രമേയം, സി ബി എസ് ഇ ചോദ്യ പേപ്പര്‍ ചോര്‍ച്ച, ബേങ്കുകളിലെ വായ്പാ തട്ടിപ്പുകള്‍, പെട്രോള്‍ ഉത്പന്നങ്ങളുടെയും ഭക്ഷ്യ വസ്തുക്കളുടെയും വിലക്കയറ്റം, മിനിമം പെന്‍ഷന്‍ നിഷേധം, കാര്‍ഷിക പ്രതിസന്ധി, ദളിത് വിഷയത്തിലെ സുപ്രീംകോടതി വിധി തുടങ്ങി നിരവധി സുപ്രധാന വിഷയങ്ങള്‍ ഇത്തവണ സമ്മേളനത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നു. ഇക്കാര്യത്തിലൊന്നും ചര്‍ച്ചക്ക് സന്നദ്ധമാകാതെ വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതിന് ഭരണപക്ഷം തിരക്കഥയെഴുതി നടപ്പിലാക്കിയതാണ് സഭാസ്തംഭനമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
മോദി സര്‍ക്കാറിനെതിരെ അവതരിപ്പിക്കപ്പെട്ട അവിശ്വാസ പ്രമേയത്തിന് ആവശ്യത്തിലേറെ അംഗങ്ങളുടെ പിന്തുണയുണ്ടായിട്ടും സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു. അണ്ണാ ഡി എം കെയിലെ അംഗങ്ങളുടെ ബഹളം കാരണം പ്രമേയത്തെ പിന്തുണക്കുന്നവരുടെ എണ്ണം തിട്ടപ്പെടുത്താന്‍ പ്രയാസമാണെന്നാണ് അതിന് സ്പീക്കര്‍ പറഞ്ഞ ന്യായീകരണം. എന്നാല്‍ പ്രമേയത്തിന് അനുമതി നല്‍കുന്നതിനോ, പിന്തുണ നല്‍കുന്ന അംഗങ്ങളുടെ എണ്ണം എടുക്കുന്നതിനോ പാര്‍ലിമെന്റിലെ ബഹളം കാര്യമാക്കേണ്ടതില്ലെന്നാണ് മുതിര്‍ന്ന പാര്‍ലിമെന്റ് അംഗങ്ങള്‍ പറയുന്നത്. പ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് നടത്തുമ്പോള്‍ മാത്രമേ സഭയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കേണ്ടതുള്ളൂ. സ്പീക്കറുടെ വാദം അവിശ്വാസ പ്രമേയം അനുവദിക്കാതിരിക്കാനുള്ള തൊടുന്യായം മാത്രമാണ്.

മാത്രമല്ല, നടപടികള്‍ തുടര്‍ച്ചയായി സ്തംഭിപ്പിക്കുന്ന മോശപ്പെട്ട ഒരു രാഷ്ട്രീയ കീഴ്‌വഴക്കത്തിന് രാജ്യത്ത് തുടക്കം കുറിച്ചത് ബി ജെ പിയായിരുന്നുവെന്നതും വിസ്മരിക്കാവതല്ല. 2004ല്‍ യു പി എ അധികാരത്തിലേറിയപ്പോള്‍ ആദ്യത്തെ രണ്ട് പാര്‍ലിമെന്റ് സമ്മേളനങ്ങളും ബി ജെ പി അലങ്കോലപ്പെടുത്തി. സ്‌പെക്ട്രം വിഷയമുയര്‍ത്തി 2010 പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനവും ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കുന്നതിനെ ചൊല്ലി 2011ലെ ശീതകാല സമ്മേളനവും ആഴ്ചകളോളം തടസ്സപ്പെടുത്തുന്നതിന് മൂന്‍കൈയെടുത്തതും ബി ജെ പിയായിരുന്നു. 2016ലെ ശീതകാല സമ്മേളനത്തില്‍ പ്രതിപക്ഷം നോട്ട് നിരോധത്തെക്കുറിച്ചു ചര്‍ച്ച ആവശ്യപ്പെട്ടപ്പോള്‍, ചര്‍ച്ച ഒഴിവാക്കാനായി സഭയില്‍ ബഹളമുയര്‍ന്നത് ഭരണപക്ഷത്ത് നിന്നായിരുന്നുവെന്നതും മറക്കാറായിട്ടില്ല. ഇപ്പോള്‍ സഭാനടികള്‍ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നിലപാടിനെ കുറ്റപ്പെടുത്തുന്ന മോദിയും അനുയായികളും അന്നത്തെ തങ്ങളുടെ ചെയ്തികള്‍ക്ക് രാജ്യത്തോടും ജനങ്ങളോടും മാപ്പ് പറയുമോ? ജനങ്ങളെയും നിയമ നിര്‍മാണ സഭകളെയും ആര്‍ജവത്തോടെ നേരിടാനുള്ള തന്റേടമാണ് ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ സവിശേഷത. തങ്ങളുടെ കൈയിരിപ്പും പ്രവര്‍ത്തനങ്ങളും സുതാര്യവും സത്യ സന്ധവുമെങ്കില്‍ ഭരണാധികാരികള്‍ക്ക് ആരെയും ഭയപ്പെടേണ്ടതില്ല. അതില്ലാതാകുമ്പോഴാണ് സഭയെ അഭിമുഖീകരിക്കാന്‍ ഭയക്കുന്നത്. അതുകൊണ്ട് ആദ്യമായി സര്‍ക്കാര്‍ വേണ്ടത് സ്വന്തം മുഖം നന്നാക്കുകയാണ്. മുഖം കേടുവന്നതിന് കണ്ണാടി തച്ചുടക്കുന്നത് അപഹാസ്യമത്രെ. കേവലം രാഷ്ട്രീയ നാടകവും അപഹാസ്യവുമാണ് പാര്‍ലിമെന്റ് സംഭനത്തിന്റെ പേരില്‍ ബി ജെ പി നിരാഹാര സമരം.

Latest