സംയുക്ത അന്വേഷണമാകാമെന്ന് റഷ്യ; തന്ത്രമെന്ന് ബ്രിട്ടന്‍

മുന്‍ റഷ്യന്‍ ചാരന് വിഷപ്രയോഗമേറ്റ സംഭവം
Posted on: April 5, 2018 6:06 am | Last updated: April 4, 2018 at 11:13 pm

മോസ്‌കോ: മുന്‍ റഷ്യന്‍ ചാരനും മകള്‍ക്കും വിഷപ്രയോഗമേറ്റ സംഭവത്തില്‍ സംയുക്ത അന്വേഷണമാകാമെന്ന് റഷ്യ. എന്നാല്‍ റഷ്യയുടെ ഈ അഭിപ്രായത്തെ ബ്രിട്ടന്‍ തള്ളിക്കളഞ്ഞു. റഷ്യ നേരിടുന്ന ആരോപണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഹീനതന്ത്രമാണ് ഇതെന്ന് ബ്രിട്ടന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ മാസം നാലിന് ലണ്ടനില്‍ വെച്ച് മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും വിഷപ്രയോഗമേറ്റ സംഭവത്തിന് പിന്നില്‍ റഷ്യയാണെന്ന് ബ്രിട്ടനും അമേരിക്കയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും ആരോപിച്ചിരുന്നു.

സംയുക്ത അന്വേഷണമെന്നത് റഷ്യയുടെ തന്ത്രമാണ്. വിവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് റഷ്യ ഇതിലൂടെ ലക്ഷ്യമാക്കുന്നത്. എന്നാല്‍ ബ്രിട്ടന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ അവഗണിച്ചുതള്ളാനാകില്ലെന്നും അവക്ക് റഷ്യ മറുപടി പറയേണ്ടത് അനിവാര്യമാണെന്നും ബ്രിട്ടന്‍ വ്യക്തമാക്കി. ബ്രിട്ടന്‍ തന്നെയാണ് വിഷപ്രയോഗത്തിന് പിന്നിലെന്ന റഷ്യയുടെ ആരോപണവും ബ്രിട്ടന്‍ തള്ളിക്കളഞ്ഞിരുന്നു. റഷ്യയുടെ ഈ കുറ്റപ്പെടുത്തലിനെ ഐക്യരാഷ്ട്ര സഭയും വിമര്‍ശിച്ചിരുന്നു.

വിഷപ്രയോഗമേറ്റ സംഭവത്തില്‍ റഷ്യയുടെ നിരവധി നയന്ത്ര പ്രതിനിധികളെ ബ്രിട്ടനും യു എസും യൂറോപ്യന്‍ രാജ്യങ്ങളും പുറത്താക്കിയിരുന്നു.