Connect with us

International

മരിക്കും വരെ പോരാട്ടമെന്ന് ഫലസ്തീനികള്‍

Published

|

Last Updated

ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊന്ന ഫലസ്തീന്‍ യുവാവിന്റെ മയ്യിത്ത് ഖബറടക്കത്തിന് കൊണ്ടുപോകുന്നു

ദമസ്‌കസ്: ലാന്‍ഡ് ഡേ ആചരണത്തിനിടെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊന്ന ഫലസ്തീനികളുടെ എണ്ണം 17 ആയി. വെടിയേറ്റ് മരിച്ചവരുടെ സ്മരണയില്‍ ഫലസ്തീന്‍ അതോറിറ്റി ഇന്നലെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. സ്‌കൂളുകളും യൂനിവേഴ്‌സിറ്റികളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമെല്ലാം അടഞ്ഞുകിടന്നു. പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നിര്‍ദേശപ്രകാരമായിരുന്നു ദേശീയ ദുഃഖാചരണം. മരണം വരെ ഞങ്ങള്‍ പോരാടിക്കൊണ്ടിരിക്കുമെന്ന് ദുഃഖാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടികളില്‍ ഫലസ്തീനികള്‍ വിളിച്ചുപറഞ്ഞു. വെടിയേറ്റുമരിച്ചവരില്‍ പലരുടെയും മയ്യിത്തുകള്‍ ഖബ്‌റടക്കി.

ഇസ്‌റാഈല്‍ സൈന്യം നടത്തിയ വെടിവെപ്പിലും കണ്ണീര്‍വാതക പ്രയോഗത്തിലം 1400ലധികം ഫലസ്തീനികള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇവരില്‍ കൂടുതല്‍ പേര്‍ക്കും പരുക്കേറ്റത് വെടിയുണ്ടകളേറ്റാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇസ്‌റാഈല്‍ അനധികൃതമായി ഫലസ്തീനികളുടെ ഭൂമി കൈവശപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ 1976 മാര്‍ച്ച് 30ന് ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ ഓര്‍മയിലാണ് ലാന്‍ഡ് ഡേ ആചരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി ഗാസ- ഇസ്‌റാഈല്‍ അതിര്‍ത്തികളില്‍ തടിച്ചുകൂടിയ ഫലസ്തീനികള്‍ക്ക് നേരെ സൈന്യം ആക്രമണം നടത്തുകയായിരുന്നു. ഗാസ- ഇസ്‌റാഈല്‍ അതിര്‍ത്തിയില്‍ അഞ്ച് പ്രദേശങ്ങളിലാണ് പ്രതിഷേധം അരങ്ങേറിയത്. 1948ലെ യുദ്ധത്തെ തുടര്‍ന്ന് ഇസ്‌റാഈല്‍ സൈന്യം ഇരുപത് ലക്ഷം ഗാസ നിവാസികളെ പുറത്താക്കുകയും അവരുടെ ഭൂമി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

 

Latest