യുവ നേതാവിനെതിരായ വെളിപ്പെടുത്തല്‍ വിവാദമാക്കേണ്ടെന്ന് ജോസ് കെ മാണി

Posted on: March 17, 2018 1:31 pm | Last updated: March 17, 2018 at 1:31 pm

കോട്ടയം: നിഷ ജോസ് കെ മാണിയുടെ ‘ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലെ പരാമര്‍ശം വിവാദമാക്കേണ്ടെന്ന് ഭര്‍ത്താവും എംപിയുമായ ജോസ് കെ. മാണി. ഒരു രാഷ്ട്രീയ നേതാവിന്റെ കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങളാണ് പറഞ്ഞതെന്നും പേര് വെളിപ്പെടുത്തണോ വേണ്ടയോ എന്നത് വ്യക്തിപരമായ കാര്യമാണെന്നും ജോസ് കെ മാണി പറഞ്ഞു.

‘ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന നിഷയുടെ പുസ്തകത്തില്‍ ട്രെയിന്‍ യാത്രക്കിടെ യുവ നേതാവില്‍ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഇത് ചര്‍ച്ചയായതോടെയാണ് ജോസ് കെ മാണിയുടെ പ്രതികരണം. തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്കുള്ള യാത്രയിലാണ് ദുരനുഭവമുണ്ടായതെന്നും പുസ്തകത്തില്‍ പറഞ്ഞിരുന്നു.

യുവാവ് പിതാവിന്റെ പേര് പറഞ്ഞ് പരിചയപ്പെട്ട ശേഷം സമീപത്തിരുന്ന് അനാവശ്യമായി ദേഹത്ത് സ്പര്‍ശിച്ചെന്നും എഴുന്നേറ്റ് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ലെന്നും നിഷ പറയുന്നു. ഇക്കാര്യം ടി ടി ആറിനോട് പറഞ്ഞെങ്കിലും തനിക്ക് പേടിയാണെന്ന് പറഞ്ഞ് അയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും നിഷ പുസ്തകത്തില്‍ പറയുന്നു. താന്‍ ഒച്ചയിട്ടപ്പോഴാണ് യുവാവ് എഴുന്നേറ്റ് പോകുകയായിരുന്നു. തന്നെക്കുറിച്ച് അപവാദം പറഞ്ഞ് പരത്തുന്നത് യുവ കോണ്‍ഗ്രസ് നേതാവാണെന്നും പുസ്തകത്തിലുണ്ട്.