അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 257 മരണം

മരിച്ചവരില്‍ ഭൂരിഭാഗവും ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും
Posted on: April 11, 2018 7:28 pm | Last updated: April 12, 2018 at 10:04 am

അള്‍ജീരിയയില്‍ തകര്‍ന്നുവീണ സൈനിക വിമാനത്തിന് സമീപം രക്ഷാപ്രവര്‍ത്തനം നടത്തുന്നു

അള്‍ജിയേഴ്‌സ്: അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 257 മരണം. തലസ്ഥാനമായ അള്‍ജിയേഴ്‌സിന് സമീപമുള്ള സൈനിക വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെയാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ ബോഫെറിക് വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. മരിച്ചവരില്‍ ഭൂരിഭാഗവും സൈനിക ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളുമാണെന്ന് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിമാനത്തിലെ പത്ത് ജീവനക്കാരും അപകടത്തില്‍ മരിച്ചു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് പ്രത്യേക അന്വേഷണത്തിന് സൈനിക മേധാവി ഉത്തരവിട്ടു.

സോവിയറ്റ് യൂനിയന്‍ നിര്‍മിത ഇല്യൂഷിന്‍ 11- 76 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മൊറോക്കോയും പടിഞ്ഞാറന്‍ സഹാറയുമായും അതിര്‍ത്തി പങ്കിടുന്ന തെക്കു പടിഞ്ഞാറന്‍ അള്‍ജീരിയയിലെ ടിന്‍ഡൗഫിലേക്ക് പോകുന്നതിനിടെയാണ് അപകടം. അള്‍ജിയേഴ്‌സില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന വിമാനത്താവളം. മുന്നൂറിലധികം വരുന്ന രക്ഷാപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. എത്ര പേര്‍ രക്ഷപ്പെട്ടുവെന്നത് വ്യക്തമാക്കിയിട്ടില്ല. നിരവധി ആംബുലന്‍സുകളും അഗ്നിശമനസേനാ യൂനിറ്റും സംഭവസ്ഥലത്തെത്തി.

മരിച്ചവരില്‍ പോളിസാരിയോയിലെ 26 അംഗങ്ങളും ഉള്‍പ്പെടുമെന്ന് അള്‍ജീരിയയിലെ ഭരണകക്ഷിയായ എഫ് എല്‍ എന്‍ പാര്‍ട്ടി നേതാവ് സ്വകാര്യ ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു. അയല്‍ പ്രദേശമായ വെസ്റ്റേണ്‍ സഹാറയുടെ സ്വാതന്ത്ര്യത്തിനായി അള്‍ജീരിയയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വിമത സംഘടനയാണ് പോളിസാരിയോ. മൊറോക്കോ അവകാശവാദം ഉന്നയിക്കുന്ന പ്രദേശമാണിത്.

2014ല്‍ 298 യാത്രക്കാരുമായി മലേഷ്യന്‍ യാത്രാ വിമാനം ഉക്രൈനില്‍ വെടിവെച്ചിട്ടതിനു ശേഷമുണ്ടായിട്ടുള്ള ഏറ്റവും വലിയ അപകടമാണ് ഇന്നലെ അള്‍ജീരിയയിലുണ്ടായത്. നാല് വര്‍ഷം മുമ്പ് സൈനിക ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമായി സഞ്ചരിച്ച വിമാനം തകര്‍ന്നുവീണ് അള്‍ജീരിയയില്‍ 77 പേര്‍ മരിച്ചിരുന്നു.