സ്‌കൂളുകള്‍ അടച്ചു പൂട്ടാന്‍ വരട്ടെ

പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കപ്പെടണം. എന്നാല്‍ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ വേണ്ടി അണ്‍ എയ്ഡഡ് അണ്‍റെക്ക്ഗനൈസ്ഡ് വിദ്യാലയങ്ങളുടെ കഴുത്തില്‍ കത്തിവെക്കുന്നത് എന്തിനാണ്? പൊതുവിദ്യാലയങ്ങളെ ഗുണമേന്മയുള്ളതാക്കി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കിടപിടിക്കാന്‍ പ്രാപ്തമാക്കി കുട്ടികളെ അങ്ങോട്ട് ആകര്‍ഷിക്കുകയാണ് വേണ്ടത്. അല്ലാതെ ഇത്തരം സ്ഥാപനങ്ങള്‍ അടച്ച് പൂട്ടിയോ അല്ലെങ്കില്‍ ഈ മേഖലയിലാകെ പ്രശ്‌നമാണെന്ന് വരുത്തി തീര്‍ത്തോ ആകരുതെന്ന് മാത്രം. സ്‌കൂളുകള്‍ അടച്ച് പൂട്ടുന്നതിനെതിരെ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിലെ ഇരട്ടത്താപ്പും ചോദ്യം ചെയ്യപ്പെടണം.
Posted on: March 25, 2018 4:10 pm | Last updated: March 25, 2018 at 4:10 pm

വേനലവധിക്ക് വിദ്യാലയങ്ങള്‍ അടക്കുകയാണ്. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ഒരുക്കവും കാത്തിരിപ്പുമാണ് ഇനി. അപ്പോഴും പൊതുവിദ്യാഭ്യാസ രംഗത്ത് ഉരുണ്ട് കൂടുന്ന ഒരു കാര്‍മേഘം ആരും കാണാതെ പോകരുത്. സംസ്ഥാനത്തെ ആയിരത്തിലധികം സ്‌കൂളുകള്‍ അംഗീകാരം എന്ന കടമ്പയില്‍ തട്ടി അടച്ച് പൂട്ടല്‍ ഭീഷണി നേരിടുന്നു. ഇവിടങ്ങളില്‍ പഠിക്കുന്ന ലക്ഷത്തിലധികം വിദ്യാര്‍ഥികളും രക്ഷിതാക്കളും അവിടെ ജോലിയെടുക്കുന്ന അധ്യാപകരും അനധ്യാപകരുമായ പതിനായിരങ്ങളും സാമൂഹ്യസേവനം എന്ന നിലയില്‍ ഇത്തരം സ്ഥാപനങ്ങള്‍ നടത്താന്‍ മുന്നിട്ടിറങ്ങിയ മാനേജ്‌മെന്റുകളും അനുഭവിക്കുന്ന മാനസിക സംഘര്‍ഷം ഒരു നീറ്റല്‍ തന്നെയാണ്. വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമാണ് അടച്ച് പൂട്ടലെന്നാണ് വ്യാഖ്യാനം. ഇവിടുത്തെ കുട്ടികള്‍ക്ക് തൊട്ടടുത്ത പൊതുവിദ്യാലയത്തിലേക്ക് മാറാമല്ലോ എന്ന ആനുകൂല്യവും നല്‍കുന്നു.

പൊതുവിദ്യാലയ സംരക്ഷണ യജ്ഞം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മാതൃകാപരമായ ഒരു പദ്ധതിയാണ്. സമൂഹം ഇരുകൈയും നീട്ടി സ്വീകരിക്കുകയും മനം നിറഞ്ഞ് പിന്തുണക്കുകയും ചെയ്ത പദ്ധതി. എന്നാല്‍, ഈ പദ്ധതിയുടെ കൂടി ശോഭ കെടുത്താന്‍ മാത്രമേ അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്‍ പൂട്ടുന്നതിലൂടെ ലഭിക്കൂവെന്ന് പറയാതെ വയ്യ.
പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കപ്പെടണം. ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ വേണ്ടി അണ്‍ എയ്ഡഡ് അണ്‍റെക്കഗനൈസ്ഡ് വിദ്യാലയങ്ങളുടെ കഴുത്തില്‍ കത്തിവെക്കുന്നത് എന്തിനാണ്? പൊതുവിദ്യാലയങ്ങളെ ഗുണമേന്മയുള്ളതാക്കി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കിടപിടിക്കാന്‍ പ്രാപ്തമാക്കി കുട്ടികളെ അങ്ങോട്ട് ആകര്‍ഷിക്കുകയാണ് വേണ്ടത്. അല്ലാതെ ഇത്തരം സ്ഥാപനങ്ങള്‍ അടച്ച് പൂട്ടിയോ അല്ലെങ്കില്‍ ഈ മേഖലയിലാകെ പ്രശ്‌നമാണെന്ന് വരുത്തി തീര്‍ത്തോ ആകരുതെന്ന് മാത്രം.
സമ്പൂര്‍ണ സാക്ഷരത പോലെ തന്നെ സാര്‍വത്രിക വിദ്യാഭ്യാസവും കേരളത്തിന്റെ സ്വകാര്യ അഹങ്കാരമാണ്. സര്‍ക്കാറും സ്വകാര്യമേഖലയും ഒന്നിച്ച് നിന്ന് വിജയിപ്പിച്ചെടുത്ത രംഗം. മതന്യൂനപക്ഷങ്ങള്‍ ഈ രംഗത്ത് നല്‍കിയ സേവനം ചെറുതല്ല. സര്‍ക്കാര്‍ വിദ്യാലയങ്ങളേക്കാള്‍ കൂടുതല്‍ എയ്ഡഡ് സ്‌കൂള്‍ കേരളത്തിലുണ്ടായത് തന്നെ ഇതിനുള്ള മികച്ച തെളിവ്. സിംഗിള്‍ മാനേജ്‌മെന്റുകള്‍ മുതല്‍ ട്രസ്റ്റുകളും സംഘടനകളും സഭകളും നടത്തുന്നതാണ് എയ്ഡഡ് വിദ്യാലയങ്ങള്‍. ലാഭേച്ഛയില്ലാതെ പൊതുസമൂഹത്തിന്റെയും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ദുര്‍ബല ജനവിഭാഗങ്ങളുടെയും വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ടാണ് ഭൂരിഭാഗം സ്ഥാപനങ്ങളും നടക്കുന്നത്. ഏതെങ്കിലും സിംഗിള്‍ മാനേജ്‌മെന്റ് വിദ്യാലയങ്ങള്‍ ഇതിന് അപവാദമായി ഉണ്ടാകുമെന്ന വസ്തുത വിസ്മരിക്കുന്നില്ല. ഏറിയ പങ്കും സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് സ്ഥാപിച്ചതും ഇപ്പോഴും അങ്ങനെ നടക്കുന്നതുമാണ്. സ്‌കൂള്‍ നടത്തിപ്പ് നഷ്ടമാണെന്ന് കണ്ടാണ് ചിലരെങ്കിലും എയ്ഡഡ് സ്‌കൂളുകള്‍ വില്‍പ്പനക്ക് വെക്കുന്നതും അടച്ച് പൂട്ടല്‍ നീക്കം നടത്തുന്നതും.
ഈയൊരു പശ്ചാത്തലത്തില്‍ നിന്ന് വേണം അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ വിലയിരുത്തേണ്ടത്. അംഗീകാരമില്ലാത്ത 1585 സ്‌കൂളുകള്‍ക്കാണ് അടച്ച് പൂട്ടാന്‍ മുന്നറിയിപ്പ് നല്‍കി സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ വെച്ച കണക്കാണിത്. 1091 ആണെന്നാണ് ഡി പി ഐയുടെ കണക്ക്. ഇക്കാര്യത്തില്‍ തിടുക്കത്തിലൊരു തീരുമാനമെടുക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അത്രയും നല്ലത്. സാമൂഹികനീതി ആര്‍ക്കും നിഷേധിക്കപ്പെടരുത്.

