ഹാദിയ കേസില്‍ ഹൈക്കോടതിയുടേത് ബാഹ്യമനോഭാവം: സുപ്രീം കോടതി

  • ഹൈക്കോടതി നടപടി അപഹാസ്യം
  • രക്ഷാകര്‍ത്താവ് ചമഞ്ഞു
Posted on: April 10, 2018 6:09 am | Last updated: April 9, 2018 at 11:45 pm

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ ബാഹ്യ മനോഭാവം വെച്ചുകൊണ്ടാണ് െൈഹക്കോടതി നടപടിയെടുത്തതെന്ന് സുപ്രിം കോടതി. കേസില്‍ സുപ്രീം കോടതി ഇന്നലെ പുറത്തിറക്കിയ സമ്പൂര്‍ണ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹാദിയയുടെ ഭാഗം കേട്ട ശേഷവും ഹൈക്കോടതി അവളെ സ്വതന്ത്രയാക്കാതിരുന്നത് ഗുരതരമായ തെറ്റാണെന്നും വിധിയില്‍ പറയുന്നു. പിതാവിന് ആധിപത്യമുള്ള ഒരു സൊസൈറ്റിയുടെ ഭാഗമായ വിധിയായി അതിനെ കാണേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

രാജ്യം രക്ഷകര്‍ത്താവാകുന്ന സംഭവമാണിത്. അത് അത്ര നല്ലതല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. മുമ്പ്് സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ നിന്ന് വത്യസ്തമായി ഒന്നും ഇന്നലെ പുറത്തിറങ്ങിയ അന്തിമ വിധിയില്‍ പറയുന്നില്ല. എന്നാല്‍ ഹൈക്കോടതിയുടെ നടപടികളെ നിശിതമായി വിമര്‍ശിക്കുന്നതാണ് സുപ്രിം കോടതിയുടെ അന്തിമ വിധി.

ഹൈക്കോടതിയുടെ നടപടി അപഹാസ്യമാണ്. വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് മേല്‍ ഹൈക്കോടതി കടന്നുകയറി. ഹൈക്കോടതിയുടെ നടപടി വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു രാജ്യത്തിന് അപമാനമാണ്. കേസ് കോടതി അനാവശ്യമായി വലിച്ചുനീട്ടി കൊണ്ടുപോയി. പ്രായപൂര്‍ത്തിയായ ആളുടെ മേല്‍ രാജ്യം രക്ഷാകര്‍ത്താവാകുന്ന രീതിയാണ് അതിലുണ്ടായിട്ടുള്ളത്. തെറ്റുകളുടെ കൂമ്പാരവുമാണ് ഹൈക്കോടതി വിധി.

വ്യക്തിയുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ പിതാവിന്റെ നിഗൂഢമായ താത്പര്യങ്ങള്‍ക്കൊപ്പം നിന്നുവെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വഷണം നിയമവ്യവസ്ഥക്ക്് പുറമേക്ക് പോകരുത്. ഹാദിയയുടെയും ശെഫിന്‍ ജഹാന്റെയും ശാന്തമായ കുടുംബ ജീവിതത്തിന് തടസ്സമാകുന്ന അന്വേഷണം പാടില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് വിധിയില്‍ വ്യക്തമാക്കുന്നു.