Connect with us

Gulf

ഷാര്‍ജ പിങ്ക് കാരവന്‍ റൈഡിന് ബുധനാഴ്ച തുടക്കം

Published

|

Last Updated

ഷാര്‍ജ: സ്തനാര്‍ബുദത്തിനെതിരെ യു എ ഇയിലെ ഏറ്റവും വലിയ ബോധവത്കരണ പരിപാടി പിങ്ക് കാരവന്‍ റൈഡ് ബുധനാഴ്ച ആരംഭിക്കും. 2011ല്‍, യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പത്‌നിയും ഇന്റര്‍നാഷണല്‍ ക്യാന്‍സര്‍ കണ്‍ട്രോള്‍ യൂണിയന്റെ അന്താരാഷ്ട്ര അംബാസഡറുമായ ശൈഖ ജവഹര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദ്ദേശാനുസരണം ഫ്രണ്ട്‌സ് ഓഫ് ക്യാന്‍സര്‍ പേഷ്യന്റ്‌സ് (എഫ് ഒ സി പി) ആരംഭിച്ചതാണ് ബോധവത്കരണ പരിപാടികള്‍.

സ്തനാര്‍ബുദം മുന്‍കൂട്ടിയുള്ള പരിശോധനകളിലൂടെ കണ്ടെത്തി അവയെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ബോധവല്‍ക്കരണ പരിപാടികള്‍. 98 ശതമാനം സ്തനാര്‍ബുദങ്ങളും മുന്‍കൂട്ടി പരിശോധിച്ച് കണ്ടെത്തി കൃത്യമായ ചികിത്സ ഒരുക്കുന്നതിലൂടെ ഭേദമാകുമെന്നാണ് ബോധവത്കരണ പരിപാടികളിലൂടെ നല്‍കുന്ന ആശയം.

യു എ ഇയിലെ ജനങ്ങളുടെ ഉന്നതമായ ജീവിത രീതി ലക്ഷ്യം വെച്ചുള്ള പിങ്ക് കാരവന്‍ ഷാര്‍ജ എമിറേറ്റ്‌സ് രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യത്തിന്റെ മികച്ച ഉദാഹരണമാണ്. രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതമായ ആരോഗ്യ മേഖലക്ക് സവിശേഷ പ്രാധാന്യം നല്‍കുന്നുണ്ടെന്നും പിങ്ക് കാരവന്‍ ഹയര്‍ സ്റ്റിയറിംഗ് കമ്മറ്റി മേധാവി റീം ബിന്‍ കറം പറഞ്ഞു.

റൈഡിന്റെ ഭാഗമായുള്ള കുതിര സവാരി യാത്രികര്‍ രാജ്യത്തെ വിവിധ ജനവിഭാഗങ്ങളോട് പ്രതിരോധ നടപടികളെ കുറിച്ചു സംവദിക്കും. അര്‍ബുദ ബാധിതരായവര്‍ക്ക് ജീവിതം കൂടുതല്‍ കരുത്താര്‍പ്പിക്കാന്‍ ഉതകുന്ന വിധത്തിലുള്ളതാകും ബോധവത്കരണ പരിപാടികള്‍. യു എ ഇയുടെ വിവിധയിടങ്ങളില്‍ റൈഡിന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ പരിശോധനകളും ഏര്‍പെടുത്തിയിട്ടുണ്ട്.
വിവിധ ദേശക്കാരും ഭാഷക്കാരുമായ സ്ത്രീ-പുരുഷന്മാര്‍ക്ക് എല്ലാ എമിറേറ്റിലും സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. സ്തനാര്‍ബുദ ചികിത്സക്കായി ധനസമാഹരണത്തിന് വിവിധ പദ്ധതികള്‍ പരിപാടികളോടനുബന്ധിച്ച് ഏര്‍പെടുത്തിയിട്ടുണ്ട്. മുന്‍കൂട്ടിയുള്ള സ്തനാര്‍ബുദ നിര്‍ണയ പരിശോധനകള്‍ക്ക് ആയിരം ദിര്‍ഹം വരെയാണ് ചിലവ് വരുന്നത്. റൈഡിന്റെ ഭാഗമായി സൗജന്യമായാണ് ഇത്തരം പരിശോധനകള്‍ നടത്തുക. രാജ്യത്തെ എല്ലാ താമസക്കാര്‍ക്കും ഇതിന്റെ ഗുണഫലം ലഭിക്കും.
1.5 കോടി ചിലവില്‍ സ്ഥിര സ്വഭാവമുള്ള മൊബൈല്‍ മാമ്മോഗ്രാഫി ക്ലിനിക് സംവിധാനം ഇതിന്റെ ഭാഗമായി ആവിഷ്‌കരിച്ചിട്ടുണ്ട്.

ഈ മാസം 28ന് ആരംഭിക്കുന്ന റൈഡ് മാര്‍ച്ച് ആറ് വരെ വിവിധ എമിറേറ്റുകളിലൂടെ കടന്ന് പോകും. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ സ്മരണാര്‍ഥം യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ച സായിദ് വര്‍ഷാചരണ പരിപാടികളുടെ ഭാഗമായാണ് ഈ വര്‍ഷം പിങ്ക് കാരവന്‍ റൈഡ് സംഘടിപ്പിക്കുന്നത്.

ബുധനാഴ്ച്ച രാവിലെ 10ന് ഷാര്‍ജ ഇക്വസ്ട്രെയിന്‍ ആന്‍ഡ് റൈസിംഗ് ക്ലബ്ബില്‍ നിന്ന് പ്രയാണം ആരംഭിക്കുന്ന റൈഡ് അവസാന ദിവസമായ മാര്‍ച് ആറിന് അബുദാബി കോര്‍ണിഷില്‍ നിന്ന് രാവിലെ പത്തിന് പുനഃപ്രയാണമാരംഭിച്ചു ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിന് സമീപത്ത് ഒരുക്കിയിട്ടുള്ള മെഡിക്കല്‍ പരിശോധനാ കേന്ദ്രത്തില്‍ വൈകീട്ട് 4.30ന് സമാപിക്കും.

 

Latest