കണക്കുകളിലെ ഏറ്റക്കുറച്ചിലിനപ്പുറം ഇതിന്റെ പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. വീടിനടുത്ത് വിദ്യാലയം, ധാര്‍മ്മികമായ വളര്‍ച്ചക്ക് കൂടി ഊന്നല്‍ നല്‍കുമെന്ന പ്രതീക്ഷ, ഒപ്പം നല്ല സംവിധാനങ്ങളും സാഹചര്യവും. സുഗമമായ യാത്രാസൗകര്യം. ഇതൊക്കെയാണ് ഇത്തരം സ്‌കൂളുകളിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നത്. സൗജന്യ വിദ്യാഭ്യാസ സംവിധാനമുണ്ടായിട്ടും ഫീസ് മുടക്കി കുട്ടികളെ പഠിപ്പിക്കാന്‍ ഇങ്ങോട്ട് അയക്കുന്നതും ഇതുകൊണ്ട് തന്നെ.
ഏതാണ്ട് 2500 ലധികം സ്‌കൂളുകള്‍ ഈ രംഗത്തുണ്ടെന്നാണ് ഒരു അനൗദ്യോഗിക കണക്ക്. ഇതില്‍ 1811 സ്‌കൂളുകള്‍ സ്റ്റേറ്റ് സിലബസും 1208 സി ബി എസ് ഇയും 75 ഐ സി എസ് ഇയും 172 മറ്റു സിലബസുകളും പഠിപ്പിക്കുന്നു. ലബോറട്ടറി, ലൈബ്രറി, കളിസ്ഥലം, കുടിവെള്ളം, ടോയ്‌ലറ്റ്, ഹോസ്റ്റല്‍, വൈദ്യുതീകരണം, വാഹനം തുടങ്ങിയ സംവിധാനങ്ങളെല്ലാം ഉള്ളതാണ് ഭൂരിഭാഗവും. ഇതൊന്നുമില്ലെങ്കില്‍ ഇതൊക്കെ ഉണ്ടാകണമെന്ന് നിര്‍ബന്ധിക്കാം. ഏര്‍പ്പെടുത്തണമെന്ന് കാണിച്ച് നോട്ടീസ് നല്‍കാം.
മാനദണ്ഡങ്ങളില്‍ ചെറിയ ഇളവുകള്‍ ചിലപ്പോള്‍ നല്‍കേണ്ടി വരും. ഭൂമിയുടെ വിസ്തീര്‍ണം ഉള്‍പ്പെടെയുള്ളതില്‍ പ്രായോഗിക നിര്‍ദേശങ്ങള്‍ ആണ് ഉണ്ടാകേണ്ടത്. മൂന്ന് ഏക്കര്‍ സ്ഥലം എന്നതൊക്കെ അപ്രായോഗികമാണ്. കേരളത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന എത്ര സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് മൂന്ന് ഏക്കര്‍ ഭൂമിയുണ്ടാകും. സ്‌കൂളിന്റെ പ്രവര്‍ത്തനം തുടങ്ങുന്ന കാലത്ത് മൂന്ന് ഏക്കര്‍ ഉണ്ടായിരിക്കും.

രാജ്യത്ത് മെഡിക്കല്‍ കോളജുകള്‍ തുടങ്ങണമെങ്കില്‍ നേരത്തെ 25 ഏക്കര്‍ ഭൂമി വേണമായിരുന്നു. പിന്നീട് അത് പതിനഞ്ചും പത്തുമൊക്കെയായി കുറച്ചു. ഇക്കാര്യത്തിലും അത്തരമൊരു സമീപനമാണ് വേണ്ടത്.
