Connect with us

Sports

ഫുട്‌ബോള്‍, വോളിബോള്‍ ടീമുകള്‍ക്ക് നിയമസഭയുടെ അഭിനന്ദനം

Published

|

Last Updated

സന്തോഷ് ട്രോഫി കിരീടവുമായി കേരളാ താരങ്ങള്‍ കൊച്ചിയില്‍ എത്തിയപ്പോള്‍

തിരുവനന്തപുരം: പതിനാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ഫുട്‌ബോള്‍ ടീമിന് നിയമസഭയുടെ അഭിനന്ദനം. ദേശീയ കിരീടം നേടിയ വോളിബോള്‍ ടീമിനേയും സഭയില്‍ അഭിനന്ദിച്ചു. കേരളം ഒറ്റക്കെട്ടായി ഈ വിജയം നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒറ്റമത്സരം പോലും തോല്‍ക്കാതെയാണ്  കിരീടം സ്വന്തമാക്കിയത് എന്നത് ഈ നേട്ടത്തിന് മാറ്റുകൂട്ടുന്നു.

ചിട്ടയായ പരിശീലനം, കളിക്കളത്തിലെ കൂട്ടായ്മ, ആത്മവിശ്വാസം, കൃത്യമായ ആസൂത്രണം, പിഴവില്ലാത്ത പ്രതിരോധം, എന്നിവയാണ്  ചരിത്രപരമായ ഈ നേട്ടത്തിന് നിദാനമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഏപ്രില്‍ 6ന് സംസ്ഥാനത്ത് വിജയദിനമായി ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള ടീമിനെ സംസ്ഥാനം ആദരിക്കുകയും ചെയ്യും.  കായികമേഖലയില്‍ കേരളത്തിന്റെ വസന്തകാലം തിരിച്ചെത്തി എന്നതിന്റെ വിളംബരമാണ് ഫുട്‌ബോളിലെയും വോളിബോളിലെയും വിജയങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫുട്‌ബോളിന് ഒപ്പം വോളിബോളിലും വലിയ നേട്ടങ്ങള്‍ കേരളം കൊയ്‌തെടുത്ത വര്‍ഷമാണിത്. കോഴിക്കോട് നടന്ന ദേശീയ സീനിയര്‍ വോളീബോളില്‍ പുരുഷവിഭാഗത്തില്‍ കേരളം ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി. വനിതാവിഭാഗത്തില്‍ റണ്ണറപ്പായതും നമ്മുടെ ടീമാണ്. ഫെഡറേഷന്‍ കപ്പിലും കേരളം ആധിപത്യം നിലനിര്‍ത്തി.
കേരളത്തിന്റെ മണ്ണില്‍ കിരീടം തിരികെയെത്തിച്ച ടീമിനെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അഭിനന്ദിച്ചു. കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത ടീം അംഗങ്ങളെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ അഭിനന്ദിച്ചു.

ഗോള്‍കീപ്പര്‍ മിഥുന്റെ മിന്നുന്ന പ്രകടനവും ക്യാപ്റ്റന്‍ രാഹുല്‍ വി രാജിന്റെ നേതൃത്വവും സഹതാരങ്ങളുടെ ഒത്തൊരുമിച്ചുള്ള പോരാട്ടവുമാണ് കേരളത്തിന് വിജയം സമ്മാനിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Latest