സോഷ്യല്‍ മീഡിയയിലെ വര്‍ണ വെറികള്‍െ

  സോഷ്യല്‍ മീഡിയയില്‍നിന്നുള്ള അസഭ്യവര്‍ഷങ്ങള്‍ പലരുടെയും ജീവന്‍ കളയുന്നതില്‍ വരെ എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കൗമാരക്കാരില്‍ പലരുടെയും പോസ്റ്റുകള്‍ക്ക് അവരുടെ ജാതിയും നിറവുമെല്ലാം മുന്‍നിര്‍ത്തി കമന്റിടുന്നവരും ട്രോളുന്നവരും അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. താന്‍ സമൂഹത്തില്‍ ഇത്രമാത്രം അവമതിക്കപ്പെട്ടവനാണെന്ന ബോധം വളര്‍ത്താന്‍ ഇത്തരം കമന്റുകള്‍ വഴിമരുന്നിടുന്നു. 'സ്വാതന്ത്ര്യം' എന്നത് എല്ലാവര്‍ക്കുമുള്ളതാണെന്നും അന്യന്റെ 'ചുമരില്‍' കയറി തോന്നിവാസം കാട്ടാനുള്ളതല്ലെന്നും എല്ലാവരും മനസ്സിലാക്കുന്നത് നന്ന്.  
Posted on: February 27, 2018 6:23 am | Last updated: February 28, 2018 at 8:02 pm

മോഷ്ടിച്ചാല്‍ തല്ല് കിട്ടും…തല്ലുന്നവന്‍ ഡോക്ടര്‍ അല്ല. കള്ളനെ പിടിക്കുന്നത് കണ്ടാല്‍ സെല്‍ഫി എടുത്ത് കൂട്ടുകാര്‍ക്ക് അയക്കാത്തവര്‍ ആരുണ്ട്’-അട്ടപ്പാടിയില്‍ കഴിഞ്ഞദിവസം ആള്‍ക്കൂട്ട മര്‍ദനത്തില്‍ മരിച്ച മധുവിന്റെ കൊലപാതകത്തെ ന്യായീകരിച്ച് വിവാദ ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന കമന്റുകളിലൊന്നാണിത്. ഇതുപോലെ നിരവധി കമന്റുകള്‍ ഈ ഗ്രൂപ്പില്‍ വന്നിട്ടുണ്ട്. സംഭവം വിവാദമായപ്പോള്‍ അഡ്മിന്‍ ഗ്രൂപ്പ് ഡിലീറ്റ് ചെയ്ത് രക്ഷപ്പെട്ടിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട മറ്റൊരു ഗ്രൂപ്പ് തങ്ങളുടെ ഗ്രൂപ്പിനെ തകര്‍ക്കുന്നതിനുവേണ്ടി ഗ്രൂപ്പിന്റെ ലോഗോ വെച്ച് പോസ്റ്റുകളുണ്ടാക്കി ജനമധ്യത്തില്‍ താറടിക്കുകയാണെന്നും, ഇതിന്റെ പേരില്‍ നിയമപ്രശ്‌നങ്ങളുണ്ടാക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ ഗ്രൂപ്പ് അടച്ചുപൂട്ടുന്നു എന്നുമാണ് ഗ്രൂപ്പ് അഡ്മിന്റെ വിശദീകരണം. ഇതിനുമുന്നേ രണ്ടുതവണ ഈ ഗ്രൂപ്പ് പൂട്ടുകയും പിന്നീട് തുറക്കുകയും ചെയ്തതാണ്. ഈ ഗ്രൂപ്പ് ഇത്തരത്തിലുള്ള പരാമര്‍ശങ്ങളുടെ പേരില്‍ കുപ്രസിദ്ധമാണ്. ആദിവാസികളെയും സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവനെയും ദ്വയാര്‍ഥ പദങ്ങളുപയോഗിച്ച് അവഹേളിക്കുന്നതാണ് ഇതിലെ പോസ്റ്റുകളിലധികവും. പോസ്റ്റുകള്‍ക്ക് കമന്റുകളായി വരുന്നതാകട്ടെ അതിലേറെ വൃത്തികെട്ട വാക്കുകളും.