ഇളവുകള്‍ നല്‍കുന്നത് പുതുമയുള്ളതൊന്നുമല്ല. കഴിഞ്ഞ അധ്യയന വര്‍ഷം സര്‍ക്കാറിന്റെ പ്രവേശന മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയും പ്രവേശന പരീക്ഷാ കമ്മീഷണറുടെ നടപടിക്രമങ്ങള്‍ ലംഘിച്ചും മെഡിക്കല്‍ പ്രവേശനം നടത്തിയ രണ്ട് സ്വാശ്രയ കോളജുകളിലെ പ്രവേശനം സുപ്രീംകോടതി വരെ തടഞ്ഞപ്പോള്‍ കേരള നിയമസഭയില്‍ പുതിയ നിയമം കൊണ്ടുവന്ന് ഇളവ് നല്‍കിയാണ് അവരെ രക്ഷിച്ചത്. പാലക്കാട് കരുണ, കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജുകളിലെ പ്രവേശനം റദ്ദാക്കിയപ്പോഴായിരുന്നു സര്‍ക്കാറിന്റെ ഇടപെടല്‍. കുട്ടികള്‍ എന്ത് പിഴച്ചുവെന്ന ന്യായത്തിലൂന്നിയാണ് പുതിയൊരു നിയമനിര്‍മാണത്തിന് തന്നെ സര്‍ക്കാര്‍ മുതിര്‍ന്നത്. ആ ന്യായം ഇത്തരം സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും ന്യായമായി ലഭിക്കേണ്ടതുണ്ട്.
ഇത്തരം സ്‌കൂളുകള്‍ അടച്ച് പൂട്ടുമ്പോള്‍ പതിനായിരക്കണക്കിന് ആളുകള്‍ തൊഴില്‍ രഹിതരാകുന്നുവെന്ന വസ്തുത കൂടി ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം. ഏതാണ്ട് ഇരുപതിനായിരത്തിലധികം അധ്യാപകരാണ് ഈ രംഗത്ത് തൊഴിലെടുക്കുന്നത്. ഏഴായിരത്തോളം അനധ്യാപകരും വരും. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്. അധ്യാപകരുടെ കാര്യമെടുത്താല്‍ 80 ശതമാനവും സ്ത്രീകളാണ്. നേരത്തെ ചാരായം നിരോധിച്ച ഘട്ടത്തിലും അതിന് ശേഷം ബാറുകള്‍ പൂട്ടിയപ്പോഴും അവിടെ തൊഴിലെടുക്കുന്നവരുടെ കാര്യത്തില്‍ വലിയ ആശങ്കയാണ് ഭരണകൂടവും പൊതുസമൂഹവും പങ്കുവെച്ചിരുന്നത്. അതിനേക്കാള്‍ വലിയ ദുരന്തമാണ് സ്‌കൂളുകള്‍ പൂട്ടുമ്പോള്‍ സംഭവിക്കുകയെന്ന വസ്തുത ഉള്‍ക്കൊണ്ടേ മതിയാകൂ.
അഭ്യസ്തവിദ്യരായ ഇവരെ എവിടെ പുനരധിവസിപ്പിക്കും? സര്‍ക്കാര്‍ സര്‍വീസിലെ പരിമിതമായ തസ്തികകളും എയ്ഡഡ് സ്‌കൂളുകളിലെ കനത്ത കോഴയുമാണ് ഇത്തരം വിദ്യാലയങ്ങളിലേക്ക് ഇവരെ എത്തിച്ചത്. അതിനാല്‍ തന്നെ ഈ സ്‌കൂളുകള്‍ പൂട്ടുമ്പോള്‍ ഇവരുടെ കുടുംബം പട്ടിണിയിലേക്ക് നീങ്ങും.

തൊഴില്‍ സുരക്ഷയും സേവന വേതന വ്യവസ്ഥയിലെ അപര്യാപ്തതയുമാണ് അടച്ച് പൂട്ടലിന് നിരത്തുന്ന മറ്റൊരു ന്യായം. നിയമ വ്യവസ്ഥ വെല്ലുവിളിക്കുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെ നടപടിയെടുക്കുന്നതിനെ ആരും എതിര്‍ക്കില്ല. സ്വാശ്രയ കോളജുകളിലെ സേവന വേതന വ്യവസ്ഥ എന്താണ്. അവിടെയും വ്യാപകമായി തൊഴില്‍ ചൂഷണം നടക്കുന്നുണ്ടല്ലോ. അവയൊന്നും പൂട്ടാന്‍ ആരും തയ്യാറായിട്ടില്ല. അതിനാല്‍ വ്യവസ്ഥകളില്ലെങ്കില്‍ അതുണ്ടാക്കാം. തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ എന്ത് നടപടിയും സ്വീകരിക്കാം.
