ബാസ്‌കറ്റ് ബോള്‍ അവരെ ഒരുമിപ്പിച്ചു, കോര്‍ട്ടില്‍ മോതിരക്കൈമാറ്റം

Posted on: April 9, 2018 6:06 am | Last updated: April 8, 2018 at 11:09 pm

ഗോള്‍ഡ് കോസ്റ്റ്: ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ വെച്ച് വിവാഹഭ്യര്‍ഥന ! ഇംഗ്ലണ്ട് ബാസ്‌കറ്റ് ബോള്‍ താരം ജാമില്‍ ആന്‍ഡേഴ്‌സനാണ് വ്യത്യസ്തമായ രീതിയില്‍ വിവാഹഭ്യര്‍ഥന നടത്തി വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

ഇംഗ്ലണ്ടിന്റെ വനിതാ ബാസ്‌കറ്റ്‌ബോള്‍ താരമായ ജോര്‍ജിയ ജോണ്‍സ് കോര്‍ട്ടിന് പുറത്ത് നില്‍ക്കുമ്പോഴാണ് സഹതാരങ്ങളുടെ അകമ്പടിയോടെ ജാമില്‍ ആന്‍ഡേഴ്‌സന്‍ വിവാഹഭ്യര്‍ഥന നടത്തിയത്.

ആദ്യം ജോര്‍ജിയ ജോണ്‍സ് ഒന്നമ്പരന്നു. മാധ്യമങ്ങള്‍ക്കും സംഭവം പിടികിട്ടിയില്ല.

ആന്‍ഡേഴ്‌സന്‍ കാല്‍മുട്ടിലൂന്നിക്കൊണ്ട് കാമുകിക്കണിയാനുള്ള പ്രണയ മോതിരം ഉയര്‍ത്തിക്കാണിച്ചതോടെ സംഗതി പിടികിട്ടി. ആന്‍ഡേഴ്‌സന്‍ പ്രൊപ്പോസ് ചെയ്യുന്ന നിമിഷത്തിലേക്ക് ഫഌഷുകള്‍ മിന്നി. ക്യാമറകള്‍ ആ നിമിഷം ഒപ്പിയെടുത്തു.

ഇംഗ്ലണ്ട് ടീം കാമറൂണിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിയതിന്റെ പിന്നാലെയാണ് ആന്‍ഡേഴ്‌സന്‍ ഇത്തരമൊരു വിവാഹഭ്യര്‍ഥനക്ക് പദ്ധതിയിട്ടത്. സഹതാരങ്ങളോട് ഇക്കാര്യം അറിയിച്ചിരുന്നു. ബാക്കിയെല്ലാം അവര്‍ ഭംഗിയാക്കി.

പുരുഷ ടീമിന്റെ മത്സരം കാണാന്‍ ഗാലറിയില്‍ വനിതാ ടീം എത്തിയിരുന്നു. പുരുഷ ടീം ജയിച്ചപ്പോള്‍ ആന്‍ഡേഴ്‌സനെ അഭിനന്ദിക്കാന്‍ കോര്‍ട്ടിനരികിലേക്ക് എത്തിയതായിരുന്നു ജോര്‍ജിയ ജോണ്‍സ്.

ജീവിതത്തിലെ അസുലഭ നിമിഷമാണിതെന്ന് ആനന്ദാശ്രുക്കളോടെ ജോര്‍ജിയ ജോണ്‍സ് പറഞ്ഞു.