സോഷ്യല്‍മീഡിയയുടെ അഭിപ്രായസ്വാതന്ത്ര്യം ഹനിക്കപ്പെടുംവിധം അടുത്തിടെയായി കേരളം കണ്ട നിരവധി സംഭവങ്ങളിലൊന്ന് മാത്രമാണിത്. തങ്ങളുടെ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ വംശീയമായും ജാതീയമായും അധിക്ഷേപിക്കുക, അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ തെറികള്‍ കമന്റായി ഇടുക തുടങ്ങിയവ ഇന്ന് ഒരു ജ്വരം പോലെ വ്യാപിക്കുകയാണ്. എല്ലാത്തിനും പിന്നില്‍ ഫാന്‍സ് അസോസിയേഷനുകളും. അഭിപ്രായസ്വാതന്ത്ര്യം എന്നതാണ് സോഷ്യല്‍ മീഡിയയുടെ മുദ്രാവാക്യം തന്നെ. ദേശീയമായാലും അന്തര്‍ദേശീയമായാലും, പോട്ടെ സ്വന്തം കുടുംബക്കാര്യം പോലും ഇത്തരമിടങ്ങളില്‍ രേഖപ്പെടുത്താനുള്ള വിഷയമാണ്. പേര് സോഷ്യല്‍ മീഡിയ എന്നാണെങ്കിലും വിവിധ വിഭാഗങ്ങളും മതങ്ങളും തമ്മിലുള്ള സൗഹൃദം ഇല്ലായ്മ ചെയ്യുന്ന പ്രവൃത്തികളാണ് കൂടുതലും.

ഒരു പ്രമുഖ നടനെതിരെ സിനിമാ നടി നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ ഫാന്‍സ് എന്നു പറയുന്നവര്‍ നടത്തിയ സൈബര്‍ പോരാട്ടം കേരളം കണ്ടതാണ്. അതിന്റെ പേരില്‍ പോലീസ് അന്വേഷണം നടത്തുകയും നടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ മോശം പരാമര്‍ശം നടത്തിയവരെ അറസ്റ്റു ചെയ്തതുമാണ്. ആദ്യമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും വകവെച്ചു കൊടുക്കണം. ഇനി പറയുന്ന അഭിപ്രായം വസ്തുതാപരമല്ലെങ്കില്‍ അത് ആ രീതിയില്‍ തന്നെ കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്. ആശയപരമായും വസ്തുതാപരവുമായിരിക്കണം സോഷ്യല്‍മീഡിയയിലെ ഇടപെടലുകള്‍. എന്നാല്‍ ഇന്ന് നടക്കുന്നത് അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ആ വ്യക്തിയെ മാത്രമല്ല, അവരുടെ കുടുംബത്തെ മൊത്തം മോശമായി ചിത്രീകരിക്കുന്ന അവസ്ഥയാണ്. സ്ത്രീകളാണെങ്കില്‍ അവര്‍ക്കെതിരെ ലൈംഗിക ചുവയോടെ കാര്യങ്ങളവതരിപ്പിച്ച് മാനസികമായി തളര്‍ത്താനുള്ള ശ്രമവും.

ഗ്രൂപ്പ് ഡിലീറ്റ് ചെയ്ത് പോയ അഡ്മിനിന്റെ പ്രവൃത്തിയെന്താണ് സൂചിപ്പിക്കുന്നത്. ഇത്തരം പോസ്റ്റുകള്‍ ഇടുന്നവരെ നിയന്ത്രിക്കാന്‍ വഴികളുണ്ടായിരിക്കെ അതൊന്നും ചെയ്യാതെ ഗ്രൂപ്പ് തന്നെ ഡിലീറ്റ് ചെയ്യേണ്ടിവന്ന അവസ്ഥയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ആദിവാസിയുമായി ബന്ധപ്പെട്ട വിഷയമായത് കൊണ്ടും ഈ കൊലപാതകത്തിന് സോഷ്യല്‍ മീഡിയയിലടക്കം പൊതുസമൂഹത്തില്‍നിന്നുണ്ടായ പ്രതിഷേധവുമെല്ലാം തന്നെ തങ്ങളുടെ ഗ്രൂപ്പിന് നിയമപരമായ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കരുതി സ്വയം തടിയെടുത്തതല്ലേ? നിയമപരമായ പ്രശ്‌നങ്ങളിലേക്ക് ഗ്രൂപ്പിനെ വഴിച്ചിഴക്കുന്നില്ല എന്ന കുറ്റസമ്മതവും തെളിയിക്കുന്നത് അതു തന്നെയല്ലേ? വിവിധ വിഷയങ്ങളില്‍ ഗ്രൂപ്പ് അംഗങ്ങള്‍ നടത്തിയ പോസ്റ്റുകളുടെ ഉള്ളടക്കം മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ കൂടിയല്ലേ ഈ ഡിലീറ്റിംഗ്. ഗ്രൂപ്പ് ഡിലീറ്റ് ചെയ്തതിനുശേഷവും അഡ്മിനിന്റെ അക്കൗണ്ടില്‍ ഗ്രൂപ്പ് പുനഃസ്ഥാപിക്കാനാവശ്യപ്പെടുന്നവരുടെ കമന്റുകളുടെ ഭാഷയും സാംസ്‌കാരിക കേരളത്തിന് യോജിക്കുന്നതല്ല. ഇവരൊക്കെ തന്നെയായിരിക്കുമല്ലോ ഈ ഗ്രൂപ്പിലുണ്ടായിരുന്ന ആളുകള്‍. അപ്പോള്‍ ഇതുവരെ ആ ഗ്രൂപ്പിനുണ്ടായിരുന്ന സ്വഭാവവും മറിച്ചൊന്നായിരിക്കില്ല.

