സഫീര്‍ വധം: ഗൂഢാലോചന നടത്തിയവരേയും പിടികൂടണമെന്ന് പിതാവ്

Posted on: February 26, 2018 11:21 am | Last updated: February 26, 2018 at 12:50 pm

പാലക്കാട്: മണ്ണാര്‍ക്കാട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ സഫീറിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയവരെ പിടികൂടണമെന്ന് പിതാവ് സിറാജുദ്ദീന്‍. കൊലപ്പെടുത്തിയവരെ മാത്രമല്ല നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതെന്നും സിറാജുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ മണ്ണാര്‍ക്കാട് പോലീസ് പിടികൂടിയിരുന്നു. കുന്തിപ്പുഴ നമ്പിയന്‍ കുന്ന് സ്വദേശികളായ ഇവര്‍ സിപിഐ അനുഭാവികളാണ്. രാഷ്ട്രീയ കൊലപാതകമല്ല നടന്നതെന്നും വ്യക്തിവൈരാഗ്യമാണ് കൊലക്ക് കാരണമെന്നും പോലീസ് പറയുന്നു. അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍ മുസ്‌ലിം ലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

ഇന്നലെ രാത്രി 9.30ഓടെയാണ് മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ വറോടന്‍ വീട്ടില്‍ സിറാജുദ്ദീന്റെ മകന്‍ സഫീറിനെ കുത്തിക്കൊന്നത്. കോടതിപ്പടിയിലുള്ള സ്വന്തം തുണിക്കടയില്‍ നില്‍ക്കുന്നതിനിടെ ഒരു സംഘം ആളുകള്‍ വന്ന് കുത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.