അടച്ച് പൂട്ടല്‍ ഭീഷണി നേരിടുന്ന വിദ്യാലയങ്ങളൊന്നും സിംഗിള്‍ മാനേജ്‌മെന്റുകള്‍ നടത്തുന്നതല്ല. ഇതില്‍ നിന്ന് തന്നെ ഇതൊരു ലാഭസ്ഥാപനമല്ലെന്ന് ബോധ്യപ്പെടും. വലിയ ലാഭം കൊയ്യാന്‍ അവസരമുള്ള സ്വാശ്രയ സ്ഥാപനങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രോത്സാഹിപ്പിക്കപ്പെടുമ്പോഴാണ് ഈ നടപടി എന്നതും ഇതോട് ചേര്‍ത്ത് വായിക്കണം.
യാതൊരു മാനദണ്ഡവും പാലിക്കാതെയും അംഗീകാരം ഇല്ലാതെ തന്നെയും ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് ആരും വാശിപിടിക്കുന്നില്ല. ആര്‍ക്കെങ്കിലും അങ്ങനെ വാശിയുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയുമാകാം. മറിച്ച് മാനദണ്ഡങ്ങളില്‍ ചില ഇളവും അംഗീകാരം ലഭ്യമാക്കാനാവശ്യമായ നടപടിയും ആവശ്യപ്പെടുന്നവരോട് സര്‍ക്കാര്‍ അനുകമ്പ കാണിക്കണം. ഇത് നല്‍കേണ്ടത് സ്വഭാവിക നീതിയാണ്. ഈ നീതി നല്‍കുമെന്ന സൂചന തന്നെയാണ് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ നല്‍കിയത്. തിടുക്കപ്പെട്ട് ഒരു തീരുമാനമുണ്ടാകില്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം പ്രതീക്ഷ നല്‍കുന്നതാണ്. ഒപ്പം, എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടും അംഗീകാരം ലഭിച്ചിട്ടില്ലെന്ന പരാതിയും സര്‍ക്കാറിന് ലഭിച്ചിട്ടുണ്ടെന്നും ഇത് ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി തന്നെ വ്യക്തമാക്കി.

സ്‌കൂളുകള്‍ അടച്ച് പൂട്ടുന്നതിനെതിരെ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിലെ ഇരട്ടത്താപ്പും ചോദ്യം ചെയ്യപ്പെടണം. വിദ്യാഭ്യാസവകുപ്പ് പലതവണ ഭരിച്ച പാര്‍ട്ടിയാണ് ലീഗ്. അന്നൊന്നും ഈ പ്രതിസന്ധി പരിഹരിക്കാന്‍ സമയം കണ്ടെത്തിയില്ല. മാത്രമല്ല, മാനദണ്ഡങ്ങളെല്ലാം പാലിച്ചിട്ടും ഇത്തരം വിദ്യാലയങ്ങളില്‍ ചിലതിനെങ്കിലും അംഗീകാരം നല്‍കാതിരിക്കാനാണ് അന്ന് ലീഗിന്റെ നേതൃത്വത്തില്‍ കരുക്കള്‍ നീക്കിയത്. അംഗീകാരത്തിന് വേണ്ടി പല സ്‌കൂളുകള്‍ക്കും അന്ന് കോടതിയെ സമീപിക്കേണ്ടി വന്നു. അന്നുണ്ടാകാത്ത ഇര വാദത്തിന് പിന്നില്‍ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയം തിരിച്ചറിഞ്ഞ് കൊണ്ട് തന്നെ ബന്ധപ്പെട്ടവര്‍ ഈ പ്രശ്‌നപരിഹാരത്തിന് മുന്‍കൈയെടുക്കണം.