ഗ്രൂപ്പിന്റെ അഡ്മിന്‍ നടത്തിയിരിക്കുന്ന വിശദീകരണത്തില്‍നിന്ന് മറ്റ് ചില കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ക്കിടയിലെ തര്‍ക്കങ്ങളും മത്സരങ്ങളും ഇത്തരം ആഭാസകരമായ നീക്കങ്ങളിലേക്ക് എത്തിക്കുന്നുവെന്ന സത്യം. പരസ്പരം പരാജയപ്പെടുത്താനുള്ള ശ്രമം ഗ്രൂപ്പിന്റെ പേരില്‍ വ്യാജ പോസ്റ്റുകളുണ്ടാക്കി പ്രചരിപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. ഒന്നരലക്ഷത്തോളം അംഗങ്ങളുണ്ടായിരുന്ന ഗ്രൂപ്പില്‍ മിക്കതും ഫേക്ക് ഐഡികളായിരുന്നു എന്നതാണ് സത്യം. എഫ് ബി നിറയെ പൊയ്മുഖങ്ങളാണെന്ന് പറഞ്ഞാല്‍ തീര്‍ത്തും തെറ്റാവില്ല. സ്വന്തം ആശയങ്ങള്‍ക്കും വാദങ്ങള്‍ക്കും അനുകൂലമായി ട്രോളുകളും പോസ്റ്റുകളും നിര്‍മിച്ച് ഗ്രൂപ്പുകളില്‍ പോസ്റ്റുക. എന്നിട്ട് അതെടുത് തങ്ങളുടെ വാദങ്ങള്‍ സ്ഥാപിക്കുക ഇങ്ങനെ പോകുന്നു വ്യാജ ഐഡികളുടെ പ്രവര്‍ത്തനം. എന്നാല്‍ ഇതിന്റെ സൃഷ്ടിപ്പിന് പിന്നില്‍ ആരാണെന്നോ അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്താണെന്നോ മനസ്സിലാക്കാതെ ഷെയര്‍ ചെയ്യപ്പെടുകയാണ്. എതിരാളിയെ മലര്‍ത്തിയടിക്കണം, ആ ലക്ഷ്യത്തിന് മുന്നില്‍ ചിന്താശേഷി നഷ്ടപ്പെടുന്നവരായി മലയാളി മാറിയിരിക്കുന്നുവോ?

ഒരാളുടെ നിറവും മതവും ജാതിയുമൊക്കെ എങ്ങനെയാണ് സാമൂഹികപ്രശ്‌നങ്ങളില്‍ അളവുകോലാകുന്നത്. നിറത്തിന്റെയും വംശത്തിന്റെയും പേരില്‍ സമൂഹത്തില്‍നിന്നും അസഭ്യവര്‍ഷങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്നാല്‍ മനുഷ്യന്‍ സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും എത്ര ഉന്നതിയില്‍ എത്തിയാലും ഈ ഒരു മനോഭാവത്തിന് മങ്ങലേല്‍ക്കുന്നില്ല എന്നു വരുന്നത് അത്ഭുതപ്പെടുത്തുന്നതാണ്. ഇത്തരം പ്രവണതകള്‍ക്കെതിരെ സോഷ്യലായി പരിഹാരം കാണേണ്ട ഇ-ഇടങ്ങള്‍ വംശീയാധിക്ഷേപങ്ങള്‍ക്ക് കരുത്തുപകരുക മാത്രമല്ല, അതിനുള്ള വേദിയായി തരംതാഴുകയുമാണ്. പണ്ടൊക്കെ ആരോടെങ്കിലുമുള്ള വിരോധം തീര്‍ക്കാന്‍ നാല്‍ക്കവലകളിലും അയാളുടെ വീട്ടുമതിലിലും പോസ്റ്റര്‍ എഴുതി ഒട്ടിച്ചവര്‍, വിവരസാങ്കേതിക വിദ്യാ കാലത്ത് എഫ് ബിയിലും ട്വിറ്ററിലും വ്യാജ ഐഡികളില്‍ വന്ന് പോസ്റ്റും കമന്റുമിട്ട് രക്ഷപ്പെടുകയാണ്. നമ്മളില്‍ പലരും മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വാട്‌സാപ്പിലൂടെ ഒരു വോയിസ് കേട്ടവരാണ്. ഊരും പേരുമില്ലാതെ മധുവിനെതിരെയുള്ള കുറ്റപത്രം. രണ്ടുകൊല്ലമായിട്ട് നിരവധി പരാതികള്‍ കൊടുത്തിട്ടും പരിഹാരമില്ലാത്തതിനാല്‍ സഹികെട്ട് നാട്ടുകാര്‍ ചെയ്തതാണെന്ന്. വിദേശങ്ങളില്‍നിന്ന് നാം കേട്ടുകൊണ്ടിരുന്ന ഇത്തരം വര്‍ണവെറികള്‍ നമ്മുടെ കൊച്ചുകേരളത്തിന്റെ സാമൂഹികപരിസരങ്ങളിലുമുണ്ടെന്നതും അതിന് സാമൂഹികമാധ്യമങ്ങള്‍ വേദിയാകുന്നുവെന്നതും ആശ്ചര്യകരമാണ്.

