Connect with us

National

മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ എം ഇ പിയുമായി ബി ജെ പി കരാറില്‍

Published

|

Last Updated

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പരമ്പരാഗതമായി കോണ്‍ഗ്രസിന് ലഭിച്ചുവരുന്ന മുസ്‌ലിം- ന്യൂനപക്ഷ വോട്ടുകള്‍ ഇല്ലാതാക്കാന്‍ ബി ജെ പി തന്ത്രങ്ങള്‍ മെനയുന്നു. ആള്‍ ഇന്ത്യാ മഹിളാ എംപവര്‍മെന്റ് പാര്‍ട്ടി (എം ഇ പി) യെ രംഗത്തിറക്കിയാണ് ബി ജെ പിയുടെ ഒടുവിലത്തെ നീക്കം. കര്‍ണാടകയിലെ 224 നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ എം ഇ പി തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നും മഹിളാ എംപവര്‍മെന്റ് പാര്‍ട്ടി കര്‍ണാടകയില്‍ മത്സരിച്ചിട്ടില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി മൂന്ന് മാസം മുമ്പ് തന്നെ പാര്‍ട്ടിയുടെ ദേശീയ നേതൃത്വം കര്‍ണാടകയിലെത്തി കമ്മിറ്റികള്‍ രൂപവത്കരിച്ചിരുന്നു. മത്സരിക്കുന്ന ഓരോ സ്ഥാനാര്‍ഥിക്കും അമ്പത് ലക്ഷം രൂപയാണ് പാര്‍ട്ടി ദേശീയ നേതൃത്വം പ്രഖ്യാപിച്ചത്. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥി പട്ടിക തയ്യാറായതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് മാസത്തോളമായി മിക്ക കന്നഡ പത്രങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യം പ്രസിദ്ധീകരിക്കുന്നുണ്ട്. ആയിരം കോടി രൂപയാണ് മാധ്യമങ്ങളില്‍ പരസ്യം നല്‍കാന്‍ മാത്രം എം ഇ പി നീക്കിവെച്ചത്. പ്രമുഖ വ്യവസായി ഡോ. നൗഹേന്ദ്ര ഷെയ്ക്കാണ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്.

ബി ജെ പി സംസ്ഥാന പ്രസിഡന്റും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ബി എസ് യെദ്യൂരപ്പയാണ് എം ഇ പിക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതെന്നാണ് വിവരം. അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് മുസ്‌ലിം ന്യൂനപക്ഷ വോട്ടുകള്‍ അനിവാര്യമാണ്. അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനും മത്സര രംഗത്തുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ മുഴുവന്‍ പെട്ടിയിലാക്കാന്‍ ഇറങ്ങിയ കോണ്‍ഗ്രസിന് തലവേദനയുണ്ടാക്കുന്നതാണ് ഈ രണ്ട് പാര്‍ട്ടികളുടെയും രംഗപ്രവേശം. മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കുന്നതിന് ഇത് ഇടയാക്കും. 15 ശതമാനം വരുന്ന ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നത് വലിയ നേട്ടമുണ്ടാക്കുക ബി ജെ പിക്കായിരിക്കും. ഗുല്‍ബര്‍ഗ, ബിദാര്‍, റായ്ച്ചൂര്‍, യാദഗിരി, കൊപ്പല്‍ എന്നീ ജില്ലകള്‍ അടങ്ങുന്ന ഹൈദരാബാദ്- കര്‍ണാടക മേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ മജ്‌ലിസെ പാര്‍ട്ടി നീക്കം നടത്തിവരികയാണ്. ന്യൂനപക്ഷ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ഉവൈസിയുമായി ബി ജെ പി രഹസ്യകരാറുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അടുത്ത കാലത്തായി ന്യൂനപക്ഷ- ദളിത് മേഖലകളില്‍ ബി ജെ പി നടത്തുന്ന അക്രമങ്ങളും കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയെ പോലുള്ളവരുടെ പ്രകോപനപരമായ പ്രസംഗങ്ങളും ഭീതിതമായ അവസ്ഥയാണ് ഉണ്ടാക്കിയിട്ടുള്ളത്.

2013ലെ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമായ 65 മണ്ഡലങ്ങളില്‍ ഭൂരിഭാഗവും ജയിച്ചുകയറിയത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായിരുന്നു. ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഒഴികെയുള്ള പാര്‍ട്ടികള്‍ കൂടുതല്‍ മുസ്‌ലിം സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചിരുന്നു. അന്ന് കോണ്‍ഗ്രസ് 19 പേരെയും ജനതാദള്‍- എസ് 20 പേരെയുമാണ് കളത്തിലിറക്കിയത്. 2008ലെ തിരഞ്ഞെടുപ്പില്‍ ആറ് മുസ്‌ലിം സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. ഇവരില്‍ അഞ്ച് പേരും കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ്. ഇതിന് മുമ്പ് 1978ലെ തിരഞ്ഞെടുപ്പില്‍ മാത്രമാണ് കൂടുതല്‍ മുസ്‌ലിം പ്രതിനിധികളുണ്ടായിരുന്നത്. 16 പേര്‍. 1983ലെ രാമകൃഷ്ണ ഹെഗ്‌ഡെ സര്‍ക്കാറിന്റെ കാലത്ത് രണ്ട് മുസ്‌ലിം എം എല്‍ എമാര്‍ നിയമസഭയിലെത്തി. കോണ്‍ഗ്രസിന് കഴിഞ്ഞ തവണ മെച്ചപ്പെട്ട പ്രകടനം നടത്താനായത് മുസ്‌ലിം വോട്ടുകളില്‍ നിന്നായിരുന്നു. അന്ന് രംഗപ്രവേശം ചെയ്ത എസ് ഡി പി ഐക്കും വെല്‍ഫെയര്‍ പാര്‍ട്ടിക്കും ദയനീയ പരാജയമായിരുന്നു.