സിറിയന്‍ വിമത കേന്ദ്രത്തില്‍ രാസായുധ ആക്രമണം: 70മരണം

  • ദൗമില്‍ പ്രയോഗിച്ചത് ക്ലോറിന്‍ വാതകമെന്ന് സംശയം
  • ആരോപണം സിറിയ നിഷേധിച്ചു
Posted on: April 8, 2018 10:04 am | Last updated: April 9, 2018 at 7:56 pm
വിഷവാതകത്തില്‍ നിന്ന് രക്ഷ നേടാന്‍ മാസ്‌ക് ഉപയോഗിക്കുന്ന കുട്ടി

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിന് സമീപം വിമത ശക്തികേന്ദ്രത്തിലുണ്ടായ രാസായുധ പ്രയോഗത്തില്‍ എഴുപതോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കിഴക്കന്‍ ഗൗതയില്‍ അവശേഷിക്കുന്ന വിമത കേന്ദ്രമായ ദൗമയിലുണ്ടായ രാസാക്രമണം ആയിരക്കണക്കിനാളുകളെ ആരോഗ്യപരമായി ബാധിച്ചിട്ടുണ്ടെന്നും മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന വൈറ്റ് ഹെല്‍മെറ്റ് വൃത്തങ്ങള്‍ അറിയിച്ചു. പലരുടെയും നില ഗുരുതരമാണെന്നും മരണനിരക്ക് ഉയര്‍ന്നേക്കാമെന്നും സൂചനയുണ്ട്.

150ഓളം പേര്‍ കൊല്ലപ്പെട്ടു എന്ന് ആദ്യം ട്വീറ്റ് ചെയ്ത വൈറ്റ് ഹെല്‍മറ്റ് പിന്നീട് അത് പിന്‍വലിക്കുകയായിരുന്നു. വൈറ്റ് ഹെല്‍മറ്റും പ്രതിപക്ഷ മാധ്യമങ്ങളും മാത്രമാണ് രാസായുധ പ്രയോഗം സംബന്ധിച്ച വാര്‍ത്തകളും ചിത്രങ്ങളും പുറത്തുവിടുന്നത്. ഇതേക്കുറിച്ച് മറ്റ് സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

സിറിയന്‍ സര്‍ക്കാറിനും അവര്‍ക്ക് പിന്തുണ നല്‍കുന്ന റഷ്യക്കുമാണ് ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വമെന്ന് അമേരിക്ക ആരോപിച്ചു. രാസായുധ പ്രയോഗം സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍ ആഗോളതലത്തില്‍ സിറിയ ശക്തമായ പ്രതികരണം നേരിടേണ്ടിവരുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി. അതേസമയം, ഇത്തരം റിപ്പോര്‍ട്ടുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് സിറിയയുടെ വിശദീകരണം.

ദൗമയുടെ നിയന്ത്രണം കൈയാളുന്ന ജയ്ഷ് അല്‍- ഇസ്‌ലാം വിമത സംഘവും റഷ്യയും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സിറിയന്‍ പ്രതിപക്ഷ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ജയ്ഷ് അല്‍ ഇസ്‌ലാം ഇതിനോട് പ്രതികരിച്ചിട്ടില്ല. സിറിയ വെള്ളിയാഴ്ച ദൗമയില്‍ ശക്തമായ കര- വ്യോമാക്രമണങ്ങള്‍ നടത്തിയതായി ഔദ്യോഗിക സിറിയന്‍ ചാനലായ സന റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമത വിഭാഗത്തിന്റെ ഷെല്ലാ്രക്രമണത്തിനുള്ള തിരിച്ചടിയായി ദമസ്‌കസിലെ ജനവാസ കേന്ദ്രത്തില്‍ നടത്തിയ സിറിയന്‍ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് സന പുറത്തുവിട്ട വിവരം. എന്നാല്‍, ഈ അവകാശവാദം ജയ്ഷ് അല്‍- ഇസ്‌ലാം നിഷേധിച്ചു.

ഇന്നലെയുണ്ടായ രാസായുധ പ്രയോഗത്തിലെ ആളപായം സംബന്ധിച്ചും അവര്‍ക്ക് നല്‍കിയ വൈദ്യസഹായവും രക്ഷാപ്രവര്‍ത്തനവും സംബന്ധിച്ചുമുള്ള ചിത്രങ്ങള്‍ പ്രതിപക്ഷ അനുകൂല മാധ്യമമായ ദൗമ മീഡിയ സെന്റര്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുന്നുണ്ട്. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമാണ് ഏറ്റവും കൂടുതല്‍ കഷ്ടത അനുഭവിക്കുന്നത്. വായില്‍ നിന്നും മൂക്കില്‍ നിന്നും വെളുത്ത പത വമിക്കുന്ന നിരവധി ആളുകളുടെ ചിത്രങ്ങളും വീഡിയോകളുമാണ് രക്ഷാപ്രവര്‍ത്തകരും പുറത്തുവിടുന്നത്. ദൗമയില്‍ നടന്നത് ക്ലോറിന്‍ ആക്രമണമാണെന്നാണ് നിഗമനം.

2013ന് ശേഷം വിമത കേന്ദ്രത്തില്‍ സിറിയ പല തവണ രാസായുധം പ്രയോഗിച്ചിട്ടുണ്ടെന്ന് നേരത്തെ ആരോപണമുണ്ട്. ഇക്കാര്യം യു എന്‍ ദൗത്യ സംഘം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 2013ല്‍ നൂറുകണക്കിന് ആളുകള്‍ക്കും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എണ്‍പതോളം ആളുകള്‍ക്കും സിറിയന്‍ രാസായുധ പ്രയോഗത്തില്‍ ജീവന്‍ നഷ്ടമായി. ഈ വര്‍ഷം ആദ്യം വിമത കേന്ദ്രത്തില്‍ സിറിയ ക്ലോറിന്‍ വിഷ വാതകം നിറച്ച ബോംബുകള്‍ വര്‍ഷിച്ചതായി അമേരിക്കയും സന്നദ്ധ സംഘടനകളും ആരോപിച്ചിരുന്നു.

നാല് വര്‍ഷത്തോളമായി ആക്രമണം തുടരുന്ന ഗൗതയില്‍ കടുത്ത ഭക്ഷ്യ- മരുന്ന് പ്രതിസന്ധിയാണ് തുടരുന്നത്. റഷ്യന്‍ സേനയുമായി കഴിഞ്ഞ ആഴ്ച വിമത വിഭാഗം കരാറിലെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇരുപതിനായിരത്തോളം ആളുകളെ അവിടെ നിന്ന് വടക്കന്‍ പ്രവിശ്യയായ ഇദ്‌ലിബിലേക്ക് മാറ്റിയിരുന്നു. ഒരു ലക്ഷത്തിലേറെ ആളുകള്‍ ഇപ്പോഴും ഗൗതയില്‍ ആക്രമണ ഭീതിയോടെ കഴിയുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സലഫീ തീവ്രവാദികള്‍ സിവിലിയന്‍മാരെ മനുഷ്യകവചമാക്കുകയാണെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നു.