സിനിമയായാലും സ്‌പോര്‍ട്‌സായാലും കാണാം ഇത്തരം ‘ഫാന്‍സ് ഫൈറ്റുകള്‍’. ഈയടുത്ത് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ വിദേശതാരം മറ്റൊരു ടീമില്‍ ചേര്‍ന്നപ്പോള്‍ സംഭവിച്ചതും ഇത്തരത്തിലുള്ള ഫാന്‍സ് യുദ്ധമാണ്. തങ്ങളുടെ ടീമിനെ ഒഴിവാക്കി എന്ന ഒറ്റക്കാരണത്താല്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ തെറിയും അസഭ്യവര്‍ഷവും നടത്തി, അതും തനി നാടന്‍ മലയാളത്തില്‍. ഒരു കളിക്കാരന് ടീമിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പോലും വകവെച്ചു കൊടുക്കില്ലെന്ന അവസ്ഥ. സെലിബ്രിറ്റികളും സ്‌പോര്‍ട്‌സ് താരങ്ങളും ഇതൊക്കെ കുറേ അനുഭവിക്കുന്നവരായതിനാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയും. എന്നാല്‍ ഒരു ആദിവാസിയോ അല്ലെങ്കില്‍ കറുത്തവനോ കൊല്ലപ്പെട്ടാല്‍ പോലും ട്രോളുക എന്നത് മിതമായി പറഞ്ഞാല്‍ സംസ്‌കാരമില്ലായ്മയാണ്. എങ്ങനെ കഴിയുന്നു മനുഷ്യന് ഇത്രമാത്രം അധഃപതിക്കാന്‍?

സോഷ്യല്‍ മീഡിയയില്‍നിന്നുള്ള ഇത്തരം അസഭ്യവര്‍ഷങ്ങള്‍ പലരുടെയും ജീവന്‍ കളയുന്നതില്‍ വരെ എത്തിയിട്ടുണ്ട്. ഈയടുത്ത് നടന്ന പഠനവും അത് തെളിയിക്കുന്നു. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കൗമാരക്കാരില്‍ പലരുടെയും പോസ്റ്റുകള്‍ക്ക് അവരുടെ ജാതിയും നിറവുമെല്ലാം മുന്‍നിര്‍ത്തി കമന്റിടുന്നവരും ട്രോളുന്നവരും അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. താന്‍ സമൂഹത്തില്‍ ഇത്രമാത്രം അവമതിക്കപ്പെട്ടവനാണെന്ന ബോധം വളര്‍ത്താന്‍ ഇത്തരം കമന്റുകള്‍ വഴിമരുന്നിടുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. എലിയെ പേടിച്ച് ഇല്ലം ചുടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇത്തരം ഫഌറ്റ്‌ഫോമുകളെ അനുകൂലിക്കുന്നതിനൊപ്പം തന്നെ ‘സ്വാതന്ത്ര്യം’ എന്നത് എല്ലാവര്‍ക്കുമുള്ളതാണെന്നും അന്യന്റെ ‘ചുമരില്‍’ കയറി തോന്നിവാസം കാട്ടാനുള്ളതല്ലെന്നും എല്ലാവരും മനസ്സിലാക്കുന്നത് നന്ന്.